ഥാറിെൻറ നാല് സ്റ്റാർ റേറ്റിങ് ത്രിശങ്കുവിൽ; ബെഞ്ച് സീറ്റ് ഒഴിവാക്കണമെന്ന് ഗ്ലോബൽ എൻസിഎപി
text_fieldsസുരക്ഷയിൽ വിപ്ലവംതീർത്ത് വിപണിപിടിക്കുന്ന മഹീന്ദ്രക്ക് വെല്ലുവിളിയായി ഥാറിെൻറ ബെഞ്ച് സീറ്റ്. ഈ വർഷം നവംബർ 25ന് ഗ്ലോബൽ എൻസിഎപി മഹീന്ദ്ര ഥാറിെൻറ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അന്ന് ഫോർ സ്റ്റാർ നേടി ഥാർ കഴിവുതെളിയിക്കുകയും ചെയ്തു. ഗ്ലോബൽ എൻസിഎപി പതിവനുസരിച്ച് അടിസ്ഥാന മോഡലല്ല ക്രാഷ് ടെസ്റ്റ് നടത്തിയതെന്നത് കൗതുകകരമായ വസ്തുതയാണ്. ഥാറിെൻറ ഹൈ-എൻഡ് പതിപ്പിലാണ് അന്ന് പരീക്ഷണം നടന്നത്. എന്നാൽ ക്രാഷ് ടെസ്റ്റിെൻറ റിസൾട്ട് വാഹനനിരയിലെ എല്ലാ പതിപ്പിലും ബാധകമാണെന്നതാണ് ശ്രദ്ധേയം.
ഥാറിെൻറ ബെഞ്ച്സീറ്റ് പതിപ്പിനെ നിലനിർത്തുകയാണെങ്കിൽ ഫോർ സ്റ്റാർ റേറ്റിങ് റദ്ദാക്കുമെന്നാണ് എൻസിഎപി പറയുന്നത്. 'ക്രാഷ് ടെസ്റ്റിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് താഴേക്കിടയിലുള്ള വേരിയൻറുകളാണ്. സാധാരണ അടിസ്ഥാന പതിപ്പുകളാണ് ഞങ്ങൾ ടെസ്റ്റിനായി തിരഞ്ഞെടുക്കുന്നത്. എന്നിരുന്നാലും, സുരക്ഷാ മാനദണ്ഡങ്ങൾ ഒരുപോലെയാണെങ്കിൽ ടോപ്പ് എൻഡ് പതിപ്പും ക്രാഷ്ടെസ്റ്റ് നടത്താറുണ്ട്'-ഗ്ലോബൽ എൻസിഎപി സെക്രട്ടറി ജനറൽ അലജാൻഡ്രോ ഫ്യൂറാസ് പറഞ്ഞു.
ടെസ്റ്റ് നടത്തുന്ന സമയത്ത് ബെഞ്ച് സീറ്റ് മോഡലുകൾ തങ്ങൾ ഇനിയൊരിക്കലും വിൽക്കില്ലെന്ന് മഹീന്ദ്ര ഉറപ്പുനൽകിയതായും ഫ്യൂറാസ് പറയുന്നു. അഥവാ സൈഡ് സീറ്റ് മോഡൽ കമ്പനി വിൽക്കുകയാണെങ്കിൽ സ്റ്റാർ റേറ്റിങ് പുനഃപരിശോധിക്കാനാണ് എൻസിഎപിയുടെ തീരുമാനം.
ആഗോള എൻസിഎപി നിയമങ്ങൾ
എൻസിഎപി നിയമങ്ങൾ പ്രകാരം അവർ നൽകുന്ന സ്റ്റാർ റേറ്റിംഗ് ഒരു പ്രത്യേക വേരിയൻറിന് മാത്രമല്ല വാഹനത്തിെൻറ മുഴുവൻ ലൈനപ്പിനും ബാധകമാണ്. ബെഞ്ച് സീറ്റ് മോഡൽ മഹീന്ദ്ര വീണ്ടും പുറത്തിറക്കിയാൽ ക്രാഷ് ടെസ്റ്റ് വീണ്ടും നടത്താനാണ് എൻസിഎപി തീരുമാനം. 'ഞങ്ങൾ ബെഞ്ച് സീറ്റ് മോഡൽ ഥാർ വാങ്ങുകയും അത് വീണ്ടും പരിശോധിച്ച് പുതിയ റേറ്റിംഗ് നൽകുകയും ചെയ്യും'-ഫ്യൂറാസ് പറയുന്നു.
ഏതാനും ലാറ്റിനമേരിക്കൻ വിപണികളിൽ ചില ലോവർ എൻഡ് (ലോവർ സേഫ്റ്റി കിറ്റ്) വേരിയൻറുകൾ നിർത്തലാക്കിയ ഹ്യുണ്ടായുടെ ഉദാഹരണവും എൻസിഎപി ചൂണ്ടിക്കാണിക്കുന്നു. ഗ്ലോബൽ എൻസിഎപി അക്കാലത്ത് വീണ്ടും പരീക്ഷിക്കുകയും പുതിയ റേറ്റിംഗ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് നാല് സ്റ്റാർ റേറ്റിങ് ഒരു സ്റ്റാർ റേറ്റിങ്ങായി കുറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.