ഒാല ഇ.വികൾ ലോകം കീഴടക്കുമോ?; 2022 മുതൽ ലോകത്തെ ഏറ്റവും സമ്പന്നമായ വാഹനവിപണിയിലേക്ക് കയറ്റുമതി ചെയ്യും
text_fieldsഇന്ത്യയിൽ മാത്രമല്ല വിദേശത്തും വിജയക്കൊടിപാറിക്കാനൊരുങ്ങി ഒാല ഇ.വി. 2022 മുതൽ ലോകത്തെ ഏറ്റവും സമ്പന്നമായ വാഹനവിപണിയിലേക്ക് മെയ്ഡ് ഇൻ ഇന്ത്യ ഒാല എസ് വൺ ഇ.വി സ്കൂട്ടറുകൾ കയറ്റുമതി ചെയ്യും. ഒാലയുടെ ആദ്യ ആഗോള വിപണി അമേരിക്കയായിരിക്കും എന്നാണ് സി.ഇ.ഒ ഭവീഷ് അഗർവാൾ പറയുന്നത്. ഇലക്ട്രിക് സ്കൂട്ടറുകൾക്കുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറിയുടെ നിർമാണത്തിലാണ് ഒാല. ഫാക്ടറിയുടെ ഒരു ഘട്ടമാണ് നിലവിൽ പൂർത്തിയായിട്ടുള്ളത്. ആദ്യ ഉത്പാദനം പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റാൻ ഉപയോഗിക്കുകയും അടുത്ത വർഷം ആദ്യം കയറ്റുമതി ആരംഭിക്കുകയും ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. പ്രതിവർഷം രണ്ട് ദശലക്ഷം യൂനിറ്റ് ഉത്പ്പാദിപ്പിക്കാനാണ് ഒാല ലക്ഷ്യമിടുന്നത്.
ഒാലയുടെ പുതിയ അനുഭവം
സ്വാതന്ത്ര ദിനത്തിൽ പുറത്തിറക്കിയ ഒാല ഇ.വി സ്കൂട്ടറുകൾ ഉപഭോക്താക്കൾക്ക് പുതിയ അനുഭവമാണ് നൽകിയത്. നിരവധി ആധുനികമായ സവിശേഷതകളാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാവിഗേഷൻ ഉൾപ്പടെ നിരവധി വിവരങ്ങൾ പ്രദർശിപ്പിക്കുന്ന വലിയ ടി.എഫ്.ടി ഡിസ്പ്ലേയാണ് ഓല സ്കൂട്ടറിെൻറ ഒരു സവിശേഷത. റൈഡർ പ്രൊഫൈലുകൾക്കിടയിൽ ടോഗിൾ ചെയ്യാനും വ്യക്തിഗത കസ്റ്റമൈസേഷനും ഡിസ്പ്ലേ യാത്രികനെ സഹായിക്കും. നിങ്ങൾ എത്രമാത്രം കാർബൺഡയോക്സൈഡ് ഒഴിവാക്കിയെന്ന് കാണിക്കുന്ന ഫാൻസി ഫീച്ചറും ഒാലയിലുണ്ട്.
സെഗ്മെൻറിലെ മറ്റ് സ്കൂട്ടറുകൾ പോലെ, റിവേഴ്സ് മോഡ് ഒാലയിലും നൽകിയിട്ടുണ്ട്. ഉടമ അടുത്തെത്തുേമ്പാൾ സ്‌കൂട്ടർ ഒാണാകുന്ന പ്രോക്സിമിറ്റി അൺലോക്കും ഇതിലുണ്ട്. സ്‌കൂട്ടർ നിശബ്ദ മോഡിൽ ഉപയോഗിക്കാനോ ഇഷ്ടാനുസൃതമായ ശബ്ദം പുറപ്പെടുവിക്കാനോ കഴിയും. റിവോൾട്ട് ഇവിക്ക് സമാനമായി ഓൺബോർഡ് സ്പീക്കറുകളിലൂടെയാവും ഇൗ സംവിധാനം ഒരുക്കുക.
എസ് വൺ പ്രോ വേരിയൻറിന് ഹിൽ ഹോൾഡ് ഫംഗ്ഷൻ, ക്രൂസ് കൺട്രോൾ, വോയ്സ് അസിസ്റ്റ് തുടങ്ങിയ ആധുനികമായ സവിശേഷതകളും ലഭിക്കുന്നു. ഇവ എസ് വൺ വേരിയൻറിൽ ലഭ്യമല്ല. രണ്ട് വേരിയൻറുകൾക്കും ഒാൾ എൽഇഡി ലൈറ്റിങാണ്. എസ് വൺ അഞ്ച് നിറങ്ങളിൽ ലഭ്യമാകും. എന്നാൽ പ്രോയ്ക്ക് 10 കളർ ഓപ്ഷനുകൾ നൽകിയിട്ടുണ്ട്.
ചാർജിങ് സമയം
എസ് വൺ, എസ് വൺ പ്രോ എന്നിവ പോർട്ടബിൾ ഹോം ചാർജറുമായാണ് ലഭ്യമാവുക. സ്കൂട്ടറുകൾ പൂർണമായും ചാർജ് ചെയ്യാൻ യഥാക്രമം 4.48 മണിക്കൂറും 6.30 മണിക്കൂറും വേണം. ഓല ഹൈപ്പർചാർജർ നെറ്റ്‌വർക്ക് വികസിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. 'ലോകത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ ചാർജിങ് നെറ്റ്‌വർക്ക് 400 നഗരങ്ങളിലായി ഒരു ലക്ഷം ലൊക്കേഷനുകളിൽ സ്ഥാപിക്കുമെന്നാണ് ഒാലയുടെ വാഗ്ദാനം. ഇത്തരം ചാർജർ ഉപയോഗിച്ച്, വെറും 18 മിനിറ്റിൽ 75 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ വേണ്ടത്ര ചാർജ് ചെയ്യാനാകും.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ഹോണ്ട ആക്ടീവ 6 ജിയുടെ വില 69,080-72,325 രൂപ വരെയാണ്. അതേസമയം കൂടുതൽ ശക്തമായ ആക്ടീവ 125ന് 72,637-79,760 രൂപ വിലവരും. സംസ്ഥാന സബ്സിഡികൾകൂടി ചേർത്താൽ ഒാല ഇ.വിക്കും ഇതിനടുത്താണ് വിലവരിക.
റേഞ്ചും വിലയും
എസ് വൺ, എസ് വൺ പ്രൊ എന്നിങ്ങനെ രണ്ട് വേരിയൻറുകളിൽ വാഹനം ലഭ്യമാകും. എസ് വണ്ണിെൻറ വില ഒരു ലക്ഷം രൂപയാണ്. കേന്ദ്ര സർക്കാരിെൻറ ഫെയിം സബ്സിഡി ഉൾപ്പെടുത്തിയ വിലയാണിത്. എസ് വൺ പ്രൊക്ക് 1.30ലക്ഷം വിലവരും. സംസ്ഥാന സബ്സിഡികൾകൂടി ഉൾപ്പെടുത്തിയാൽ വില പിന്നേയും കുറയും. ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് നിലവിൽ ഇ.വികൾക്ക് സബ്സിഡി നൽകുന്നത്. എസ് വൺ വേരിയൻറ് ഒറ്റ ചാർജിൽ 121 കിലോമീറ്റർ സഞ്ചരിക്കും. എസ് വൺ പ്രോയുടെ റേഞ്ച് 181 കിലോമീറ്ററാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.