ബിഗ് ഡാഡിക്ക് ബിഗ് വില, സ്കോർപിയോ എൻ വാങ്ങാൻ ഇനി ചെലവേറും
text_fieldsസ്കോർപിയോ-എൻ എന്ന ജനപ്രിയ എസ്.യു.വിയുടെ വില വീണ്ടും വർധിപ്പിച്ച് മഹീന്ദ്ര. ഈ വർഷത്തെ മൂന്നാമത്തെ വിലവർധനവാണിത്. മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ എസ്.യു.വിയുടെ പുതിയ വില പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.മാനുവൽ ട്രാൻസ്മിഷനുള്ള Z4E ഡീസൽ 4വീൽ ഡ്രൈവ് വേരിയന്റിനാണ് വില ഏറ്റവും കൂടിയത്. 81,000 രൂപ. 18.50 ലക്ഷം (എക്സ്-ഷോറൂം) ആണ് ഇതിന്‍റെ വില.
പ്രാരംഭ മോഡലായ Z2 പെട്രോൾ മാനുവൽ ട്രാൻസ്മിഷന് 21,000 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഈ മോഡലിന് 13.26 ലക്ഷം രൂപ (എക്സ് ഷോറൂം) ആയി. സ്കോർപിയോ-എൻ നിരയിലെ ഏറ്റവും ചെലവേറിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ ടോപ്പ്-സ്പെക്ക് ഡീസൽ വേരിയന്റായ Z8L 4വീൽ ഡ്രൈവ് മോഡലിന്‍റെ വില 2,000 രൂപ വർധിപ്പിച്ചതോടെ 24.53 ലക്ഷം രൂപ (എക്സ്-ഷോറൂം)യിലെത്തി.
മാനുവൽ ട്രാൻസ്മിഷനോടുകൂടിയ എൻട്രി ലെവൽ ഡീസൽ വേരിയന്റ് Z2 ന് ഇപ്പോൾ 13.76 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലവരും. ഓട്ടോമാറ്റിക് ട്രാൻസ്മിഷനോട് കൂടിയ ടോപ്പ് എൻഡ് പെട്രോൾ വേരിയന്റായ Z8L എന്ന ആറ് സീറ്റർ മോഡലിന് ഇപ്പോൾ 21.78 ലക്ഷം രൂപ (എക്സ് ഷോറൂം) വിലവരും.
6സ്പീഡ് മാനുവൽ അല്ലെങ്കിൽ 6സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂണിറ്റുകളുമായി ഘടിപ്പിച്ചിരിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 197 ബി.എച്ച്.പി കരുത്തും 380 എൻ.എം പീക്ക് ടോർക്കും ഉൽപാദിപ്പിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾക്കൊപ്പം 2.2 ലിറ്റർ ഡീസൽ എഞ്ചിനുമുണ്ട്. 173ബി.എച്ച്.പിയും 400 എൻ.എം ടോർക്കും ഇത് പുറപ്പെടുവിക്കും. സ്‌കോർപിയോ-എൻ, സ്‌കോർപിയോ ക്ലാസിക് എന്നീ എസ്.യു.വികൾ ഉൾപ്പെടുന്ന സ്‌കോർപിയോ ബ്രാൻഡ്, മഹീന്ദ്രയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.