കോമാകി ഇ.വി കേരളത്തിലും; 125 കിലോമീറ്റർ റേഞ്ച്, സ്കൂട്ടറും ബൈക്കും വിൽപ്പനക്ക്
text_fieldsഡൽഹി ആസ്ഥാനമായുള്ള വൈദ്യുത ഇരുചക്ര വാഹന നിർമാതാക്കളായ കൊമാകി നാല് പുതിയ ഡീലർഷിപ്പുകളുമായി കേരളത്തിലേക്ക്. കൊല്ലത്ത് ആരംഭിച്ച ആദ്യ ഷോറൂം മേയർ പ്രസന്ന ഏണസ്റ്റും എംപിമാരും എംഎൽഎമാരും ചേർന്ന് ഉദ്ഘാടനം ചെയ്തു. 1,800-2,400 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വിശാലമായ ഷോറൂമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൊമാകി ശ്രേണിയിലുള്ള ഇലക്ട്രിക് വാഹനങ്ങളെല്ലാം ഷോറൂമിൽ വിൽപ്പനക്ക് എത്തും. സ്കൂട്ടറുകൾ, ബൈക്കുകൾ, ഇ റിക്ഷ തുടങ്ങി വിപുലമായ വാഹനനിരയാണ് കോമാക്കിക്കുള്ളത്.
കൊമാകി ടിഎൻ 95, കൊമാകി എസ്ഇ, കൊമാക്കി എം 5 എന്നിവയാണ് പ്രധാന വാഹനങ്ങൾ. അടുത്തിടെ അവതരിപ്പിച്ച എക്സ്ജിടി ക്യാറ്റ് 2.0 വാണിജ്യ ഇലക്ട്രിക് ബൈക്കും പ്രധാന ഉത്പന്നമാണ്. രണ്ട് വേരിയന്‍റുകളാണ് ഈ ഇലക്ട്രിക് ബൈക്ക് വാഗ്ദാനം ചെയ്യുന്നത്. ജെൽ അധിഷ്ഠിത ബാറ്ററി ടെക്കിന് 75,000 രൂപയും ലിഥിയം-അയൺ പതിപ്പിന് 85,000 രൂപയുമാണ് വില. 300-350 കിലോഗ്രാം പേലോഡ് ശേഷിയുണ്ട്. സിംഗിൾ ചാർജിൽ 125 കിലോമീറ്റർ ദൂരം സഞ്ചരിക്കും. എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, മുൻവശത്ത് കാരിയർ, വശങ്ങളിലും പിൻഭാഗത്തും ധാരാളം സംഭരണ ഇടങ്ങൾ തുടങ്ങിയവ സവിശേഷതകളാണ്.
പിന്നിൽ ആറ് ഷോക്ക് അബ്സോർബറുകൾ, മുൻവശത്തെ ടെലിസ്‌കോപ്പിക് യൂനിറ്റുകൾ, രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകൾ എന്നിവ ഉപയോഗിച്ചിട്ടുണ്ട്. 12 ഇഞ്ച് അലോയ് വീലുകളാണ്. 72 വി 42 ജെൽ ബാറ്ററിയും 72 വി 30 ലിഥിയം അയൺ ബാറ്ററിയും ഉൾപ്പെടുന്ന രണ്ട് ബാറ്ററി ഓപ്ഷനുകളാണ് കൊമാകി എക്സ്ജിടി ക്യാറ്റ് 2.0 നുള്ളത്. 125 കിലോമീറ്റർ റേഞ്ച് ലഭിക്കും. മണിക്കൂറിൽ 25-30 കിലോമീറ്റർ മാത്രമാണ് വേഗത.
സ്കൂട്ടറുകളും മോട്ടോർ സൈക്കിളും
ടിഎൻ 95, എസ്ഇ സ്കൂട്ടറുകൾ, എം 5 മോട്ടോർസൈക്കിൾ എന്നിവയും കൊമാകി വിൽക്കുന്നുണ്ട്. ടിഎൻ 95, എസ്ഇ എന്നിവയുടെ വില യഥാക്രമം 98,000 രൂപയും 96,000 രൂപയുമാണ്. എം 5 ഇലക്ട്രിക് മോട്ടോർസൈക്കിളിന് 99,000 രൂപയാണ് വില. ഗാർനെറ്റ് റെഡ്, ഡീപ് ബ്ലൂ, മെറ്റാലിക് ഗോൾഡ്, ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭിക്കുന്ന ടിഎൻ 95 ഇലക്ട്രിക് സ്‌കൂട്ടറിന് 3,000 ബിഎൽഡിസി മോട്ടോറും ലിഥിയം അയൺ ബാറ്ററിയുണ്ട്. ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, എൽഇഡി ലാമ്പുകൾ, യുഎസ്ബി മൊബൈൽ ചാർജർ, ആന്‍റി തെഫ്റ്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന വാഹനത്തിന്‍റെ റേഞ്ച് 100-140 കിലോമീറ്ററാണ്. മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയും വാഗ്ദാനം ചെയ്യുന്നു.
സോളിഡ് ബ്ലൂ, മെറ്റാലിക് ഗോൾഡ്, ജെറ്റ് ബ്ലാക്ക്, ഗാർനെറ്റ് റെഡ് എന്നീ നാല് നിറങ്ങളിൽ കോമാകി എസ്ഇ സ്കൂട്ടർ ലഭിക്കും. സിംഗിൾ ചാർജിൽ 100-120 കിലോമീറ്റർ ദൂരം സഞ്ചരിക്കും. ഫുൾ കളർ ഡിസ്പ്ലേ, സെൽഫ് ഡയഗ്നോസിസ് സ്വിച്ച്, റിവേഴ്സ് പാർക്കിങ് അസിസ്റ്റ്, ക്രൂസ് കൺട്രോൾ എന്നിവയുമുണ്ട്. എം 5 മോട്ടോർസൈക്കിൾ അവരുടെ ആദ്യത്തെ അതിവേഗ ഇലക്ട്രിക് ബൈക്കാണ്. ലിഥിയം അയൺ ബാറ്ററിയാണിതിൽ. സിംഗിൾ ചാർജിൽ 100-120 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണി അവകാശപ്പെടുന്നു. സിൽവർ, ഗോൾഡ് കളർ ഓപ്ഷനുകളിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. കൊമാകി നിരയിലെ ഓരോ വാഹനവും ഗുണനിലവാരത്തിന്‍റെ അടിസ്ഥാനത്തിൽ നിരവധി പരിശോധനകൾക്ക് വിധേയമാണെന്ന് കമ്പനി അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.