ഇൗ വർഷം മൂന്നാമതും വിലവർധിപ്പിച്ച് മഹീന്ദ്ര; ഥാറിന് ലക്ഷംരൂപവരെ കൂടും
text_fieldsമാരുതി ഉൾപ്പടെയുള്ള പ്രമുഖ നിർമാതാക്കൾക്ക് പിന്നാലെ വാഹനങ്ങളുടെ വിലവർധിപ്പിച്ച് മഹീന്ദ്രയും. ഥാർ ഉൾപ്പടെയുള്ള എല്ലാ മോഡലുകൾക്കും വിലക്കയറ്റം ബാധകമാണ്. ഥാറിെൻറ ചില വേരിയൻറുകൾക്ക് ഒരു ലക്ഷത്തോളം രൂപ വർധിച്ചു. 2021 ജൂലൈ മുതലാകും വിലവർധന ബാധകമാവുക. ഈ വർഷത്തെ മൂന്നാമത്തെ വിലവർധനയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യത്തേത് ഫെബ്രുവരിയിലും രണ്ടാമത്തേത് മേയിലുമായിരുന്നു. പല മോഡലുകളുടേയും ആകെ വിലയിൽ രണ്ട് ശതമാനത്തോളം ഇപ്പോൾ വർധിച്ചിട്ടുണ്ട്.
ജൂലൈ 15 ന് ബൊലേറോ നിയോയും വരും മാസങ്ങളിൽ എക്സ്.യു.വി സെവൻ ഡബിൾ ഒയും പുറത്തിറക്കാനിരിക്കുകയാണ് കമ്പനി. വേരിയൻറിനെ ആശ്രയിച്ച് ഥാറിെൻറ വിലകൾ 32,000 മുതൽ 92,000 രൂപ വരെ ഉയർന്നിട്ടുണ്ട്. മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം ചൂടപ്പം പോലെ വിറ്റുപോകുന്ന വാഹനങ്ങളിൽ ഒന്നാണ് ഥാർ. പുറത്തിറക്കി മാസങ്ങൾക്കകം 50,000 ത്തിലധികം ബുക്കിങുകൾ ഥാറിന് ലഭിച്ചിരുന്നു. ചില വേരിയൻറുകൾക്കായി മാസങ്ങളുടെ കാത്തിരിപ്പ് കാലാവധിയും ഉണ്ട്. ബൊലേറോ, മരാസോ, സ്കോർപിയോ, എക്സ് യു വി 300 എന്നിവയുടെ വിലയിലും കാര്യമായ വർധവുണ്ടായി. ബൊലേറോയുടെ വില 22,452 മുതൽ 22,508 രൂപ വരെ ഉയർന്നിട്ടുണ്ട്.
മരാസോയുടേത് 26,597 മുതൽ 30,867 വരെ വർധിച്ചു. സ്കോർപിയോ, 27,211 മുതൽ 37,395 രൂപ, എക്‌സ്‌യുവി 300, 3,606 മുതൽ 24,029 രൂപ വരേയും വില ഉയർന്നു. അൽടുറസ് ജി 4, കെയുവി 100, എക്സ് യു വി 500 എന്നിവയുടെ വിലകൾ ചെറുതായി മാത്രമേ വർധിപ്പിച്ചിട്ടുള്ളൂ. മഹീന്ദ്രയുടെ താരതമ്യേന ജനപ്രീതി കുറഞ്ഞ മോഡലുകളാണിത്. അൽടുറസ് ജി 4 ന് 3,356 രൂപ വർധനവ് മാത്രമാണുള്ളത്. 28 ലക്ഷം രൂപ വരെ വിലയുള്ള എസ്‌യുവിയെ സംബന്ധിച്ചിടത്തോളം ഇത് വളരെ കുറഞ്ഞ വിലക്കയറ്റമാണ്. കെ.യു.വി 100, എക്‌സ്‌യുവി 500 എന്നിവയുടെ വില യഥാക്രമം 2,670 മുതൽ 2,672 രൂപ വരെയും 3,062 മുതൽ 3,068 രൂപ വരെയും ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.