ആദ്യ ഇലക്ട്രിക് വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവിന് മെറ്റാവേഴ്സിലും സൗകര്യമൊരുക്കി മഹീന്ദ്ര; ഇന്ത്യയിൽ ആദ്യം
text_fieldsആദ്യ ഇലക്ട്രിക് എസ്.യു.വിയായ എക്സ്.യു.വി 400 ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര. ടാറ്റ നെക്സോൺ ഇ.വിയുമായി നേരിട്ട് മത്സരിക്കുന്ന വൈദ്യുത വാഹനമാണ് എക്സ്.യു.വി 400. ലോഞ്ചിന് മുന്നോടിയായി വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവിന് മെറ്റാവേഴ്സിലും സൗകര്യമൊരുക്കിയിരിക്കുകയാണ് കമ്പനി. ഇന്ത്യയിൽ ആദ്യമായാണ് മെറ്റാവേഴ്സിൽ ഒരു വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് സൗകര്യം വരുന്നത്.
‘XUV400Verse’ എന്ന മെറ്റാവേഴ്‌സ് പ്ലാറ്റ്‌ഫോം യുവതലമുറ ഉപഭോക്താക്കൾക്ക് കൂടുതൽ ആഴത്തിലുള്ള വെർച്വൽ ഷോറൂം അനുഭവം നൽകുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഉപഭോക്താക്കൾക്ക് അവരുടെ എക്സ്.യു.വി 400 ഇവി കസ്റ്റമൈസ് ചെയ്യാനും ടെസ്റ്റ് ഡ്രൈവ് ചെയാനുമുള്ള ഓപ്ഷനുകളും ഇതിലൂടെ ലഭിക്കും. വെർച്വൽ ഷോറൂമുകൾ വാഹനകമ്പനികൾ നേരത്തേതന്നെ ആരംഭിച്ചിട്ടുണ്ടെങ്കിലും വീട്ടിലിരുന്ന് വാഹനം ഓടിച്ചുനോക്കാവുന്ന സവിശേഷത ആദ്യമായാണ് രാജ്യത്ത് എത്തുന്നത്.
ഇലക്‌ട്രിക് എസ്.യു.വി ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിന് ഉപയോക്താവ് ലോഗിൻ ചെയ്ത് ഷോറൂമിൽ പ്രവേശിക്കണം. തുടർന്ന് വാഹനം വിഡിയോ ഗെയിം പോലെ ദൃശ്യമാവുകയും ചെയ്യും. മെറ്റാവേർസ് വെർച്വൽ ടെസ്റ്റ് ഡ്രൈവിനായി ഒന്നിലധികം മോഡുകളും ക്യാമറ വ്യൂകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
വാങ്ങാൻ താത്പര്യപ്പെടുന്ന ഉപഭോക്താക്കൾക്ക് വാഹനത്തിന്റെ ഇഷ്ടപ്പെട്ട നിറം തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും മെറ്റാവേർസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഗൈഡഡ് അല്ലെങ്കിൽ കസ്റ്റമൈസ്ഡ് ഷോറൂം സന്ദർശനങ്ങളിലൂടെ 3D സിമുലേഷൻവഴി ഒരാൾക്ക് എക്സ്.യു.വി 400 കസ്റ്റമൈസ് ചെയ്യാം. മികച്ച ഉപഭോക്തൃ അനുഭവം സൃഷ്ടിക്കാൻ എക്സ്.യു.വി 400വേഴ്സിന് കഴിയുമെന്ന് മഹീന്ദ്ര ഓട്ടോമോട്ടീവ് സെക്ടർ പ്രസിഡന്റ് വിജയ് നക്ര പറഞ്ഞു.
ടാറ്റ നെക്സോൺ ഇ.വിക്ക് ശേഷം ഇന്ത്യയിൽ നിർമിച്ച രണ്ടാമത്തെ ഇലക്ട്രിക് എസ്‌യുവിയാണ് മഹീന്ദ്ര എക്സ്.യു.വി 400. രാജയത്ത് നിർമിച്ച ഏറ്റവും ഉയർന്ന റേഞ്ചുള്ള ഇലക്ട്രിക് എസ്‌യുവിയാണിത്. ഒറ്റ ചാർജിൽ 456 കിലോമീറ്റർ വാഹനം സഞ്ചരിക്കുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.
39.4 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് വാഹനത്തിന് കരുത്തേകുന്നത്. ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു മണിക്കൂറിൽ ഇത് ടോപ്പ് അപ്പ് ചെയ്യാം. ഒറ്റ ചാർജിൽ 437 കിലോമീറ്റർ ഓടാൻ ശേഷിയുള്ള നെക്‌സോൺ ഇ.വിയുടെ മുകളിലാണ് ഇത്. ഇന്ത്യയിൽ നിർമിച്ച ഏറ്റവും വേഗതയേറിയ ഇലക്ട്രിക് എസ്‌യുവി എക്സ്.യു.വി400 ആയിരിക്കുമെന്നും മഹീന്ദ്ര പറയുന്നു. മഹീന്ദ്ര ഇവി 8.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും.
എംജി ZS ഇവി, ഹ്യുണ്ടായി കോന ഇവി തുടങ്ങിയ എതിരാളികളോട് മത്സരിക്കാനാണ് പുതിയ കോംപാക്ട് ഇലക്ട്രിക് എസ്‌യുവി തയാറെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.