പുത്തൻ ഇ.വിയുമായി കൈനറ്റിക്; പേര് സുലു, വില 95,000 രൂപ
text_fieldsഇന്ത്യക്കാരുടെ ഗിയർലെസ്സ് സ്വപ്നങ്ങൾക്ക് ആദ്യം ചിറകുനൽകിയ ബ്രാൻഡാണ് കൈനറ്റിക്. 1990-കളിൽ ഹോണ്ടയുമായുള്ള സഖ്യത്തോടെയാണ് കൈനറ്റിക് ബ്രാൻഡ് ഏറെ പ്രശസ്തമാവുന്നത്. ഒരുകാലത്ത് ഗിയർലെസ്സ് സ്കൂട്ടറുകളെയെല്ലാം നാം കൈനറ്റിക് ഹോണ്ട എന്നാണ് വിളിച്ചിരുന്നത്. പലതരം ഐക്കോണിക് ഇരുചക്ര വാഹനങ്ങൾ നമ്മുടെ രാജ്യത്തിന് സമ്മാനിച്ചവരാണ് കൈനറ്റിക്. ലൂണ മോപ്പഡ് പോലുള്ളവ ഇതിന് ഉദാഹരണമാണ്. പിന്നീട് ഇവർ വേർപിരിഞ്ഞാണ് ഹോണ്ട രൂപമെടുത്തത്.
ഇപ്പോൾ ഇലക്ട്രിക് സ്‌കൂട്ടറുമായി വിപണിയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കമ്പനി. പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈനറ്റിക് ഗ്രീൻ പുതിയ സുലു ഇലക്ട്രിക് സ്കൂട്ടറാണ് ഇന്ത്യക്കായി അവതരിപ്പിച്ചിരിക്കുന്നത്. 95,000 രൂപ എക്സ്ഷോറൂം വിലയിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്.
ലക്ഷം രൂപയിൽ താഴെ വിലയുളള ദൈനംദിന ആവശ്യങ്ങൾക്കായി ഉതകുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ തേടുന്നവർക്കുള്ള ഉത്തരമാണ് കൈനറ്റിക് സുലു. 2.8 bhp പവർ നൽകുന്ന ഹബ് ഇലക്ട്രിക് മോട്ടോറുമായി ഘടിപ്പിച്ച 2.27 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഈ പുത്തൻ മോഡലിൽ കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. 15-amp സോക്കറ്റിൽ പ്ലഗ് ചെയ്യാനാവുന്ന സാധാരണ ചാർജർ ഉപയോഗിച്ച് വെറും അരമണിക്കൂറിനുള്ളിൽ ബാറ്ററിക്ക് 80 ശതമാനം വരെ റീചാർജ് ചെയ്യാൻ കഴിയും.ഒറ്റ ചാർജിൽ 104 കിലോമീറ്റർ ഓടാൻ സുലു ഇലക്ട്രിക് സ്‌കൂട്ടറിന് കഴിയുമെന്നാണ് ഇവി നിർമാതാവ് അവകാശപ്പെടുന്നത്.
മണിക്കൂറിൽ പരമാവധി 60 കിലോമീറ്റർ വരെ വേഗത പുറത്തെടുക്കാനാവും. 1,830 മില്ലീമീറ്റർ നീളവും 715 മില്ലീമീറ്റർ വീതിയും 1,135 മില്ലീമീറ്റർ ഉയരവും 1,360 മില്ലീമീറ്റർ വീൽബേസും 160 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട് സ്കൂട്ടറിന്. ഭാരം 93 കിലോ ഗ്രാമാണ്. സ്ത്രീകൾക്കും പ്രായമായവർക്കും വരെ എളുപ്പത്തിൽ കൊണ്ടുനടക്കാനാവുമെന്നതും പ്രത്യേകതയാണ്. വാഹനത്തിന് 150 കിലോഗ്രാം വരെ ഭാരം വഹിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.