ഇനി ലൂസിഡ് കാറുകൾ ‘സൗദി മെയ്ഡ്’
text_fieldsറിയാദ്: ഇലക്ട്രിക് കാറുകളുടെ നിർമാണമേഖലയിൽ പ്രമുഖരായ ലൂസിഡ് കമ്പനിയുടെ ഉൽപന്നങ്ങൾ ഇനി മുതൽ ‘സൗദി മെയ്ഡ്’. ഉൽപാദന മേഖലയെ തദ്ദേശീയവത്കരിക്കാനുള്ള ‘മെയ്ഡ് ഇൻ സൗദി അറേബ്യ’ പ്രോഗ്രാമിൽ ലൂസിഡ് കമ്പനി ഔദ്യോഗികമായി ചേർന്നു. കമ്പനിക്ക് അതിന്റെ ഉൽപന്നങ്ങളിൽ ‘സൗദി മെയ്ഡ്’ ലോഗോ ഉപയോഗിക്കാനുള്ള അവകാശം ഇതോടെ ലഭിച്ചു.
ഈ ലോഗോ സ്വന്തമാക്കിയ ആദ്യത്തെ അന്താരാഷ്ട്ര കാർ നിർമാണ കമ്പനിയായി ലൂസിഡ്. സ്വന്തം വിഭവശേഷിയാൽ അന്താരാഷ്ട്ര നിലവാരമുള്ള ഇലക്ട്രിക് കാറുകൾ നിർമിക്കാനുള്ള സൗദിയുടെ കഴിവ് ഉയർത്തിക്കാട്ടുന്നതാണിത്. രാജ്യത്തെ ഓട്ടോമോട്ടീവ് വ്യവസായ മേഖലയുടെ വികസനത്തിന് ഇത് വലിയരീതിയിൽ ഗുണം ചെയ്യും. ലൂസിഡ് കമ്പനിയുടെ കാറിൽ ‘സൗദി മെയ്ഡ്’ ലോഗോ പതിച്ചുകൊണ്ട് വ്യവസായ ധാതുവിഭവ മന്ത്രി എ. ബന്ദർ അൽഖുറൈഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.
മെയ്ഡ് ഇൻ സൗദി അറേബ്യ പ്രോഗ്രാമിൽ ലൂസിഡ് ചേരുന്നതിനെ അൽഖുറൈഫ് സ്വാഗതം ചെയ്തു. ദേശീയ വ്യവസായത്തിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിനും അന്തർദേശീയ നിക്ഷേപങ്ങളെയും കമ്പനികളെയും ആകർഷിക്കുന്നതിനും ഈ നടപടി ശക്തമായ പ്രേരണ നൽകുമെന്ന് ‘എക്സ്’ അക്കൗണ്ടിലൂടെ വ്യവസായ മന്ത്രി പറഞ്ഞു. നൂതനനിർമാണത്തിനുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ ഇത് രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നുവെന്നും അൽഖുറൈഫ് പറഞ്ഞു.
‘മെയ്ഡ് ഇൻ സൗദി അറേബ്യ’ പ്രോഗ്രാമിൽ ചേരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ലൂസിഡ് മിഡിലീസ്റ്റ് റീജനൽ വൈസ് പ്രസിഡൻറും എക്സിക്യൂട്ടിവ് ഡയറക്ടറുമായ ഫൈസൽ സുൽത്താൻ പറഞ്ഞു. ഈ ലോഗോ പ്രതിനിധീകരിക്കുന്ന ദേശീയ ഐഡൻറിറ്റിയുടെ മൂല്യങ്ങൾ ഉൾക്കൊള്ളാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സുസ്ഥിരത, നൂതനത്വം, മികവ് എന്നിവയും ഇലക്ട്രിക് കാറുകളുടെ ഉപയോഗം വിപുലീകരിക്കുന്നതിനുള്ള രാജ്യത്തിന്റെ വർധിച്ചുവരുന്ന പ്രവണതയും ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അത്യാധുനികവും അതുല്യവുമായ അനുഭവം നൽകുമെന്ന് ഫൈസൽ സുൽത്താൻ പറഞ്ഞു.
പ്രതിവർഷം 5000 കാറുകളുടെ പ്രാഥമിക ഉൽപാദന ശേഷിയുള്ള ലൂസിഡ് 2023 സെപ്റ്റംബറിലാണ് സൗദിയിൽ ആദ്യമായി ഫാക്ടറി തുറന്നത്. ഫാക്ടറിയിലേക്ക് പരിശീലനം നൽകി തിരഞ്ഞെടുത്ത ജീവനക്കാരിൽ പകുതിയും സൗദി പൗരരാണ്. ഇതാണ് കമ്പനിയുടെ പ്രാഥമിക ലക്ഷ്യവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.