വില 23.10 ലക്ഷം; സൗബിന്റെ പുതിയ ബി.എം.ഡബ്ല്യു ബൈക്കിന്റെ വിശേഷങ്ങളറിയാം
text_fieldsബിഎംഡബ്ല്യു മോട്ടറാഡിന്റെ അഡ്വഞ്ചർ ബൈക്ക് സ്വന്തമാക്കി നടൻ സൗബിൻ ഷാഹിർ. ഏകദേശം 23.10 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്ല്യു ആർ 1250 ജിഎസ്എ ട്രോഫി എഡിഷനാണ് സൗബിൻ ഗരാജിലെത്തിച്ചത്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പ്രശസ്ത അഡ്വഞ്ചർ ബൈക്കുകളിലൊന്നായ ആർ 1250 ജിഎസിന്റെ പ്രത്യേക പതിപ്പാണ് ട്രോഫി എഡിഷൻ. നേരത്തെ മഞ്ജു വാരിയരും ബിഎംഡബ്ല്യു ആർ 1250 ജിഎസ് വാങ്ങിയിരുന്നു.
പ്രീമിയം അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളാണ് ബിഎംഡബ്ല്യു ആർ 1250 ജിഎസ്എ. സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് കീലെസ് ഇഗ്നിഷൻ, ടയർ-പ്രഷർ മോണിറ്ററിങ് സിസ്റ്റം, വലിയ വിൻഡ്‌സ്‌ക്രീൻ, റേഡിയേറ്റർ പ്രൊട്ടക്ടർ എന്നീ അധിക സവിശേഷതകളുമായാണ് ബൈക്ക് വരുന്നത്. അതോടൊപ്പം സാധാരണ വേരിയന്റുകളിൽ നിന്നും വ്യത്യസ്‌തമാവാനായി പ്രത്യേക ഗ്രാഫിക്‌സും ബൈക്കിൽ നൽകിയിട്ടുണ്ട്. ഗ്രാവിറ്റി ബ്ലൂ മെറ്റാലിക് നിറത്തിലാണ് ബൈക്ക് വരുന്നത്.
ഈ ഫ്ലാഗ്ഷിപ്പ് അഡ്വഞ്ചർ മോട്ടോർസൈക്കിളിന് 1254 സിസി ട്വിൻ സിലിണ്ടർ ബോക്സർ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 136 എച്ച്പി കരുത്തും 143 എൻഎം ടോർക്കുമുണ്ട്. ഈ മോട്ടോർ ആറ് സ്പീഡ് ഗിയർബോക്സുമായാണ് കമ്പനി ജോടിയാക്കിയിരിക്കുന്നത്.
6.5 ഇഞ്ച് ടി.എഫ്.ടി കളർ ഡിസ്‌പ്ലേ, എൽഇഡി ലൈറ്റുകൾ, എബിഎസ് പ്രോ, ട്രാക്ഷൻ കൺട്രോൾ, മൂന്ന് റൈഡിങ് മോഡുകൾ: ഇക്കോ, റെയിൻ, സ്‌പോർട്ട് എന്നിങ്ങനെ എല്ലാത്തരം ഫാൻസി ഫീച്ചറുകളും കോർത്തിണക്കിയാണ് ബൈക്ക് വരുന്നത്. ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, യുഎസ്ബി ചാർജിങ് സോക്കറ്റ് തുടങ്ങിയ അധിക സവിശേഷതകളും പ്രീമിയം ബൈക്കിന്റെ ഭാഗമാണ്.
ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ (DCT), സെറ്റ്-ഓഫ് അസിസ്റ്റന്റ് ഹിൽ സ്റ്റാർട്ട് കൺട്രോൾ പ്രോ (HSC പ്രോ), ബിഎംഡബ്ല്യു ഇന്റഗ്രൽ എബിഎസ് പ്രോ എന്നിവയും മോഡലിന് സ്റ്റാൻഡേർഡായി ലഭിക്കും. ഡുക്കാട്ടി മൾട്ടിസ്‌ട്രാഡ V4, ട്രയംഫ് ടൈഗർ 1200, ഹാർലി ഡേവിഡ്‌സൺ പാൻ അമേരിക്ക 1250 എന്നിവയുമായാണ് ബൈക്ക് വിപണിയിൽ മാറ്റുരയ്ക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.