നിരത്തിലോടുന്ന മജ്ലിസ്
text_fieldsദോഹ: ബുധനാഴ്ച സമാപിച്ച ഖത്തർ ട്രാവൽ മാർട്ട് (ക്യു.ടി.എം) 2023ൽ അത്യാധുനിക ആഡംബര മജ്ലിസ് വി.വി.ഐ.പി ബസ് പുറത്തിറക്കി മുവാസലാത്ത് (കർവ). കഴിഞ്ഞ വർഷം സമാപിച്ച ഫിഫ ലോകകപ്പിനിടെ പുറത്തിറക്കാൻ പദ്ധതിയിട്ടിരുന്ന ബസുകളിലൊന്നാണ് മജ്ലിസ് വി.വി.ഐ.പി ബസ് എന്ന പേരിൽ അവതരിപ്പിക്കുന്നതെന്ന് കർവ ബിസിനസ് ആൻഡ് സെയിൽസ് ഓഫിസർ മുഹമ്മദ് അതീഖ് പറഞ്ഞു.
പൂർണമായും സൂപ്പർജെറ്റ് പോലെയാണ് ഇത് പ്രവർത്തിക്കുന്നതെന്നും, ഏറ്റവും അഭിമാനകരമായ ആഡംബര ബസുകളിലൊന്നാണിതെന്നും മുഹമ്മദ് അതീഖ് വിശദീകരിച്ചു.
ചാരിക്കിടക്കുന്ന സീറ്റുകളുള്ള ബസിൽ ആറുപേർക്ക് ഇരിക്കാനുള്ള സൗകര്യമാണുള്ളത്. ഇതിനുപുറമെ വാഷ് റൂം, എല്ലാ സൗകര്യങ്ങളോടും കൂടിയ അടുക്കള, ഫ്രിഡ്ജ്, ടി.വി തുടങ്ങിയ മറ്റു സൗകര്യങ്ങളും ബസിലുണ്ട്. കൂടാതെ വലുതും നീളമുള്ളതുമായ സോഫയും സജ്ജീകരിച്ചിട്ടുണ്ട്. സമ്മേളനങ്ങൾക്കും കുടുംബയാത്രകൾക്കുമുള്ള ബസാണ് ഇതെന്നും ഉംറ പോലുള്ള തീർഥാടനങ്ങൾക്ക് ഉപയോഗിക്കാമെന്നും അതീഖ് വ്യക്തമാക്കി.
നിലവിൽ മജ്ലിസ് വി.വി.ഐ.പി ബസ് ഒന്ന് മാത്രമാണ് ലഭ്യമായിട്ടുള്ളത്. വിപണികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഉയർന്ന ഡിമാൻഡ് അനുസരിച്ച് ഇത്തരം ബസുകളുടെ എണ്ണം വർധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.