11.50 ലക്ഷം രൂപയ്ക്കൊരു സെവൻ സീറ്റർ എസ്.യു.വി; ബൊലേറോ നിയോ ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചു
text_fieldsമഹീന്ദ്രയുടെ ബെസ്റ്റ് സെല്ലർ എസ്.യു.വി ഏതാണെന്ന് ചോദിച്ചാൽ ചിലർ ഥാർ എന്നോ മറ്റുചിലർ സ്കോർപ്പിയോ എന്നോ ഒക്കെ പറഞ്ഞേക്കാം. എന്നാൽ ആ ഉത്തരങ്ങളെല്ലാം തെറ്റാണ്. മഹീന്ദ്രയുടെ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന മോഡലാണ് ബൊലേറോ. ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളിൽ കാണപ്പെടുന്ന വാഹനമാണിത്. അടുത്തിടെയാണ് കമ്പനി ബൊലേറോയുടെ പുതിയൊരു പതിപ്പ് എന്ന നിലയിൽ ബൊലേറോ നിയോ അവതരിപ്പിച്ചത്. പേരൊക്കെ മാറ്റിയെങ്കിലും സംഗതി പഴയ ടി.യു.വി 300 ആയിരുന്നു.
2015-ൽ കോംപാക്ട് എസ്.യു.വി സെഗ്‌മെന്റിന്റെ സാദ്ധ്യത മുന്നിൽ കണ്ട് മഹീന്ദ്ര വിപണിയിലെത്തിച്ചതാണ് ടി.യു.വി 300. ഇതാണിപ്പോൾ ബൊലേറോ നിയോ എന്നറിയപ്പെടുന്നത്. എന്നാൽ പേരുമാറ്റിയതോടെ വിൽപ്പന മുരടിച്ചുകിടന്നിരുന്ന ടി.യു.വി പച്ചപിടിക്കാൻ തുടങ്ങി. വിൽപ്പന ഗ്രാഫ് കുതിച്ചുയർന്നു. ബൊലേറോ എന്ന പേരിന്റെ പവറാണിത് കാണിക്കുന്നത്. ബൊലേറോ നിയോക്ക് ലിമിറ്റഡ് എഡിഷൻ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര ഇപ്പോൾ.
11.50 ലക്ഷം രൂപയാണ് നിയോ ലിമിറ്റഡ് എഡിഷന്റെ വില. മികച്ചൊരു സെവൻ സീറ്റർ എസ്.യു.വി ഈ വിലയ്ക്ക് ലഭിക്കുക എന്നതൊരു ചില്ലറക്കാര്യമല്ല. കോംപാക്‌ട് എസ്.യു.വിയുടെ എൻ 10 വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് വാഹനം ഒരുക്കിയിരിക്കുന്നത്. കൂടാതെ സ്റ്റാൻഡേർഡ് മോഡലിൽ നിന്നും വേറിട്ടുനിൽക്കാൻ കോസ്മെറ്റിക്, ഫീച്ചർ ഹൈലൈറ്റുകളും നൽകിയിട്ടുണ്ട്. ബൊലേറോ നിയോ എൻ10 വേരിയന്റിനേക്കാൾ ഏകദേശം 29,000 രൂപ കൂടുതലാണ് പുതിയ ലിമിറ്റഡ് എഡിഷന്. ടോപ്പ് എൻഡ് എൻ 10 (O) പതിപ്പിനേക്കാൾ വില 78,000 രൂപ കുറവുമാണ്.
പ്രത്യേകതകൾ
റൂഫ് സ്കൈ റാക്കുകൾ, പുതിയ ഫോഗ് ലൈറ്റുകൾ, ഇന്റഗ്രേറ്റഡ് എൽ.ഇ.ഡി ഡി.ആർ.എല്ലുകളോട് കൂടിയ ഹെഡ്‌ലാമ്പുകൾ, ഡീപ് സിൽവർ നിറത്തിൽ ഒരുക്കിയിരിക്കുന്ന സ്പെയർ വീൽ കവർ എന്നിങ്ങനെയുള്ള മാറ്റങ്ങളാണ് പുതിയ വാഹനത്തിൽ നമുക്ക് കാണാനാവുന്നത്. ഡ്യുവൽ-ടോൺ ലെതറെറ്റ് സീറ്റുകളുടെ രൂപത്തിൽ ഇന്റീരിയറിലേക്കും മഹീന്ദ്ര ആൻഡ് മഹീന്ദ്ര നവീകരണം കൊണ്ടുവന്നിട്ടുണ്ട്.
ഡ്രൈവർ സീറ്റിന് ഉയരം ക്രമീകരിക്കാനും ഡ്രൈവർക്കും ഫ്രണ്ട് പാസഞ്ചർക്കും ലംബർ സപ്പോർട്ടും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ സെന്റർ കൺസോളിൽ സിൽവർ ഇൻസെർട്ടുകൾ ചേർത്തിരിക്കുന്നത് പ്രീമിയം ഫീൽ യാത്രക്കാർക്ക് നൽകും. ഒന്നും രണ്ടും നിര യാത്രക്കാർക്ക് ആംറെസ്റ്റുകളും നൽകിയിട്ടുണ്ട്.
ഫീച്ചറുകൾ
ബൊലേറോ നിയോ ലിമിറ്റഡ് എഡിഷൻ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായാണ് വരുന്നത്. എന്നാൽ ഈ യൂനിറ്റിന് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സവിശേഷതകൾ ലഭിക്കുന്നില്ല. റിവേഴ്സ് പാർക്കിങ് ക്യാമറ, ക്രൂസ് കൺട്രോൾ, മഹീന്ദ്ര ബ്ലൂസെൻസ് കണക്റ്റിവിറ്റി ആപ്പ്, സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ എന്നിവ നൽകിയിട്ടുണ്ട്.
ഡ്രൈവർ സീറ്റിന് താഴെ മികച്ച സ്റ്റോറേജ് സ്‌പേസ് ഓപ്ഷനായി പ്രത്യേക ട്രേയും മഹീന്ദ്ര സമ്മാനിച്ചിട്ടുണ്ട്. ഏറ്റവും പിന്നിൽ സൈഡ് ഫേസിംഗ് ജമ്പ് സീറ്റുകളാണ്. ലിമിറ്റഡ് എഡിഷൻ മോഡലിൽ മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നുമില്ല. നിലവിലുള്ള അതേ എഞ്ചിൻ തന്നെയാണ് ഇതിലും ലഭിക്കുക.
ഏറെ പരിചിതമായ 1.5 ലിറ്റർ എംഹോക്ക് 100 ഡീസലാണ് എഞ്ചിൻ. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 100 bhp കരുത്തും 260 Nm ടോർക്കും ഉത്പാദിപ്പിക്കാനാവും. റിയർ വീൽ ഡ്രൈവ് സെറ്റപ്പുമായി വരുന്ന സബ്-4 മീറ്റർ എസ്.യു.വി ശ്രേണിയിലെ ഏക മോഡലാണ് ബൊലേറോ നിയോ എന്നതും ശ്രദ്ധേയമായണ്. എന്നാൽ എൻ 10 (O) വേരിയന്റിലുള്ള മെക്കാനിക്കൽ ലോക്കിങ് ഡിഫറൻഷ്യൽ (MLD)ലിമിറ്റഡ് എഡിഷനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.