സൗജന്യ വാക്സിനേഷൻ, ഇൻഷുറൻസ്, ധനസഹായം; ഷോറൂം തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് മഹീന്ദ്ര
text_fieldsതദ്ദേശീയ വാഹന നിർമാതാവായ മഹീന്ദ്ര ഡീലർഷിപ്പ് തൊഴിലാളികൾക്ക് കോവിഡ് കാല ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. എല്ലാ ജീവനക്കാരുടെയും വാക്സിനേഷൻ ചെലവുകൾ സൗജന്യമാക്കാനാണ് കമ്പനി തീരുമാനം. ഏകദേശം 80,000പേർക്ക് ഇൗ ആനുകൂല്യം ലഭിക്കും. ഇതോടാപ്പം ചികിത്സയ്ക്കായി ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് നൽകാനും നീക്കമുണ്ട്. കോവിഡ് ബാധിച്ച് മരണം പോലുള്ള അത്യാഹിതങ്ങൾ സംഭവിച്ചാൽ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകും. ഇതിൽ 2.5 ലക്ഷം ഡീലർഷിപ്പ് ഉടമയായിരിക്കും നൽകുക.
ജീവനക്കാരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ പ്രോത്സാഹിപ്പിക്കാൻ കമ്പനി ഡീലർമാർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഒരു ജീവനക്കാരന് വാക്സിനേഷൻ ചെലവുകൾക്ക് 1,500 രൂപ അനുവദിക്കാനാണ് മഹീന്ദ്ര തീരുമാനം. 2022 മാർച്ച് 31 വരെ ഇൗ ആനുകൂല്യം തുടരും. ജീവനക്കാർക്ക് കോവിഡ് ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ മെഡിക്കൽ ഇൻഷുറൻസും നൽകും. ഇതിൽ 10,000 രൂപ വരെയുള്ള ഹോം ക്വാറൈൻറൻ സഹായവും ഉൾപ്പെടും. പുതിയ പദ്ധതി സംബന്ധിച്ച് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.'ഞങ്ങളുടെ ഡീലർ ഞങ്ങളുടെ കുടുംബത്തിെൻറ ഭാഗമാണെന്ന് പറഞ്ഞാൽ അത് നടപ്പാക്കുകയും വേണം'-ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.
രണ്ട് മാസത്തിനിടെ കമ്പനിയുടെ പല സഹകാരികളും വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടെന്ന് മഹീന്ദ്ര പറയുന്നു. 'ഞങ്ങൾ എല്ലായ്പ്പോഴും പങ്കാളികളെയും അവരുടെ ജീവനക്കാരെയും കുടുംബമായി കണക്കാക്കുന്നു. അവരുടെ ആരോഗ്യം, ക്ഷേമം, സുരക്ഷ എന്നിവയ്ക്ക് വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്. നിലവിലെ അവസ്ഥ കണക്കിലെടുക്കുമ്പോൾ കോവിഡിനെതിരെ ജീവനക്കാർക്ക് കഴിയുന്ന പിന്തുണ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'-പുതിയ പദ്ധതി സംബന്ധിച്ച് മഹീന്ദ്ര ഗ്രൂപ്പ് വാർത്താ കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.