ഹുറാകാൻ ടെക്നിക അവതരിപ്പിച്ച് ലംബോർഗിനി; വില 4.99 കോടി രൂപ
text_fieldsലംബോർഗിനി ഹുറാകാൻ ടെക്നിക്ക സൂപ്പർ കാർ ഇന്ത്യയിൽ അവതരിപ്പിച്ചു. ഹുറാകാൻ കുടുംബത്തിലെ ഏറ്റവും ഡ്രൈവർ കേന്ദ്രീകൃത കാറാണ് ടെക്നികയെന്നാണ് ലംബോർഗിനി അവകാശപ്പെടുന്നത്. ഹുറാകാൻ എസ്ടിഒ, ഹുറാകാൻ ഇവോ എന്നിവയുടെ ഇടയിലാണ് ടെക്നികയുടെ സ്ഥാനം. ഹുറാകാൻ എസ്ടിഒ ട്രാക് ബേസ്ഡ് കാറാണെങ്കിൽ ഇവോ റോഡ് കാറാണ്. ടെക്നികയാകട്ടെ റോഡിലും റേസ് ട്രാക്കിലും ഒരുപോലെ മിന്നും പ്രകടനം കാഴ്ച്ചവയ്ക്കും. 4.04 കോടി രൂപ (എക്‌സ്-ഷോറൂം, ഇന്ത്യ) ആണ് ടെക്നികക്ക് വിലയിട്ടിരിക്കുന്നത്.
ലംബോർഗിനിയുടെ തന്നെ സിയാൻ ഹൈബ്രിഡ് ഹൈപ്പർകാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള സ്റ്റൈലിങാണ് വാഹനത്തിന്. 2022 ഏപ്രിലിൽ ആഗോളതലത്തിൽ അനാച്ഛാദനം ചെയ്‌ത ഹുറാകാൻ ടെക്‌നിക, സിയാൻ ഹൈബ്രിഡ് ഹൈപ്പർകാറിൽ നിന്നുള്ള ഡിസൈൻ സൂചകങ്ങൾ അവതരിപ്പിക്കുന്നു.
മുന്നിലും പിന്നിലും സിയാൻ-പ്രചോദിത ആംഗുലാർ ബോഡി വർകാണ് നൽകിയിരിക്കുന്നത്. ഈ സൂപ്പർകാറിന് കാർബൺ-ഫൈബർ ബോണറ്റാണുള്ളത്. സ്റ്റാൻഡേർഡ് ഹുറാകാൻ ഇവോയെ അപേക്ഷിച്ച് വലുപ്പമുള്ള പിൻ ഡിഫ്യൂസർ, 35 ശതമാനം കൂടുതൽ ഡൗൺഫോഴ്‌സ് വാഗ്ദാനം ചെയ്യുന്ന ഫിക്സഡ് റിയർ സ്‌പോയിലർ എന്നിവയും നൽകിയിട്ടുണ്ട്. ഹുറാകാൻ എസ്.ടി.ഒയിലെ വൈൽഡ് എയറോഡൈനാമിക്‌സ് പാക്കേജ് ടെക്നികയിൽ ഒഴിവാക്കിയിട്ടുണ്ട്.
640 എച്ച്.പി, 5.2-ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് V10 എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വഴി പിൻ ചക്രങ്ങളിലേക്ക് പവർ അയയ്‌ക്കും. പിൻ-വീൽ സ്റ്റിയറിങ്ങും കാർബൺ സെറാമിക് ബ്രേക്കുകളും സ്റ്റാൻഡേർഡായി ലംബോർഗിനി ഹുറാകാൻ ടെക്നികയിൽ സജ്ജീകരിച്ചിട്ടുണ്ട്. 325kph ആണ് ഉയർന്ന വേഗത. 3.2 സെക്കൻഡിൽ 0-100kph വരെയും 9.1 സെക്കൻഡിൽ 200kph വരെയും വേഗമാർജിക്കാനും വാഹനത്തിനാകും. ഇന്ത്യയിൽ മക്‌ലാരൻ 720S, ഫെരാരി F8 ട്രിബ്യൂട്ടോ, പുതിയ പോർഷെ 911 GT3 RS എന്നിവരാണ് ഹുറാകാൻ ടെക്നികയുടെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.