കേരളത്തിന്റെ സ്വന്തം ഇ.വിയായി 'ലാന്‍ഡി ലാന്‍സോ'; സ്കൂട്ടറും ബൈക്കും പുറത്തിറക്കി
text_fieldsലോകത്തെ ഇലക്ട്രിക് വിപ്ലവത്തിന്റെ ഭാഗമായി കേരളവും. സംസ്ഥാനത്തിന്റെ സ്വന്തം ഇ.വികൾ 'ലാന്‍ഡി ലാന്‍സോ' എന്ന പേരിലാണ് അവതരിപ്പിക്കപ്പെട്ടത്. പുതിയ ബ്രാൻഡിൽ സ്കൂട്ടറും ബൈക്കും പുറത്തിറക്കിയിട്ടുണ്ട്. മലയാളി സംരംഭകന്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ഹിന്ദുസ്ഥാന്‍ ഇ.വി മോട്ടോഴ്സ് കോര്‍പ്പറേഷന്‍' ആണ് ഇ.വികൾ പുറത്തിറക്കിയത്.
ഇ-ബൈക്കായ ലാന്‍ഡി ഇ-ഹോഴ്സ്, ഇ-സ്‌കൂട്ടറായ ലാന്‍ഡി ഈഗിള്‍ ജെറ്റ് എന്നിവ വ്യവസായ മന്ത്രി പി. രാജീവും ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്ന് കൊച്ചിയില്‍ അവതരിപ്പിച്ചു. ഏപ്രിലോടെ ഇവ വിപണിയിലെത്തും. ലാന്‍ഡി ലാന്‍സോ സെഡ് ശ്രേണിയിലുള്ള വാഹനങ്ങള്‍ ഫ്‌ളാഷ് ചാര്‍ജര്‍, ഫാസ്റ്റ് ചാര്‍ജര്‍ സംവിധാനങ്ങളോടെയാണ് എത്തുന്നത്.
പെരുമ്പാവൂരിലെ നിർമാണ യൂനിറ്റുകളിലാണ് ഇവ നിർമ്മിക്കുന്നത്. അതിനൂതന ഇ.വി സാങ്കേതികവിദ്യയാണ് ലാൻഡി ലാൻസോയിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ചാർജിങ് സമയം, ബാറ്ററി റീപ്‌ളേസ്‌മെന്റ്, തീപിടിത്തം തുടങ്ങിയ ആശങ്കകൾ പരിഹരിച്ചാണ് ഇവ ഇറക്കിയിരിക്കുന്നത്. വാഹൻ പരിവാഹൻ പോർട്ടലിലും വാഹനങ്ങൾ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ലാൻഡി ലാൻസോ ഇസഡ് സീരീസ് വാഹനങ്ങളിൽ അഞ്ചാം തലമുറ ലിഥിയം ടൈറ്റനെറ്റ് ഓക്സിനാനോ ബാറ്ററി പായ്ക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവ വെറും 5 മുതൽ 10 മിനിട്ടിനകം നിശ്ചിത ശതമാനം ചാർജ് ചെയ്യാം എന്ന് ഹിന്ദുസ്ഥാന്‍ ഇ.വി. മോട്ടോഴ്സ് മാനേജിങ് ഡയറക്ടര്‍ ബിജു വര്‍ഗീസ് പറയുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഫ്‌ളാഷ് ചാർജർ, ഫാസ്റ്റ് ചാർജർ സംവിധാനങ്ങളോടെ ഇലക്ട്രിക് വാഹനം വിപണിയിലിറക്കുന്നതെന്നും കമ്പനി അധികൃതർ അവകാശപ്പെട്ടു.
ഇ.വികളുടെ ബാറ്ററി ലൈഫ് 15 മുതല്‍ 25 വര്‍ഷം വരെയാണെന്നാണ് കമ്പനി അവകാശവാദം. വിമാനങ്ങളുടെ ചിറകുകളിൽ ഉപയോഗിച്ചിരിക്കുന്ന എയ്‌റോ ബീം സാങ്കേതികവിദ്യയാണ് ഇസഡ് സീരീസ് ഇരുചക്രവാഹനങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. 200കിലോ വരെ ലോഡിങ് കപ്പാസിറ്റിയുള്ള ലാൻഡി ഇ-ഹോഴ്സ് ബൈക്ക് സ്‌പോർട്സ് മോഡിൽ 100 മുതൽ 120 കിലോമീറ്റർ വരെ വേഗത കൈവരിക്കും. 75 കിലോമീറ്ററാണ് ലാൻഡി ഈഗിൾ ജെറ്റിന്റെ പരമാവധി വേഗം. ഒറ്റ ചാർജിങിൽ 75 മുതൽ 100 കിലോമീറ്റർ വരെ യാത്ര ചെയ്യാം.
അമേരിക്കൻ കമ്പനിയായ ലാൻഡി ലാൻസോയുമായി സഹകരിച്ചാണ് ഹിന്ദുസ്ഥാൻ ഇ.വി മോട്ടോഴ്സ് കോർപ്പറേഷൻ ഇരുചക്രവാഹനങ്ങൾ പുറത്തിറക്കുന്നത്. കേരളത്തിലെ എല്ലാ നഗരങ്ങളിലും ഇ.വി ഹബുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കൊച്ചിയിലെ നിർമാണ യൂനിറ്റിൽ പ്രതിമാസം 850 മുതൽ 1500 വരെ വാഹനങ്ങൾ നിർമിക്കാനുള്ള ശേഷിയുണ്ടെന്നും ബിജു വർഗീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.