ആഡംബര ലിമോസിന് മയയുടെ ഡിസൈൻ
text_fieldsദോഹ: വമ്പൻ സമ്മാനത്തുകയോടെ ഖത്തർ ടൂറിസം നടത്തിയ 'ഐക്കണിക് ലിമോസിൻ ഡിസൈൻ' മത്സരവിജയികളെ പ്രഖ്യാപിച്ചു. മുവാസലാത്തുമായി (കർവ) ചേർന്ന് ലോകകപ്പിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ആഡംബര കാറുകളുടെ രൂപകൽപനക്കായി കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഖത്തർ ടൂറിസം രാജ്യത്തെ പൗരന്മാരിൽനിന്നും താമസക്കാരിൽനിന്നുമായി അപേക്ഷകൾ ക്ഷണിച്ചത്. ഖത്തറിന്റെ സംസ്കാരവും പൈതൃകവും വികസനവും വിളിച്ചോതുന്ന ആശയങ്ങൾ ഉൾക്കൊള്ളുന്ന ഡിസൈനുകൾ നിർദേശിക്കാനുള്ള ആവശ്യത്തോട് 450ഓളം പേരാണ് പ്രതികരിച്ചത്.
ഖത്തർ ടൂറിസത്തിന്റെ വിദഗ്ധ പാനൽ തിരഞ്ഞെടുക്കുന്ന ഡിസൈനുകൾ പൊതു ജനങ്ങൾക്കിടയിലെ വോട്ടിങ്ങിനായും സമർപ്പിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് മികച്ച ഡിസൈൻ തിരഞ്ഞെടുത്തത്.
വാശിയേറിയ മത്സരത്തിൽനിന്നും മയ മസ്രി ഷയ്ബാൻ ജേതാവായി. ലക്ഷം റിയാൽ ഇവർക്ക് സമ്മാനമായി നൽകി. മായ മസ്രി സമർപ്പിച്ച രൂപകൽപനയിലാവും അധികം വൈകാതെ പുറത്തിറങ്ങുന്ന ലക്ഷ്വറി ലിമോസിൻ തയാറാക്കുന്നത്. 6500 വോട്ടുകൾ ഇവർ നേടിയതായി ഖത്തർ ടൂറിസം അറിയിച്ചു.
ശംസുദ്ദീൻ ഷക്റൂൻ രണ്ടാം സ്ഥാനത്തിന് അർഹനായി. 50,000 റിയാലായിരുന്നു സമ്മാനത്തുക. ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ, സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി, മുവാസലാത് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഫഹദ് സഅദ് അൽ ഖഹ്താനി, വെർജിനിയ കോമൺവെൽത്ത് യൂനിവേഴ്സിറ്റി ഡീൻ അബിർ ബെർബിസ്, ലിവാൻ ഡിസൈൻ സ്റ്റുഡിയോ ഡയറക്ടർ ഐഷ നാസർ അൽസുവൈദി എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.