ബലേനോ ക്രോസുമായി മാരുതി സുസുകി; അറിയാം പുതിയ എസ്.യു.വിയെപറ്റിയുള്ള വിവരങ്ങളെല്ലാം
text_fieldsഇന്ത്യയിൽ പരാജയപ്പെട്ട വാഹന മോഡലുകളിൽ ഒന്നാണ് ക്രോസോവറുകൾ. ഹിറ്റ് എന്ന് പറയാവുന്ന ഒറ്റ ചെറു ക്രോസോവറുകളും ഇന്ത്യയിലില്ല. മാരുതി എസ് ക്രോസാണ് അൽപ്പമെങ്കിലും വിപണി വിജയം നേടിയ ക്രോസോവറുകളിൽ ഒന്ന്. ഫോർഡ് ഫ്രീസ്റ്റൈൽ, ഹ്യൂണ്ടായ് ഐ 20 ആക്ടീവ്, ടൊയോട്ട എറ്റിയോസ് ക്രോസ് തുടങ്ങി വമ്പന്മാരെല്ലാം ഇന്ത്യൻ വിപണിയിൽ മുട്ടുമടക്കിയവരാണ്. ഈ സന്ദർഭത്തിലാണ് മാരുതി സുസുകി ബലേനോ ക്രോസ് എന്ന പുത്തൻ അവതാരവുമായി എത്തുന്നത്.
2020ലെ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ഫ്യൂച്ചറോ ഇ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പായിരിക്കും പുതിയ വാഹനം. അടുത്ത വർഷം ആദ്യം നടക്കുന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുന്ന വാഹനം ഫെബ്രുവരിയിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. നിലവിൽ പരീക്ഷണ ഓട്ടത്തിലാണ് വാഹനം.
വൈ.ടി.ബി എന്ന കോഡ് നെയിമിൽ അറിയപ്പെടുന്ന വാഹനം പുതിയ ബലേനോയോട് സാമ്യമുള്ളതാണ്. മുൻഭാഗം പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. അടുത്തിടെ കമ്പനി അനാച്ഛാദനം ചെയ്‍ത ഗ്രാൻഡ് വിറ്റാരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ മോഡലും എത്തുന്നത്. എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലാമ്പുകളും ബമ്പറിൽ പ്രധാന ഹെഡ്‌ലാമ്പ് ക്ലസ്റ്ററും പരന്ന ബോണറ്റും റൂഫ് റെയിലുകളും ഉള്ള വാഹനമാണിത്.
കുപ്പേയുടേയും എസ്‌യുവിയുടേയും രൂപഭംഗിയുള്ള കാർ യുവാക്കളെ ആകർഷിക്കാൻ പോന്നതായിരിക്കുമെന്നാണ് മാരുതി പറയുന്നത്. ഹാർടെക് പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന വാഹനത്തിന് ടർബോ പെട്രോൾ എൻജിനായിരിക്കും. പെട്രോൾ എൻജിൻ കൂടാതെ ഇന്ധനക്ഷമത കൂടിയ ഹൈബ്രിഡ് എൻജിനും പുതിയ വാഹനത്തിലുണ്ടാകും. മാരുതി സുസുക്കിയുടെ പ്രീമിയം വാഹനങ്ങൾ വിൽക്കുന്ന നെക്സ ഡീലർഷിപ്പിലൂടെയായിരിക്കും പുതിയ വാഹനവും വിൽപനയ്ക്ക് എത്തുക. ബ്രെസയ്ക്ക് താഴെയായിരിക്കും ബലെനോ ക്രോസിനെ മാരുതി വിൽപ്പനക്ക് വയ്ക്കുക. ബ്രെസയുടെ വില വർധിച്ചതിനാൽ ഈ വിടവ് നികത്താനും ബലേനോ ക്രോസിനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.