ലംബോർഗിനി ഉറുസ് ഇനി 'പവിഴ പേടകം' പതിപ്പിലും; നിരത്തുകൾ വെട്ടിത്തിളങ്ങും
text_fieldsഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ലംബോർഗിനി മോഡലുകളിലൊന്നാണ് ഉറുസ്. എവരിഡേ ലാംബോ എന്നറിയെപ്പടുന്ന ഉറുസിന്‍റെ നൂറ് യൂനിറ്റുകൾ ഇന്ത്യയിൽ വിറ്റഴിച്ചതായി അടുത്തിടെയാണ് കമ്പനി പ്രഖ്യാപിച്ചത്. ആഴ്ചയിൽ ഒരു ഉറുസ് എന്ന നിരക്കിൽ വാഹനം വിൽക്കുന്നു എന്നതാണ് പ്രത്യേകത. ഉറുസ് വാങ്ങുന്നവരിലധികവും ആദ്യമായാണ് ഒരു ലംബോർഗി ഉപയോഗിക്കുന്നത് എന്നതും ഇന്ത്യയിലെ ഭൂരിഭാഗം ഉറുസ് ഉടമകളും തിരെഞ്ഞടുക്കുന്നത് സ്‌പോർട്ടി നിറങ്ങളാണെന്നതും എടുത്തുപറയേണ്ടതാണ്. വെള്ള, ചാരനിറത്തിലുള്ള ഷേഡുകൾ രാജ്യത്ത് അത്ര പ്രിയങ്കരമല്ലെന്നർഥം. മഞ്ഞയാണ് ഉറുസുകളിൽ ഏറ്റവും ജനപ്രിയമായ നിറം. ഈ സാധ്യത മുതലാക്കാനായി ഉറുസിന് പുതിയൊരു പതിപ്പുകൂടി പുറത്തിറക്കുകയാണ് ലംബോർഗിനി. പേൾ കാപ്സ്യൂൾ എന്ന പേരിൽ ഇറക്കുന്ന പുതിയ പതിപ്പിന് ഇരട്ട നിറങ്ങളാവും ലഭിക്കുക.
പേൾ കാപ്സ്യൂൾ എഡിഷൻ
പുതിയ പതിപ്പിൽ മൂന്ന് നിറങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജിയല്ലോ ഇന്‍റി (മഞ്ഞ), വെർഡെ മാന്‍റിസ് (നാരങ്ങ പച്ച), അരാൻസിയോ ബോറാലിസ് (ഓറഞ്ച്) എന്നിവയാണവ. ബോഡി സ്കിർട്ടിങ്, വീൽ ക്ലാഡിംഗ്, പുറത്തെ മിററുകൾ, മേൽക്കൂര, ഫെൻഡർ അലങ്കാരങ്ങൾ എന്നിവയുൾപ്പെടെ കറുപ്പിലാകും വരിക. കാറിന്‍റെ താഴത്തെ പകുതി തിളങ്ങുന്ന കറുപ്പ് നിറമുള്ളതാണ്. പുതിയ പതിപ്പിൽ 23 ഇഞ്ച് ഗ്ലോസ്സ് ബ്ലാക് വീലുകളും ഉണ്ട്. മാറ്റ് സിൽവറിൽ പൂർത്തിയാക്കിയ ക്വാഡ് മഫ്ലർ ടിപ്പുകളും പുതിയ കൂട്ടിച്ചേർക്കലാണ്.
പുറമേയുള്ള ഡിസൈനെ സമന്വയിപ്പിക്കാൻ ഉള്ളിലും പുതിയ വർണ്ണ സങ്കലനം ഉപയോഗിച്ചിട്ടുണ്ട്. സീറ്റുകൾ രണ്ട്-ടോൺ അൽകന്‍റാരയിൽ പൊതിഞ്ഞതാണ്. ഓപ്ഷനലായി കോൺട്രാസ്റ്റിംഗ് സ്റ്റിച്ചിംഗ് പാറ്റേണും ലഭ്യമാക്കിയിട്ടുണ്ട്. ബാക്ക് റെസ്റ്റിലെ ഉറൂസ് ബ്രാൻഡിംഗും ഹെഡ്‌റെസ്റ്റുകളിൽ എംബ്രോയിഡറി ചെയ്ത ലംബോർഗിനി ലോഗോയും പേൾ ക്യാപ്സ്യൂൾ പതിപ്പിന്‍റെ പ്രത്യേകതകളാണ്.
650 എച്ച്പി കരുത്തും 850 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി 8 പെട്രോൾ എഞ്ചിനാണ് ഉറുസിന് കരുത്തുപകരുന്നത്. നാല് ചക്രങ്ങളിലേക്കും കരുത്ത് കൈമാറുന്നത് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ്. 2.2 ടൺ ഭാരമുള്ള ഈ സൂപ്പർ എസ്‌യുവിക്ക് 305 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിവുണ്ട്. 3.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത ആർജിക്കാനും ഉറൂസിനാകും.
സൗന്ദര്യവർദ്ധക വസ്‌തുക്കൾ, സവിശേഷതകൾ, പ്രകടന അപ്‌ഗ്രേഡുകൾ എന്നിവയ്‌ക്കായി ലംബോർഗിനി ഒന്നിലധികം പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വാങ്ങുന്നവരുടെ അഭിരുചിക്കനുസരിച്ച് വാഹനം ക്രമീകരിക്കാനുമാകും. സ്റ്റാൻഡേർഡ് ഉറുസിന്‍റെ വില 3.15 കോടി രൂപയാണ് (എക്സ്-ഷോറൂം, ഇന്ത്യ). ഇതിനേക്കാൾ ഇരുപത് ശതമാനം കുടുതലായിരിക്കും പേൾ കാപ്സ്യൂൾ എഡിഷന്‍റെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.