പ്രതീക്ഷിച്ചതിലും കുറഞ്ഞ വില; ടു വീൽ ഡ്രൈവ് ഥാർ അവതരിപ്പിച്ച് മഹീന്ദ്ര
text_fieldsപ്രതീക്ഷിച്ചതിലും കുറഞ്ഞ വിലയിൽ ടു വീൽ ഡ്രൈവ് ഥാർ അവതരിപ്പിച്ച് മഹീന്ദ്ര. 9.99 ലക്ഷമാണ് 1.5ലിറ്റർ ഡീസൽ മോഡലിന്റെ വില. 2.0 ലിറ്റർ ടർബോ പെട്രാൾ ഓട്ടോമാറ്റിക് വേരിയന്റിന് 13.49 ലക്ഷം വിലവരും. എക്സ് ഓപ്ഷനൽ,എൽ.എക്സ് ട്രിമ്മുകളിൽ വാഹനം ലഭ്യമാണ്. ജനുവരി 14 മുതൽ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും. നിലവിലെ വില ആദ്യ 10000 ബുക്കിങ്ങുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
മാറ്റങ്ങൾ
ഫോർ വീൽ ഡ്രൈവ് ഒഴിവാക്കിയതുകൂടാതെ പുതിയ ഥാറിൽ നിരവധി മാറ്റങ്ങളും വന്നിട്ടുണ്ട്. പുതിയ രണ്ട് കളര്‍ സ്‌കീമുകളാണ് 4×2 നെ 4×4 ല്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഫയറിങ് ബ്രോണ്‍സ്, എവറസ്റ്റ് വൈറ്റ് എന്നീ നിറങ്ങൾ പുതുതായി ഉൾപ്പെടുത്തി. നെപ്പോളി ബ്ലാക്ക്, റെഡ് റേജ്, ഗ്യാലക്‌സി ഗ്രേ എന്നീ 4×4-ല്‍ വാഗ്ദാനം ചെയ്യുന്ന നിറങ്ങള്‍ക്ക് പുറമേയാണിത്. നിലവിലെ ഥാറിൽ നിന്ന് 4×4 ബാഡ്ജിങ് ഒഴിവാക്കി. ഉള്ളിൽ ഫോർവീൽ ഡ്രൈവ് സെലക്ടറും ഒഴിവാക്കിയിട്ടുണ്ട്.
ആൾ ടെറയിൻ 18 ഇഞ്ച് അലോയ് വീലുകളിലാണ് വാഹനം എത്തുന്നത്. ESP (ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം), ഇലക്ട്രിക് ORVM-കള്‍, ഫോഗ് ലാമ്പുകള്‍, ക്രൂസ് കണ്‍ട്രോള്‍, റൂഫ് മൗണ്ടഡ് സ്പീക്കറുകള്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും വാഹനത്തിലുണ്ട്.
പുതിയ എഞ്ചിൻ
സ്റ്റാന്‍ഡേര്‍ഡ് ഥാര്‍ 4×4-ന് കരുത്ത് പകരുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനു പകരമായി, 4×2 റിയല്‍ വീല്‍ വേരിയന്റിന് പുതിയൊരു ഡീസൽ എഞ്ചിൻ ഇടംപിടിച്ചിട്ടുണ്ട്. മഹീന്ദ്രയുടെ തന്നെ XUV300-നും കരുത്ത് പകരുന്ന 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണിത്. ഈ എഞ്ചിന്‍ 115 bhp പവറും 300 Nm ടോര്‍ക്കും ഉത്പ്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഡീസൽ വാഹനത്തിൽ വരുന്നത്. ഡീസലിൽ നിന്ന് ഓട്ടോമാറ്റിക് ഗിയർബോക്സ് ഒഴിവാക്കി.
4×4 ലെ അതേ 2.0 ലിറ്റര്‍ പെട്രോള്‍ യൂനിറ്റാണ് ടു വീൽ ഡ്രൈവിന് കരുത്തേകുന്ന മറ്റൊരു എഞ്ചിൻ. 150 bhp പവറും 300 Nm ടോര്‍ക്കും എഞ്ചിൻ ഉത്പ്പാദിപ്പിക്കും. ഈ എഞ്ചിനിൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭ്യമാണ്.
വില
2.0 ലിറ്റർ പെട്രോൾ-AT LX വേരിയന്റിന്റെ 4X2, 4X4 പതിപ്പുകൾക്കിടയിൽ 2.33 ലക്ഷം രൂപയുടെ വ്യത്യാസമുണ്ട്. അതേസമയം, ഡീസൽ-MT AX (O), LX വേരിയന്റുകളുടെ 4X2, 4X4 പതിപ്പുകൾ തമ്മിലുള്ള വില വ്യത്യാസം യഥാക്രമം 4.17 ലക്ഷം രൂപയും 3.88 ലക്ഷം രൂപയുമാണ്. ഡീസലിന്റെ കാര്യത്തിലെ വിലയിലെ വ്യത്യാസത്തിന്റെ കാരണം ചെറിയ എഞ്ചിൻ, കുറഞ്ഞ നികുതി, 4X4 സിസ്റ്റത്തിന്റെ അഭാവം എന്നിവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.