വെള്ളത്തിലിറങ്ങിയാൽ പണികിട്ടും; 1.81 ലക്ഷം കാറുകൾ തിരിച്ചുവിളിക്കുമെന്ന് മാരുതി, ഇൗ മോഡലുകൾക്ക് ബാധകം
text_fieldsരാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുകി വമ്പൻ തിരിച്ചുവിളി നടത്തുന്നു. മോേട്ടാർ ജനറേറ്റർ യൂനിറ്റ് (എം.ജി.യു) തകരാറാണ് തിരിച്ചുവിളിക്ക് കാരണം. എംജിയു തകരാർ പരിശോധിക്കാൻ 1.81 ലക്ഷം കാറുകളാണ് തിരിച്ചുവിളിക്കുന്നത്. വാഹന സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് തകരാർ കാരണമാകുമെന്നാണ് മാരുതി എഞ്ചിനീയർമാർ കണ്ടെത്തിയിരിക്കുന്നത്. തിരിച്ചുവിളിക്കൽ ഓർഡർ കമ്പനി സ്വമേധയാ പുറപ്പെടുവിക്കുകയായിരുന്നു. തകരാറുള്ള വാഹനങ്ങളുടെ ഉടമകളെ കമ്പനി അംഗീകൃത സർവ്വീസ് സെൻററുകളിൽ നിന്ന് ബന്ധപ്പെടും. തിരിച്ചുവിളിക്കുന്ന എല്ലാ വാഹനങ്ങളും പെട്രോൾ മോഡലുകളാണ്. കുറേനാളുകളായി തങ്ങളുടെ വാഹനങ്ങളുടെ പെട്രോൾ മോഡലുകൾ മാത്രമാണ് കമ്പനി പുറത്തിറക്കുന്നത്.
വാഹനങ്ങളും മോഡലുകളും
സിയാസ്, എസ്-ക്രോസ്, വിറ്റാര ബ്രെസ്സ, എർട്ടിഗ, എക്സ്എൽ 6 എന്നിവയാണ് തിരിച്ചുവിളിക്ക് വിധേയമാകുന്നത്. 2018 മേയ് നാലിനും 2020 ഒക്ടോബർ 27 നും ഇടയിൽ നിർമിച്ച യൂനിറ്റുകൾ മാത്രമാണ് തിരിച്ചുവിളിക്കുന്നതെന്ന് മാരുതി സുസുകി വാർത്താക്കുറിപ്പിൽ അറിയിച്ചു. മോട്ടോർ ജനറേറ്റർ യൂനിറ്റ് പരിശോധിക്കുകയും തകരാറുകൾ ഉണ്ടെങ്കിൽ പരിഹരിക്കുകയും ചെയ്യും. ