ഇന്നുമുതൽ സ്കോർപ്പിയോ ബുക്ക് ചെയ്യാം; അടക്കേണ്ടത് 21,000 രൂപ
text_fieldsപുതിയ സ്കോർപിയോ എൻ എസ്.യു.വി ജൂലൈ 30 മുതൽ ബുക്ക് ചെയ്യാമെന്ന് മഹീന്ദ്ര. 21,000 രൂപനലകിയാണ് ബുക്കിങ് നിർവ്വഹിക്കേണ്ടത്. ഉത്സവ സീസണിന് മുന്നോടിയായി സെപ്റ്റംബർ 26 മുതൽ ഡെലിവറികൾ ആരംഭിക്കും. എസ്.യു.വിയുടെ ഏറ്റവും കുറഞ്ഞ മാനുവൽ വേരിയന്റ് 11.99 ലക്ഷം (എക്‌സ് ഷോറൂം) പ്രാരംഭ വിലയിൽ ലഭ്യമാണ്. ഓട്ടോമാറ്റിക്, ഫോർവീൽ മോഡലുകൾക്ക് ഉൾപ്പടെ വില പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാരംഭവിലയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 25000 ബുക്കിങ്ങുകൾക്കുശേഷം വില വർധിപ്പിക്കും. പുതിയ സ്കോർപിയോ-എൻ ഇസഡ് 4 പെട്രോൾ ഓട്ടോമാറ്റിക് മോഡലിന് 15.45 ലക്ഷമാണ് വില. ഇസഡ് 8 എൽ ഡീസൽ ഓട്ടോമാറ്റികാണ് ഏറ്റവും വിലകൂടിയ മോഡൽ. ഇതിന്റെ വില 21.45 ലക്ഷം രൂപയാണ്.
ബിഗ് ഡാഡി
സ്കോർപിയോയുടെ പഴയകാല മോഡലുകളിൽനിന്ന് വ്യത്യസ്തമായ രൂപഭംഗിയും സവിശേഷതകളുമായി ബിഗ് ഡാഡി ഓഫ് എസ്.യു.വി എന്ന ടാഗ് ലൈനോടെയാണ് സ്കോർപിയോ -എൻ പുറത്തിറക്കിയിരിക്കുന്നത്. നിലവിലുള്ള സ്കോർപിയോയുടെ ഒരു ഭാഗവും പുതിയതിൽ ഉപയോഗിച്ചിട്ടില്ലെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. കാര്യക്ഷമത, സാങ്കേതികത, രൂപഭംഗി, ഡ്രൈവിങ്, ഇന്റീരിയർ തുടങ്ങിയവയിൽ തികച്ചും വ്യത്യസ്തമായ അനുഭവമായിരിക്കും പുതിയ സ്കോർപിയോ സമ്മാനിക്കുക.
ഇറ്റലിയിലെ പിനിൻഫറിനയിലും മുംബൈയിലെ മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോയിലുമായാണ് വാഹനത്തിന്റെ രൂപകൽപന നടന്നത്. പുണെയിലെ ഫാക്ടറിയിലാണ് നിർമാണം. ആഗോള ബ്രാൻഡായി മാറുന്ന തരത്തിലാണ് സ്കോർപിയോ -എൻ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യക്കൊപ്പം ദക്ഷിണാഫ്രിക്കയിലും നേപ്പാളിലും സ്കോർപിയോ -എൻ പുറത്തിറക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിലുമെത്തും.
പഴയ മോഡലിനെക്കാൾ നീളവും വീതിയും കൂടിയ വാഹനമാണ് പുതിയ സ്കോർപ്പിയോ. ഉയരം ലേശം കുറഞ്ഞിട്ടുണ്ട്. 206 മിമി നീളം, 97 മിമി വീതി, 70 മിമി വീൽ ബേസ് എന്നിങ്ങനെ വർധിച്ചു. പഴയ മോഡലിലെ 1995 മിമി ഉയരം 1870 മിമി ആയി കുറഞ്ഞു. ബോഡി പാനലുകൾ ഒന്നു പോലും പഴയ മോഡലുമായി പങ്കിടുന്നില്ല. ലോഗോ ഉൾപ്പടെ മാറിയിട്ടുണ്ട്.
