എക്സ്.യു.വി 400ന് വമ്പൻ ഓഫർ, 1.25 ലക്ഷം രൂപയുടെ കിഴിവ്
text_fieldsഎക്സ്.യു.വി 400 ഇലക്ട്രിക് എസ്.യു.വിക്ക് വമ്പൻ ഓഫറുമായി മഹീന്ദ്ര. 1.25 ലക്ഷം രൂപയുടെ വില കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാഷ് ഡിസ്കൗണ്ടായി മാത്രമാണ് ആനുകൂല്യം ലഭിക്കുക. സൗജന്യ ആക്‌സസറികൾ പോലെയുള്ളവ ഇതിൽപ്പെടില്ല. സെപ്റ്റംബർ മാസം അവസാനം വരെയാണ് ഓഫറുള്ളത്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇ.എസ്.സി) ഇല്ലാത്ത മോഡലിലാണ് കിഴിവ് ലഭിക്കുക.
ഇസി, ഇ.എൽ എന്നീ രണ്ട് വേരിയന്റുകളിലാണ് എക്സ്.യു.വി 400 വിപണിയിലുള്ളത്. ഇസി വേരിയന്റിന് ഒറ്റ ചാർജിൽ 375 കിലോമീറ്റർ റേഞ്ച് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 34.5 kWh ബാറ്ററി പാക്കാണ് ഇതിലുള്ളത്. 456 കിലോമീറ്റർ റേഞ്ചാണ് 39.4 kWh ബാറ്ററി പാക്കുള്ള ഇ.എൽ പതിപ്പിനുള്ളത്. രണ്ട് വേരിയന്റുകൾക്കും 7.2 kW എ.സി ചാർജർ ഉപയോഗിക്കാമെങ്കിലും3.3 kW ചാർജറാണ് അടിസ്ഥാന മോഡലിനൊപ്പം കമ്പനി നൽകുന്നത്.
മുൻവശത്തെ ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് എക്സ്.യു.വി 400 നെ ചലിപ്പിക്കുന്നത്. ഇത് പരമാവധി 148 ബി.എച്ച്.പി കരുത്തും 310 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 8.3 സെക്കൻഡ് മതി. ടാറ്റ നെക്‌സോൺ ഇവി, എം.ജി ഇസഡ്.എസ് ഇവി തുടങ്ങിയവയാണ് എക്സ്.യു.വി 400 ന്‍റെ പ്രധാന എതിരാളികൾ.
ഇലക്ട്രിക് എസ്.യു.വി ഗെയിമിലേക്ക് മഹീന്ദ്ര എത്തിയത് അൽപ്പം വൈകിയാണ്. ടാറ്റ നെക്‌സോൺ ഇവിയുടെ അത്രയും വിൽപന ഇന്ത്യയിൽ നേടാനാവുന്നില്ലെങ്കിലും വരും വർഷങ്ങളിൽ മത്സരം കടുപ്പിക്കാനാണ് മഹീന്ദ്രയുടെ നീക്കം. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ ഥാറിന്റെ ഇലക്ട്രിക് കൺസെപ്റ്റും കമ്പനി അവതരിപ്പിച്ചിരുന്നു. മൂന്ന് ഇലക്ട്രിക് വാഹനങ്ങളാവും മഹീന്ദ്ര കുടുംബത്തിൽ നിന്ന് ഉടൻ വിപണിയിലെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.