![ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള ഇ.വി ക്രൂസർ; കോമാകി റേഞ്ചർ നിരത്തിലേക്ക് ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള ഇ.വി ക്രൂസർ; കോമാകി റേഞ്ചർ നിരത്തിലേക്ക്](https://www.madhyamam.com/h-upload/2022/01/14/1373272-komaki.webp)
ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള ഇ.വി ക്രൂസർ; കോമാകി റേഞ്ചർ നിരത്തിലേക്ക്
text_fieldsഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ കോമാകിയിൽ നിന്നൊരു ക്രൂസർ മോഡൽകൂടി വിപണിയിൽ. രാജ്യത്തെ ഏറ്റവും മൈലേജുള്ള ഇ.വി ക്രൂസർ എന്ന അവകാശവാദത്തോടെയാണ് റേഞ്ചർ എന്ന മോഡൽ വിപണിയിൽ എത്തുന്നത്. സാധാരണ ക്രൂസർ ഡിസൈനാണ് ഇ.വിയുടേത്. ഒറ്റനോട്ടത്തിൽ ബജാജ് അവഞ്ചറിന്റെ പരിഷ്കരിച്ച പതിപ്പുപോലെ കാണപ്പെടുന്ന മോഡലാണിത്. തിളങ്ങുന്ന ക്രോം റെട്രോ-തീമാണ് ഉരുണ്ട നിറത്തിലുള്ള എൽ.ഇ.ഡി ഹെഡ്‌ലാമ്പിന് ലഭിക്കുന്നത്. ഇരട്ട ക്രോം അലങ്കരിച്ച വൃത്താകൃതിയിലുള്ള ഓക്സിലറി ലാമ്പുകൾ ഇതിനോടൊപ്പമുണ്ട്.
ഹെഡ്‌ലാമ്പിന് അടുത്തായി റെട്രോ തീം സൈഡ് ഇൻഡിക്കേറ്ററുകളും നൽകിയിരിക്കുന്നു. റൈഡർ സീറ്റ് താഴ്ന്നാണിരിക്കുന്നത്. പിൻസീറ്റും സുഖപ്രദമായ അനുഭവം ഉറപ്പുനൽകും. ദീർഘദൂര റൈഡിങ് ശേഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മോട്ടോർസൈക്കിൾ വികസിപ്പിച്ചതെന്ന് കോമാകി പറയുന്നു. സൈഡ് ഇൻഡിക്കേറ്ററുകളുള്ള വൃത്താകൃതിയിലുള്ള ടെയിൽലൈറ്റാണ് മെറ്റാരു പ്രത്യേകത. ലെഗ് ഗാർഡുകൾ, ഫോക്സ് എക്‌സ്‌ഹോസ്റ്റ്, ബ്ലാക്ക് അലോയ് വീലുകൾ തുടങ്ങിയവയാണ് മറ്റ് ഡിസൈൻ ഘടകങ്ങൾ.
ഒറ്റ ചാർജിൽ 250 കിലോമീറ്റർ റേഞ്ച്
റേഞ്ചർ ഇലക്ട്രിക് ക്രൂയിസർ, 5,000 വാട്ട് മോട്ടോറുമായി ഇണക്കിച്ചേർത്ത നാല് കിലോവാട്ട് ബാറ്ററി പാക്കുമായാണ് വരുന്നത്. ഒറ്റ ചാർജിൽ 250 കിലോമീറ്റർ സഞ്ചരിക്കാൻ റേഞ്ചറിന് കഴിയുമെന്നും ഇവി കമ്പനി അവകാശപ്പെടുന്നു. ഇത് ഇന്ത്യയിലെ ഏറ്റവും റേഞ്ചുള്ള ഇലക്ട്രിക് ഇരുചക്രവാഹനമായി കൊമാകി റേഞ്ചിനെ മാറ്റുന്നു. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളെയും വ്യത്യസ്ത കാലാവസ്ഥയെയും നേരിടാൻ ഈ ക്രൂയിസർ ബൈക്കിന് കഴിയുമെന്നും കോമാകി അവകാശപ്പെട്ടു.
ഇന്ത്യൻ വൈദ്യുത ഇരുചക്ര വാഹന വിപണിയിൽ നിലവിൽ സ്‌കൂട്ടറുകളാണ് ഭരിക്കുന്നത്. അതിൽ ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ടുതന്നെ ദീർഘദൂര യാത്രികർ പുതിയ റേഞ്ചർ മോഡലിലേക്ക് ആകർഷിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്രൂസർ ബൈക്കിെൻറ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.