സ്വപ്നതുല്ല്യം ഥാർ റോക്സ്
text_fieldsഇന്ത്യൻ വാഹനവിപണിയിലെ സൂപ്പർസ്റ്റാർ നക്ഷത്രത്തിളക്കത്തിൽ പിറവിയെടുത്തു. ഥാർ ഫൈവ് ഡോറെന്നും അർമാഡയെന്നു വാഹനപ്രേമികൾ വിളിച്ച സാക്ഷാൽ ഥാർ റോക്സ് സ്വപ്നതുല്ല്യമായി അലങ്കരിച്ച വേദികളിൽ രാജ്യമാകമാനം ലോഞ്ച് ചെയ്യപ്പെട്ടു. മുന്നിലെ ഗ്രിൽ മുതൽ ഏറ്റവും വെള്ളക്കളറിൽ റോക്സനെ പുറത്തിറക്കാനുള്ള മഹീന്ദ്രയുടെ തീരുമാനം പോലും ആഘോഷിക്കപ്പെട്ട ദിനങ്ങൾക്കൊടുവിലാണ് ഓഫ് റോഡർമാരുടെ സ്വപ്നം ഭൂമിയിലിറങ്ങിയത്.
പെട്രോൾ വേരിയന്‍റ് 12.99 ലക്ഷത്തിനും അതിനേക്കാൾ ഒരു ലക്ഷം കൂടുതൽ കൊടുത്താൽ ഡീസൽ വേരിയന്‍റും കിട്ടുമെന്നത് ആരാധകരുടെ കിക്ക് ഉയർത്തിയിട്ടുണ്ട്. ലോഞ്ച് വീഡിയോ കണ്ടവർക്ക് ഥാറിന്‍റെ മുഖ്യഎതിരാളിയായ സുസുകി ജിംനി ഇനി എന്തുചെയ്യും എന്നതു സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. റോക്സിന്‍റെ വരവു മുന്നിൽ കണ്ടു ഫോഴ്സ് മോട്ടോഴ്സ് ഒരു മുഴം മുന്നിലെറിഞ്ഞിട്ടിരിക്കുന്ന ഗൂർഖ ഫൈവ്ഡോറിനും മിണ്ടാട്ടം മുട്ടിയേക്കാം.
ലോക്ക് ചെയ്യാവുന്ന റിയർ ഡിഫറൻഷ്യൽ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഹിൽ ഡിസൻ്റ് കൺട്രോൾ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് എ.സി, പുഷ്-ബട്ടൺ സ്റ്റാർട്ട്, വയർലെസ് ഫോൺ ചാർജർ, പനോരമിക് സൺറൂഫ് എന്നിവക്കുപുറമെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയവ പോലുള്ള സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന XUV700ലെ ലെവൽ 2 ADAS സ്യൂട്ടും പുതിയ ഥാർ റോക്സിന്‍റെ വിവിധ മോഡലുകളിലുണ്ടാകും.
360-ഡിഗ്രി ക്യാമറ, ഹിൽ ഹോൾഡ് ആൻഡ് ഡിസെൻ്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയുമുണ്ടാകും.മൂന്നു ഡോർ ഥാറിനേക്കാൾ മികച്ച ഓഫ്-റോഡറായിരിക്കും റോക്സ് ഫോർവീൽ ഡ്രൈവ് എന്നാണ് സങ്കൽപം.
മഹീന്ദ്ര ഥാർ റോക്സിൻ്റെ സവിശേഷതകൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തും. 160 ബിഎച്ച്പി, 2.0 ലിറ്റർ ടർബോ പെട്രോൾ, 175 ബിഎച്ച്പി, 1.2ലിറ്റർ ടർബോ പെട്രോൾ, 172 ബിഎച്ച്പി, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. ആറു സ്പീഡ് മാനുവൽ,ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് എന്നിങ്ങനെ രണ്ട് ഗിയർബോക്സുകൾ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.