റേഞ്ച് കൂട്ടി നെക്സൺ; വാഗ്ദാനം ചെയ്യുന്നത് ഒറ്റ ചാർജിൽ 400 കിലോമീറ്റർ
text_fieldsഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ഇ.വി കാറുകളിൽ ഒന്നാണ് ടാറ്റ നെക്സൺ. 312 കിലോമീറ്റർ റേഞ്ചുമായി എത്തിയ നെക്സൺ പെട്ടെന്നുതന്നെ വിപണിപിടിച്ചിരുന്നു. വാഗ്ദാനം ചെയ്തത് 312 കിലോമീറ്റർ ആണെങ്കിലും ഒരിക്കലും നിരത്തിൽ അത്രയും റേഞ്ച് നെക്സണിന് കിട്ടിയിരുന്നില്ല. പലപ്പോഴും 200ന് മുകളിൽ ഈ വാഹനം സഞ്ചരിക്കുന്നില്ല എന്നുപറഞ്ഞ് ഉപഭോക്താക്കൾ കേസും കൂട്ടവുമായി വരികയും ചെയ്തിരുന്നു.
തങ്ങളുടെ ബെസ്റ്റ് സെല്ലറുടെ റേഞ്ച് വർധിപ്പിക്കുക എന്ന ലക്ഷ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ടാറ്റയിപ്പോൾ. കാര്യമായ സൗന്ദര്യവർധക മാറ്റങ്ങളൊന്നും വാഹനത്തിൽ ഇല്ലെങ്കിലും, വലിയ ബാറ്ററിയും ചില മെക്കാനിക്കൽ അപ്‌ഗ്രേഡുകളുമായാണ് പുതിയ നെക്സൺ വരുന്നത്.
മാറ്റങ്ങൾ
കൂടുതൽ കുരുത്തുള്ള ബാറ്റി പാക്കാണ് പുതിയ നെക്സണിന്റെ ഒരു പ്രത്യേകത. നിലവിലെ 30.2kWh ബാറ്ററി പാക്കിനെ 30 ശതമാനം വലുതാക്കുകയാണ് ടാറ്റ. 40kWh ബാറ്ററി പാക്കോടെയാണ് വാഹനം നിരത്തിലെത്തുന്നത്. ഇതോടെ 312 കിലോമീറ്റർ എന്ന പഴയ റേഞ്ച് 400 കിലോമീറ്ററിലധികമാകും. മറ്റൊരു മാറ്റം കൂടുതൽ ശക്തമായ ചാർജറായിരിക്കും. ശക്തമായ 6.6kW എസി ചാർജറിനൊപ്പമാകും വാഹനം ലഭ്യമാവുക. നിലവിൽ, 3.3kW എസി ചാർജറാണ് നൽകിയിരിക്കുന്നത്. ബാറ്ററി 100 ശതമാനത്തിലേക്ക് ഉയർത്താൻ ഏകദേശം 10 മണിക്കൂർ ഈ ചാർജറിന് വേണം. പുതുതായി വലിയ ബാറ്റി വരുന്നതോടെ ഈ ചാർജർ പോരാതെവരും. ഓപ്ഷനായാണ് 6.6kW എസി ചാർജർ വാഗ്ദാനം ചെയ്യുന്നതെന്നും സൂചനയുണ്ട്. അങ്ങിനെയെങ്കിൽ നിലവിലെ 3.3kW എസി ചാർജറും നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വലിയ ബാറ്ററി പാക്കിന് വാഹനത്തിന്റെ ഫ്ലോർ പാനിലും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. കൂടാതെ ബൂട്ട് സ്പേസ് കുറയാനും ഇടയുണ്ട്. പുതുക്കിയ നെക്സൺ ഇ.വിക്ക് നാല് ഡിസ്ക് ബ്രേക്കുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം വലിയ ബാറ്ററി പാക്ക് കാരണം എസ്‌യുവിക്ക് ഭാരം കൂടും, അതിനാൽ അധിക സ്റ്റോപ്പിംഗ് പവർ ആവശ്യമാണ്. മറ്റ് അപ്‌ഡേറ്റുകളിൽ റീജനറേറ്റീവ് ബ്രേക്കിംഗിന്റെ തീവ്രത മാറ്റുന്ന പുതിയതും തിരഞ്ഞെടുക്കാവുന്നതുമായ റീജൻ മോഡുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), അലോയ് വീലുകൾക്കുള്ള പുതിയ ഡിസൈൻ എന്നിവ ഉൾപ്പെടും. വാഹനം ഏപ്രിലിൽ നിരത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നെക്‌സോണ്‍ ഇലക്ട്രിക്കിന് നിലവില്‍ 14.29 ലക്ഷം രൂപ മുതല്‍ 16.90 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. അതേസമയം, പുതിയ മോഡല്‍ എത്തുന്നതോടെ വിലയില്‍ മാറ്റമുണ്ടായേക്കും. മൂന്ന് ലക്ഷം രൂപയോളം ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പോലും നെക്‌സോണ്‍ ഇ.വിയുടെ എതിരാളികളെക്കാള്‍ കുറഞ്ഞ വിലയില്‍ ഈ വാഹനം ഉപയോക്താക്കളില്‍ എത്തിക്കാന്‍ കഴിയും. എം.ജി. EZ EV, ഹ്യുണ്ടായി കോന എന്നിവയാണ് നെക്‌സോണിന്റെ എതിരാളികള്‍. ഇവ രണ്ടിനും വില 25 മുതൽ 30 ലക്ഷംവരെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.