സ്കോർപ്പിയോ എൻ പിക്കപ്പ് അവതരിപ്പിച്ച് മഹീന്ദ്ര; ലക്ഷ്യം ആഗോള മാർക്കറ്റ്
text_fieldsആഗോള സ്വപ്നങ്ങളുമായി പുതിയൊരു വാഹനം അവതരിപ്പിച്ച് മഹീന്ദ്ര. പതിവുപോലെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 നായിരുന്നു അവതരണം. ഇത്തവണപക്ഷെ ചടങ്ങുകൾ നടന്നത് ഇന്ത്യയിലല്ല, അങ്ങ് ദക്ഷിണാഫ്രിക്കയിലാണെന്നുമാത്രം. സ്കോർപ്പിയോ പിക്കപ്പ് എന്നാണ് മഹീന്ദ്ര പുതിയ വാഹനത്തെ വിളിക്കുന്നത്.
അടുത്ത തലമുറ ലാഡർ-ഫ്രെയിം ഷാസിയിലാണ് പുതിയ പിക്കപ്പ് മഹീന്ദ്ര ഒരുക്കുന്നത്. വരാനിരിക്കുന്ന ഥാർ 5-ഡോറും ഇതേ പ്ലാറ്റ്ഫോമായിരിക്കും ഉപയോഗിക്കുക. മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോയിൽ (MIDS) ആണ് പിക്കപ്പ് രൂപകൽപ്പന ചെയ്തത്. വളരെ റഫ് ലുക്കിൽ തീർത്തിരിക്കുന്ന വാഹനം ഓഫ്റോഡ് ശേഷികൾ ഉള്ളതാണ്.
ഇസഡ് 121 എന്ന കോഡ്‌നാമമുള്ള പുതിയ പിക്കപ്പ് ട്രക്ക് സ്റ്റാൻഡേർഡ് സ്‌കോർപിയോ എൻ എസ്.യു.വിയേക്കാൾ അധികം വീൽബേസിലാണ് നിർമിച്ചിരിക്കുന്നത്. ഇത് പിന്നിലെ കാർഗോ ഡെക്ക് വർധിപ്പിച്ചിട്ടുണ്ട്. മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന് 2,600 മില്ലീമീറ്റർ വീൽബേസ് ഉണ്ട്. അതേസമയം പുതിയ പിക്കപ്പ് പതിപ്പിന് 3,000 മില്ലീമീറ്ററിലധികം വീൽബേസാവുമുള്ളത്. സ്കോർപിയോ N പിക്കപ്പ് സിംഗിൾ, ഡബിൾ ക്യാബ് ബോഡി ശൈലികളിൽ എത്തും.
ഫ്യൂച്ചറിസ്റ്റിക് എന്നതുപോലെ, ഗ്ലോബൽ പിക്ക് അപ് സവിശേഷതകളും സാങ്കേതികവിദ്യയും നിറഞ്ഞതാണ് പുതിയ വാഹനം. ലെവൽ 2 ഓട്ടോണമസ് ഡ്രൈവിങ്, സെമി-ഓട്ടോമാറ്റിക് പാർക്കിങ്, സൺറൂഫ്, 5 ജി അധിഷ്ഠിത കണക്റ്റിവിറ്റി സവിശേഷതകൾ എന്നിവയെല്ലാം വാഹനത്തിലുണ്ട്.
പുതിയ പിക്കപ്പിന് ജെൻ 2 ഓൾ-അലൂമിനിയം എം ഹോക്ക് ഡീസൽ എഞ്ചിൻ കരുത്ത് പകരും. ഇത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഐസിൻ-സോഴ്‌സ്ഡ് 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാകും വരിക. മഹീന്ദ്ര ഗ്ലോബൽ പിക്ക് അപ്പ് ഫോർവീൽ, ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ സവിശേഷതയോടെയാണ് വരുന്നത്. നോർമൽ, ഗ്രാസ്-ഗ്രാവൽ-സ്നോ, മഡ്-റട്ട്, സാൻഡ് എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകളും ഓഫറിലുണ്ട്. ദക്ഷിണാഫ്രിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ, ആസിയാൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിപണിയാണ് പിക്കപ്പിലൂടെ മഹീന്ദ്ര ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.