കരുത്തും ആഡംബരവും നിറച്ച് ലംബോര്‍ഗിനി ഉറുസ് എസ്.ഇ; ഇനി ഇന്ത്യൻ നിരത്തുകളിലേക്ക്
text_fieldsനിരത്തില്‍ വേഗ കൊടുങ്കാറ്റുയര്‍ത്താന്‍ തയാറെടുത്ത് ലംബോര്‍ഗിനി ഉറൂസ് എസ്.ഇ ഇന്ത്യന്‍ വിപണിയിലേക്ക്. കരുത്തും ആഡംബരവും ഒത്തുചേര്‍ന്ന പ്രമുഖ ഇറ്റാലിയന്‍ ബ്രാന്‍ഡായ ലംബോര്‍ഗിനിയുടെ ആദ്യത്തെ എസ്.യു.വിയാണ് ഉറൂസ്. പരിഷ്‌കരിച്ച പതിപ്പാണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ പ്ലഗ്ഇന്‍ ഹൈബ്രിഡ് പെര്‍ഫോമന്‍സ് എസ്.യു.വി ആണ് ഈ വാഹനം. ആകാര ഭംഗികൊണ്ടും ഫീച്ചറുകള്‍ കൊണ്ടും സമ്പന്നരുടെയും സെലിബ്രിറ്റികളുടെയും പ്രിയപ്പെട്ട എസ്.യു.വികളില്‍ ഒന്നായ ഉറൂസ് ഇന്ത്യയിൽ നിരവധിപേർ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. പവര്‍, ടെക്, ഫീച്ചര്‍ അപ്‌ഗ്രേഡുകള്‍ക്കൊപ്പം പുതുക്കിയ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ സ്റ്റൈലിംഗും ഉറുസ് എസ്.ഇക്ക് നല്‍കിയിട്ടുണ്ട്. ഏകദേശം 4.57 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.
620 ബി.എച്ച് പവറും 800 എന്‍.എം ടോര്‍ക്കും ഉൽപാദിപ്പിക്കുന്ന 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 8 എൻജിനാണ് ഉറൂസ് എസ്.ഇക്ക് കരുത്ത് പകരുന്നത്. 25.9 കിലോവാട്ട് ലിഥിയം അയേണ്‍ ബാറ്ററി പാക്ക് പ്ലഗ്-ഇന്‍ ഹൈബ്രിഡ് സിസ്റ്റത്തിനൊപ്പം എൻജിന്‍ ജോടിയാക്കിയിരിക്കുന്നു. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഇ.വി മോഡില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാം. ഇലക്ട്രിക് മോഡില്‍ ഫോര്‍ വീല്‍ ഡ്രൈവ് ഉണ്ടെന്നതാണ് ഉറൂസ് എസ്.ഇയുടെ പ്രത്യേകത. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്‍ഡ് സമയം മതി. മണിക്കൂറില്‍ 312 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത.
പുതിയ ഉറൂസ് എസ്.ഇക്ക് പഴയതിനെ അപേക്ഷിച്ച് നീളമുള്ള ബോണറ്റാണു നല്‍കിയിരിക്കുന്നത്. മെലിഞ്ഞിരിക്കുന്ന ഹെഡ്‌ലാമ്പ് യൂണിറ്റ് റാപ്എറൗണ്ട് ഡി.ആര്‍.എല്ലുകളോട് കൂടിയ മട്രിക്സ് എല്‍.ഇ.ഡി സാങ്കേതികവിദ്യയും സജ്ജീകരിച്ചിരിക്കുന്നു. പുതുക്കിയ ഫ്രണ്ട് ബമ്പര്‍, ഗ്രില്‍, റിയര്‍ ഡിഫ്യൂസര്‍ എന്നിവ മോഡലിന് കൂടുതല്‍ ഷാര്‍പ്പര്‍ ലുക്ക് നല്‍കുന്നു. ബോണറ്റില്‍ പുതിയ സവിശേഷമായ കാരക്ടര്‍ ലൈനുകളിലും എയറോഡൈനാമിക് രൂപത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. എ.സിയുടെ കൂളിംഗ് കാര്യക്ഷമതയിലും മച്ചപ്പെടുത്തലുകള്‍ വരുത്തിയതായി ലംബോര്‍ഗിനി അവകാശപ്പെടുന്നു. പുതിയ ടെയില്‍ ലാമ്പ് ഗ്രില്ലും വാഹനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.
21 ഇഞ്ച് അലോയ് വീലാണ് എസ്.യു.വിക്ക് നല്‍കിയിരിക്കുന്നത്. പുറത്തെ പോലെ വാഹനത്തിനകത്തും പ്രകടമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുനര്‍രൂപകല്‍പന ചെയ്ത എ.സി വെന്റുകള്‍, പുതിയ പാനല്‍, ഡാഷ്‌ബോര്‍ഡ് കവറിങ്ങുകള്‍, 12.3-ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കൂടുതല്‍ റെസ്പോൺസീവ് യു.ഐ സിസ്റ്റം കൂടാതെ ഒരു സമര്‍പ്പിത ടെലിമെട്രി സംവിധാനവും നല്‍കിയിട്ടുണ്ട്.
റോഡ്, ട്രാക്ക് ഉപയോഗത്തിനുള്ള സ്ട്രാഡ, സ്‌പോര്‍ട്, കോര്‍സ മോഡുകളും ഓഫ്-റോഡ് ഉപയോഗത്തിന് നെവെ, സബിയ, ടെറ എന്നിവ കൂടാതെ, ഉറൂസ് എസ്.ഇക്ക് ഇ.വി ഡ്രൈവ്, ഹൈബ്രിഡ്, റീചാര്‍ജ്, പെര്‍ഫോമന്‍സ് തുടങ്ങി നാല് അധിക മോഡുകളും ലഭ്യമാക്കിയിട്ടുണ്ട്. ഓണ്‍-റോഡ്, ഓഫ്-റോഡ് സാഹചര്യങ്ങളില്‍ പെര്‍ഫോമന്‍സ് മോഡ് ആക്സസ് ചെയ്യാന്‍ കഴിയുമെന്നും ലംബോര്‍ഗിനി അവകാശപ്പെടുന്നു. ഉറൂസ് എസ്.ഇയില്‍ എയര്‍ സസ്‌പെന്‍ഷന്‍, ഇലക്ട്രോണിക് ലിമിറ്റഡ് സ്ലിപ്പ് റിയര്‍ ഡിഫറന്‍ഷ്യല്‍, പരിഷ്‌ക്കരിച്ച ഇലക്ട്രോണിക്‌സ്, 48വി ആന്റി റോള്‍ ബാറുകള്‍ എന്നിവയുണ്ട്. പുതിയ ഉറൂസ് എസ്.ഇ പോര്‍ഷേ കെയിന്‍ ജി.ടി.എസ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡി.ബി.എക്‌സ്, ഓള്‍ ഇലക്ട്രിക് ലോട്ടസ് എലെട്ര, ഔഡി ആര്‍.എസ്. ക്യൂ 8, ബിഎംഡബ്ല്യു എക്‌സ്.എം എന്നിവയുമായി ഏറ്റുമുട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.