മഹീന്ദ്രയുടെ പുതിയ തലമുറ എൻജിനുകളായ 2 ലീറ്റർ, 4 സിലിണ്ടർ, 203 ബിഎച്ച്പി എം സ്റ്റാലിയൻ പെട്രോൾ. 2.2 ലീറ്റർ , നാലു സിലിണ്ടർ എം ഹോക്ക് ഡീസൽ എന്നിവയാണ് നൽകിയിരിക്കുന്നത്. ശക്തി 132 ബിഎച്ച്പിയും 175 ബിഎച്ച്പിയുമായി ട്യൂൺ ചെയ്തിരിക്കുന്നു. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർ ബോക്സുകൾ. പ്രാഥമികമായി പിൻ വീൽ ഡ്രൈവ് വാഹനമാണെങ്കിലും പുതിയ സ്കോർപിയോ ആധുനികമായ നാലു വീൽ ഡ്രൈവ് മോഡലിലും എത്തുന്നുണ്ട്. നോർമൽ, ഗ്രാസ്, ഗ്രാവൽ, സ്നോ, മഡ്, റട്സ്, സാൻഡ് എന്നിങ്ങനെ ടെറൈൻ മോഡുകളുമുണ്ട്.
അദ്ഭുത ഫീച്ചറുകൾ
ഫീച്ചറുകളുടെ കാര്യത്തിൽ മഹീന്ദ്ര പണ്ടേ ഒരു ധാരാളിയാണ്. ആദ്യ തലമുറ സ്കോർപ്പിയോ മുതൽ അത് നാം അനുഭവിച്ചിട്ടുണ്ട്. ക്രൂസ് കൺട്രോൾ, ഫോളോ മീ ഹെഡ്‍ലാമ്പ്, ടയർ പ്രഷർ മോണിറ്റർ, റെയിൻ സെൻസിങ് വൈപ്പർ, റിവേഴ്സ് സെൻസർ തുടങ്ങിയവ സംവിധാനങ്ങൾ 2007 മുതൽ സ്കോർപ്പിയോയിൽ ഉൾപ്പെടുത്തിയിരുന്നു. ഇപ്പോൾ കേൾക്കുമ്പോൾ തമാശ തോന്നുമെങ്കിലും ഇതെല്ലാം അന്നത്തെ ആഡംബരങ്ങളായിരുന്നു എന്നതാണ് വാസ്തവം. പുതിയ വാഹനത്തിലും ഫീച്ചറുകളുടെ നീണ്ട നിരയാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. ഞെട്ടിക്കുന്ന ഉൾവശവും മനോഹരമായ ഡാഷും കൺസോളുകളുമാണ് വാഹനത്തിന്. ക്യാപ്റ്റൻ സീറ്റുകളും ബെഞ്ച് സീറ്റ് മോഡലും ലഭ്യമാണ്.
അലക്സ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, വയർലെസ് ഫോൺ ചാർജിങ്, 8 ഇഞ്ച് ടച്ച് സ്ക്രീൻ, റിമോട്ട് സ്റ്റാർട്ടിങ് അടക്കമുള്ള കണക്ടഡ് ടെക്നോളജി, 12 സ്പീക്കർ സോണി സിസ്റ്റം, എൽഇഡി ഹെഡ്‌ലാംപ്, ഇലക്ട്രിക് സൺറൂഫ്, ഡ്യൂവൽ സോൺ ക്ലൈമാറ്റിക് കൺട്രോൾ, കീ ലെസ് എൻട്രി എന്നിങ്ങനെ പോവുന്നു പുതിയ സൗകര്യങ്ങൾ. മഹീന്ദ്രയുടെ സ്വന്തം അഡ്രിനോക്സ് കണക്ടിവിറ്റിയാണ് മറ്റൊരു സവിശേഷത. ഇതുപയോഗിച്ച് വാഹനം റിമോട്ടായി സ്റ്റാർട്ട് ചെയ്യാനും എ.സി ഇടാനുമെല്ലാം സാധിക്കും. ഓഫീസിൽ നിന്നിറങ്ങുമ്പോഴോ, വെയിലത്ത് പാർക്ക് ചെയ്ത് തിരികെ വരുമ്പോഴോ വാഹനം സ്റ്റാർട്ട് ചെയ്ത് സജ്ജമാക്കി നിർത്താമെന്ന് സാരം.ഓട്ടോമാറ്റികിൽ മാത്രമാണ് ഈ സംവിധാനമുള്ളത്.
സോണിയുടെ ത്രീഡി സറൗണ്ട് സിസ്റ്റമാണ് ഉയർന്ന വകഭേദങ്ങളിൽ എന്റർടെയിൻമെന്റിനായി നൽകിയിട്ടുള്ളത്. 12 സ്പീക്കറുകൾ ഇതിലുണ്ട്. മികച്ച സബ്‍വൂഫറും സോണി സിസ്റ്റത്തിൽ ഉൾപ്പെടുന്നു. 6 എയർ ബാഗ്, ഇഎസ്പി, റോൾ ഓവർ സുരക്ഷ, ബ്രേക്ക് ഡിസ്ക് വൈപ്പിങ്, ഹിൽ ഡിസെൻഡ് കൺട്രോൾ, മുൻ പിൻ ക്യാമറകൾ എന്നിങ്ങനെ സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് സ്കോർപ്പിയോയുടെ കാര്യത്തിൽ മഹീന്ദ്ര സ്വീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.