സുവർണ താരകങ്ങൾക്ക് ആദരമൊരുക്കി എക്സ്.യു.വി 700 ജാവലിൻ എഡിഷൻ; ആകെ നിർമിക്കുക മൂന്ന് എണ്ണം
text_fieldsരാജ്യത്തിെൻറ അഭിമാന താരകങ്ങൾക്ക് പ്രത്യേക വാഹനം രൂപകൽപ്പന ചെയ്ത് മഹീന്ദ്ര. ജാവലിൻ എഡിഷൻ എന്ന് പേരിട്ട വാഹനം മൂന്ന് എണ്ണം മാത്രമാണ് നിർമിക്കുക. ടോക്യോ ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും രാജ്യത്തിനായി സ്വർണം നേടിയ മൂന്നുപേർക്കാണ് വാഹനം നൽകുക. നീരജ് ചോപ്ര, അവനിലേഖാര, സുമിത് ആൻറിൽ എന്നിവർക്ക് വാഹനം സമ്മാനിക്കുമെന്ന് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. മഹീന്ദ്രയുടെ ഡിസൈൻ ചീഫ് പ്രതാപ് ബോസ് ആണ് വാഹനം രൂപകൽപ്പന ചെയ്യുക. മഹീന്ദ്ര അടുത്തിടെ 'ജാവലിൻ' എന്ന പേര് ട്രേഡ്മാർക് ചെയ്തിരുന്നു.
ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രക്കാണ് എക്സ്.യു.വി 700 ജാവലിൻ പതിപ്പിെൻറ ആദ്യ യൂനിറ്റ് നൽകുക. 2008 ബീജിംഗ് ഒളിമ്പിക്സിൽ അഭിനവ് ബിന്ദ്ര 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങിൽ വിജയിച്ച ശേഷം ഒളിമ്പിക്സിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് നീരജ്. ജാവലിൻ എഡിഷെൻറ രണ്ടാമത്തെ യൂനിറ്റ് പാരാലിമ്പിക്‌സിൽ സ്വർണ മെഡൽ നേടുന്ന ആദ്യ വനിതയായ ആവനി ലേഖാരക്ക് നൽകും. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് അവനി ജേതാവായത്.
പാരാലിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ സുമിത് ആൻറിലിനാണ് ജാവലിൻ പതിപ്പിെൻറ മൂന്നാമത്തെ യൂനിറ്റ് നൽകുന്നത്. സ്റ്റാൻഡേർഡ് എക്സ്.യു.വി 700ൽ നിന്ന് ജാവലിൻ പതിപ്പിനെ വ്യത്യസ്തമാക്കുന്നത് എന്താണെന്ന് ഡിസൈനർ പ്രതാപ് ബോസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സൗന്ദര്യവർധക മാറ്റങ്ങളും പ്രത്യേക നിറങ്ങളുമൊക്കെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മൂന്ന് യൂനിറ്റുകളിൽ രണ്ടെണ്ണം ഭിന്നശേഷിക്കാർക്കായി പ്രത്യേക പരിഷ്ക്കരണങ്ങളോടെ അവതരിക്കുകയും ചെയ്യും. ഭാവിയിൽ പൊതുജനങ്ങളിലെ ഭിന്നശേഷിക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത എസ്‌യുവികളെ മഹീന്ദ്ര അവതരിപ്പിക്കാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.