എന്‍റെ ആക്ഷന് കട്ട് പറയാൻ ഇവിടെ ഒരുത്തനും ആയിട്ടില്ല... മഹീന്ദ്ര സ്കോർപിയോക്ക് പുതു റെക്കോർഡ്
text_fieldsരൂപഭാവങ്ങളാൽ കരുത്തൻ, എസ്.യു.വി എന്ന സ്വപ്നം സാധാരണക്കാർക്കും സാധ്യമാക്കിയവൻ, രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ നിരത്തുകൾ അടക്കിവാഴുന്ന നിറസാന്നിധ്യം... പറഞ്ഞുവരുന്നത് വാഹനപ്രേമികളുടെ എക്കാലത്തേയും ഇഷ്ടവാഹനം മഹീന്ദ്ര സ്കോർപിയോയെ കുറിച്ചാണ്. 2002ൽ ഇന്ത്യൻ നിരത്തുകളിൽ ടയർ കുത്തിയ സ്കോർപിയോ ഒമ്പത് ലക്ഷം യൂനിറ്റുകളുടെ വിൽപന പിന്നിട്ട് പുതുചരിത്രം കുറിച്ചിരിക്കുകയാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര കഴിഞ്ഞ ദിവസമാണ് വിവരം പുറത്തുവിട്ടത്. പൂനെയ്ക്ക് സമീപമുള്ള ചക്കൻ പ്ലാന്റിൽ നിന്നാണ് ഒമ്പത് ലക്ഷത്തിലേക്കുള്ള യൂനിറ്റ് കമ്പനി പുറത്തിറക്കിയത്.
നിലവിൽ രണ്ട് മോഡലുകളാണ് സ്കോർപിയോ നെയിംപ്ലേറ്റിന് കീഴിൽ മഹീന്ദ്ര വിൽപ്പന നടത്തുന്നത്. പഴയ തലമുറ സ്കോർപിയോ ക്ലാസിക്ക്, സ്കോർപിയോ എൻ എന്നിവയാണിവ. ഈ രണ്ടുമോഡലുകളും ചേർന്നാണ് ഒമ്പത് ലക്ഷം യൂനിറ്റെന്ന നേട്ടം കൈവരിച്ചത്.2022 ജൂണിലാണ് സ്കോർപിയോ എൻ എന്ന മോഡൽ കമ്പനി അവതരിപ്പിച്ചത്. സ്കോർപിയോ എൻ, സ്കോർപിയോ ക്ലാസിക് എന്നിവ ബുക്ക് ചെയ്ത് ഡെലിവറി കിട്ടുന്നതിനുള്ള കാലയളവ് ഇപ്പോഴും വളരെ കൂടുതലാണ്.
വിവിധ വേരിയന്‍റുകൾ അനുസരിച്ച് ഏകദേശം 13 മാസം വരെയാണ് ബുക്കിങ്ങ് നീളുന്നത്. മൊത്തം 1.17 ലക്ഷം ബുക്കിങ്ങുകളാണ് ഇനി ഡെലിവറി ചെയ്യാൻ ബാക്കിയുള്ളത്. മഹീന്ദ്ര സ്കോർപിയോ എൻ അവതരിപ്പിച്ച് ബുക്കിങ് ആരംഭിച്ചപ്പോൾ ആദ്യത്തെ 30 മിനിറ്റിനുള്ളിൽ ഒരു ലക്ഷം ബുക്കിങ് ആണ് നേടിയത്. 2022 സെപ്റ്റംബറിലായിരുന്നു ഈ വാഹനത്തിന്റെ ഡെലിവറി ആരംഭിച്ചിരുന്നത്. ഇതിന് ശേഷം കമ്പനിയുടെ വാഹന വിൽപ്പനയിൽ സ്കോർപിയോ എൻ ഒന്നാമതെത്തി.
ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റുകളിൽ 5 സ്റ്റാർ സുരക്ഷാ റേറ്റിങാണ് സ്കോർപിയോ എൻ നേടിയത്. സ്‌കോർപിയോ ക്ലാസിക്കിന്റെ എക്സ് ഷോറൂം വില 12.99 ലക്ഷം മുതൽ 16.81 ലക്ഷം രൂപ വരെയും സ്‌കോർപിയോ എൻ എസ്.യു.വിയുടെ വില 13.05 ലക്ഷം രൂപ മുതൽ 24.52 ലക്ഷം രൂപ വരെയുമാണ്.
200 എച്ച്.പി കരുത്തുള്ള 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ, 172.4 എച്ച്.പി പവർ നൽകുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിൻ എന്നീ രണ്ട് പവർട്രെയിനുകളിൽ വാഹനം ലഭിക്കും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുമുണ്ട്. സ്കോർപിയോ ക്ലാസിക്കിൽ 130 എച്ച്.പി കരുത്തും 300 എൻ.എം ടോർക്കും നൽകുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനാണുള്ളത്. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടെയെത്തുന്ന വാഹനത്തിൽ ഫോർ വീൽ ഡ്രൈവ് ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.