'ലംബോർഗിനി' മെയ്ഡ് ഇൻ ഇടുക്കി
text_fieldsതൊടുപുഴ: നടൻ പൃഥ്വിരാജിെൻറ ലംബോർഗിനിയെക്കുറിച്ചുള്ള വിശേഷങ്ങൾ കേട്ടപ്പോൾ തുടങ്ങിയതാണ് ഇടുക്കി സേനാപതി കേളംകുഴയ്ക്കൽ അനസിന് സ്വന്തം വീട്ടുമുറ്റത്ത് ഇതുപോലൊരു കാർ ഉണ്ടായിരുന്നെങ്കിൽ എന്ന മോഹം. സ്വപ്നം കാണാൻ കഴിയാത്ത വിലയാണെന്നത് കൊണ്ട് തന്നെ ഇതുപോലൊന്ന് നിർമിച്ചാലെന്താ എന്നായി ചിന്ത.
അമ്മയോട് കാര്യം പറഞ്ഞപ്പോൾ കയറിക്കിടക്കാൻ വീടാണോ കാറാണോ വേണ്ടതെന്നായിരുന്നു മറുചോദ്യം. ഒടുവിൽ തെൻറ ആഗ്രഹം ഒന്നര വർഷത്തിന് ശേഷം അനസ് പൂർത്തീകരിച്ചു.
വീട്ടുമുറ്റത്ത് ഇപ്പോൾ സ്വന്തമായി ഈ ചെറുപ്പക്കാരന് 'ലംബോർഗിനി' ഉണ്ട്. ഒറ്റ നോട്ടത്തിൽ ലംബോർഗിനി എന്ന് തോന്നിക്കുന്ന ഈ കാറിെൻറ മാതൃക സമൂഹ മാധ്യമങ്ങളിലിപ്പോൾ വൈറലാണ്.
ചെറുപ്പം മുതലേ വാഹനങ്ങളോട് അഭിനിവേശമുള്ള അനസ് 2019ൽ പാലക്കാടുനിന്ന് എം.ബി.എ പൂർത്തിയാക്കി മംഗലാപുരത്ത് ഒരു കമ്പനിയിൽ ജോലിക്ക് കയറിയെങ്കിലും വാഹനം നിർമിക്കണമെന്ന ആഗ്രഹം മനസ്സിനെ വല്ലാതെ അലട്ടി. ഒടുവിൽ തെൻറ സ്വപ്ന സാക്ഷാത്കാരത്തിനായി ഒരു മാസത്തിനകം അവിടെ നിന്നിറങ്ങി. ആലുവയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിൽ എത്തി മാനേജരോട് അനുമതി ചോദിച്ച് ലംബോർഗിനി കണ്ടു.
തിരികെ ഇടുക്കിയിലേക്ക് വണ്ടി കയറുേമ്പാൾ ഇതുപോലൊരു കാറുണ്ടാക്കുമെന്ന് ഉറപ്പിച്ചിരുന്നു. ഏറെ ദിവസത്തെ ചർച്ചകൾക്കുശേഷം മകെൻറ അടങ്ങാത്ത ആഗ്രഹത്തിന് മുന്നിൽ അമ്മ മേഴ്സിയും വഴങ്ങി. അമ്മ നൽകിയ എഴുപതിനായിരവും കേറ്ററിങ്ങിനും പന്തൽ പണിക്കുമൊക്കെ പോയി ലഭിച്ച തുകയും ഉപയോഗിച്ച് അനസ് 'ലംബോർഗിനി'യുടെ പണി തുടങ്ങി.
ഒന്നര വർഷമെടുത്തു കാറിെൻറ പണി പൂർത്തിയാക്കാൻ. ഒറ്റ നോട്ടത്തിൽ ലംബോർഗിനി തന്നെയെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് നിർമാണം. 110 സി.സി ബൈക്കിെൻറ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്.
പഴയ പ്ലാസ്റ്റിക് വസ്തുക്കളും ഫ്ലെക്സും വരെ നിർമാണത്തിനായി ഉപയോഗിച്ചു. ഡിസ്ക് ബ്രേക്ക്, പവർ വിൻഡോ, സൺ റൂഫ്, മുന്നിലും പിന്നിലും കാമറകൾ തുടങ്ങി ഒരു ആഡംബര വാഹനത്തിലെ സൗകര്യങ്ങളെല്ലാം അനസിെൻറ കാറിലുണ്ട്. ഇപ്പോൾ രണ്ട് ലക്ഷത്തോളം രൂപ െചലവായി.
നിരത്തിലിറക്കാൻ കഴിയില്ലെങ്കിലും വീടിന് ചുറ്റിനുമാണ് അനസിെൻറ 'ലംേബാർഗിനി'യുടെ കറക്കം. വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ ലംബോർഗിനിയുടെ ബംഗളൂരുവിലെ ഓഫിസിൽനിന്ന് വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തതായി അനസ് പറഞ്ഞു.
ഒട്ടേറെ വാഹന നിർമാതാക്കളും സ്റ്റാർട്ടപ് കമ്പനിക്കാരുമൊക്കെ അഭിനന്ദനങ്ങളുമായി വിളിക്കുന്നുണ്ട്. എന്തായാലും തെൻറ ഒപ്പം നിന്ന അമ്മയുടെ വീടെന്ന ആഗ്രഹം പൂർത്തീകരിക്കുന്നതിന് ഒരു നല്ല ജോലിക്കായി കാത്തിരിക്കുകയാണ് അനസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.