ക്ലാസിക് സ്കോർപ്പിയോ നിരത്തിൽ; മികച്ച ഇന്ധനക്ഷമത പ്രത്യേകത, വില 11.9 ലക്ഷം മുതൽ
text_fieldsസ്കോർപ്പിയോ എന്നിന് പിന്നാലെ ക്ലാസിക് സ്കോർപ്പിയോയും പുറത്തിറക്കി മഹീന്ദ്ര. ക്ലാസിക് മോഡലിന്റെ പരിഷ്കരിച്ച പതിപ്പാണ് നിരത്തിലെത്തിച്ചിരിക്കുന്നത്. എസ് എന്ന അടിസ്ഥാന വേരിയന്റിന് 11.99 ലക്ഷം രൂപയാണ് വില. എസ് 11 വേരിയന്റിന് 15.49 ലക്ഷം രൂപ (എക്സ് ഷോറൂം) വിലവരും. പുതിയ ടർബോ ഡീസൽ എഞ്ചിൻ, ഓട്ടോമാറ്റിക് ഗിയർബോക്സ്, തുടങ്ങിയവയാണ് പ്രത്യേകതകൾ. വാഹനത്തിന് ആൾ വീൽ ഡ്രൈവ് മോഡൽ ഉണ്ടായിരിക്കില്ല.
മഹീന്ദ്രയ്ക്ക് പുതിയ മുഖം നൽകിയ എസ്‌യുവിയാണ് സ്കോർപിയോ. 2002ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ വാഹനം രാജ്യാന്തര വിപണിയിലെ ആദ്യ മഹീന്ദ്ര എസ്‍.യു.വി കൂടിയാണ്. നീണ്ട 20 വർഷമായി നിർമാണത്തിലുള്ള വാഹനത്തിന്റെ പുതിയ മോഡൽ വിപണിയിലെത്തിയെങ്കിലും പഴയ മോഡലിന്റെ നിർമാണം മഹീന്ദ്ര അവസാനിപ്പിക്കുന്നില്ല. സ്കോർപിയോയുടെ മുൻ തലമുറ സ്കോർപ്പിയോ ക്ലാസിക്കിലേക്ക് പുനർനിർമ്മിക്കപ്പെടുമെന്ന് നേരത്തേതന്നെ പ്രതീക്ഷിച്ചിരുന്നു.
2.2 ലിറ്റർ ടർബോ-ഡീസൽ, ജെൻ 2 എംഹോക്ക് എഞ്ചിനാണ് പുതിയ സ്കോർപ്പിയോക്ക്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് വഴി പിൻ ചക്രങ്ങളിലേക്ക് പവർ നൽകുന്ന എഞ്ചിൻ, 132 എച്ച്‌പി, 300 എൻഎം ടോർക് എന്നിവ ഉത്പ്പാദിപ്പിക്കും. പുതുക്കിയ എഞ്ചിൻ മുമ്പത്തേക്കാൾ 55 കിലോ ഭാരം കുറഞ്ഞതാണ്. ഇന്ധനക്ഷമത 14 ശതമാനം മെച്ചപ്പെടുത്താൻ എഞ്ചിൻ സഹായിക്കുമെന്നും മഹീന്ദ്ര പറയുന്നു.
എംഹോക് ഡീസൽ എഞ്ചിനിന്റെ രണ്ടാം തലമുറയാണ് സ്കോർപിയോ ക്ലാസിക്കിന് ലഭിക്കുന്നത്. മുൻ തലമുറ സ്കോർപിയോയേക്കാൾ ചെറുതും പോസിറ്റീവുമായ ത്രോകൾ ഉള്ള പുതിയ കേബിൾ ഷിഫ്റ്റ് 6-സ്പീഡ് യൂനിറ്റാണ് ട്രാൻസ്മിഷൻ. ക്രൂസ് കൺട്രോൾ, കോർണറിങ് ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും പുതിയ വാഹനത്തിൽ നൽകിയിട്ടുണ്ട്.
മഹീന്ദ്രയുടെ പുതിയ ലോഗോയുമായാണ് സ്കോർപ്പിയോ ക്ലാസിക് പുറത്തിറങ്ങുന്നത്. ക്ലാസിക് എസ്, ക്ലാസിക് എസ് 11 എന്നീ രണ്ട് വഭേദങ്ങൾ മാത്രമാണുള്ളത്. ക്ലാസിക് രൂപഭംഗി നിലനിർത്തി ചെറിയ മാറ്റങ്ങൾ വരുത്തിയാണ് വാഹനം വിപണിയിലെത്തുന്നത്. ക്യാബിൻ ഭൂരിഭാഗവും അതേപടി തുടരുന്നു. സ്‌ക്രീൻ മിററിങിനെ പിന്തുണയ്ക്കുന്ന പുതിയ ഒമ്പത് ഇഞ്ച് ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം നൽകിയിട്ടുണ്ട്.
ഡാഷ്‌ബോർഡിലും സെൻട്രൽ കൺസോളിലും തടികൊണ്ടുള്ള ഇൻസെർട്ടുകളും ഉണ്ട്. ക്യാബിൻ കറുപ്പ് ബീജ് കോമ്പിനേഷനിൽ പൂർത്തിയാക്കിയിരിക്കുന്നു. സ്റ്റിയറിങ് വീലിന് ഇപ്പോൾ പിയാനോ-ബ്ലാക്ക് ഇൻസെർട്ടുകളും ലെതറെറ്റ് ഫിനിഷും ലഭിക്കും. ഒരു സൺഗ്ലാസ് ഹോൾഡറും ലഭ്യമാണ്. ഇരിപ്പിടങ്ങൾ തുണികൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അവയിൽ ഡയമണ്ട് പാറ്റേൺ ക്വിൽറ്റഡ് ഡിസൈനുകൾ ലഭിക്കും. ബോൾഡായ ഗ്രിൽ, മസ്കുലർ ബോനറ്റ്, പുതിയ ഹുഡ് സ്കൂപ് എന്നിവയുണ്ട്. പിന്നിൽ സ്കോർപ്പിയോയുടെ സിഗ്നേച്ചർ ടവർ എൽ.ഇ.ഡി ടെയിൽ ലാംപാണ്.
സ്കോർപിയോ ക്ലാസിക്കിന് മൂന്ന് സീറ്റിങ് ലേഔട്ടുകൾ ലഭ്യമാണ്. രണ്ട് 7-സീറ്ററുകളും ഒന്ന് 9-സീറ്ററുമാണ്. 7 സീറ്റുള്ള മോഡലിൽ രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളും മൂന്നാം നിരയിൽ ബെഞ്ചും ലഭിക്കും. രണ്ടാം നിരയിൽ ബെഞ്ച് സീറ്റും മൂന്നാം നിരയിൽ രണ്ട് ജംമ്പ് സീറ്റുകളും ഉള്ള മോഡലും ഉണ്ട്. 9-സീറ്ററിൽ രണ്ടാമത്തെ നിരയിൽ ബെഞ്ചും പിന്നിൽ നാല് പേർക്ക് ജമ്പ് സീറ്റുകളും ലഭിക്കും. സുരക്ഷയ്ക്കായി, രണ്ട് എയർബാഗുകളും എസ്.യു.വി വാഗ്ദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.