പ്രീമിയം ട്രക്ക് വിപണിയിലേക്ക് പുതിയൊരു താരം കൂടി; സ്കോർപ്പിയോ എൻ പിക്കപ്പുമായി മഹീന്ദ്ര
text_fieldsപ്രീമിയം പിക്കപ്പുകൾ ഇന്ത്യക്കാർക്ക് അത്ര പരിചിതമല്ലെങ്കിലും അമേരിക്ക പോലുള്ള വിപണികളിൽ ഇത്തരം വാഹനങ്ങൾ ഏറെ ജനപ്രിയമാണ്. ടൊയോട്ട ഹൈലക്സ്, ഇസുസു ഡി മാക്സ് പോലുള്ള ചുരുക്കം വാഹനങ്ങൾ മാത്രമാണ് ഈ വിഭാഗത്തിൽ ഇന്ത്യയിലുള്ളത്. ഇവിടേക്ക് പുതിയൊരു വാഹനംകൂടി അവതരിപ്പിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര. സ്കോർപ്പിയോ എൻ അടിസ്ഥാനമാക്കി നിർമിക്കുന്ന വാഹനത്തിന്‍റെ കൺസപ്ട് ഓഗസ്റ്റ് 15ന് പുറത്തിറക്കാനാണ് കമ്പനി നീക്കം നടത്തുന്നത്.
ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലാകും വാഹനം അരങ്ങേറ്റം കുറിക്കുകയെന്നാണ് വിവരം. മോഡലിന്റെ ടീസർ വിഡിയോ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ആഗോള പിക്കപ്പ് ട്രക്കിന്റെ കൺസെപ്റ്റ് രൂപത്തിലായിരിക്കും വാഹനം വരിക. മഹീന്ദ്ര സ്‌കോർപിയോ എൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പിക്കപ്പ് ട്രക്ക് ഒരുങ്ങുന്നതെന്ന് ടീസർ വീഡിയോയിലൂടെ വ്യക്തമാണ്. വരാനിരിക്കുന്ന ഥാർ 5-ഡോറും ഇതേ പ്ലാറ്റ്ഫോമായിരിക്കും ഉപയോഗിക്കുക.
Z121 എന്ന കോഡ്‌നാമമുള്ള പുതിയ പിക്കപ്പ് ട്രക്ക് സ്റ്റാൻഡേർഡ് സ്‌കോർപിയോ N എസ്‌യുവിയേക്കാൾ അധികം വീൽബേസിലാവും വരിക. ഇത് പിന്നിലെ കാർഗോ ഡെക്ക് വർധിപ്പിക്കും. മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന് 2,600 മില്ലീമീറ്റർ വീൽബേസ് ഉണ്ട്. അതേസമയം പുതിയ പിക്കപ്പ് പതിപ്പിന് 3,000 മില്ലീമീറ്ററിലധികം വീൽബേസാവുമുള്ളത്. സ്കോർപിയോ N പിക്കപ്പ് സിംഗിൾ, ഡബിൾ ക്യാബ് ബോഡി ശൈലികളിൽ എത്തുമെന്നാണ് വിവരം.
പിക്കപ്പ് കൺസെപ്‌റ്റിന്റെ കൂടുതൽ വിശദാംശങ്ങൾ മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഓഫ്-റോഡിംഗ് പോലുള്ള എല്ലാ സാഹചര്യങ്ങൾക്കും അനുയോജ്യമായ വാഹനമായിരിക്കും ഇവ. പിക്കപ്പ് ട്രക്കിന്റെ പ്രൊഡക്ഷൻ പതിപ്പ് 2025-ഓടെ വിപണിയിലെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എസ്‌യുവിയുടെ അതേ പെട്രോൾ, ഡീസൽ എഞ്ചിനുകൾ പിക്കപ്പിനും പങ്കിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.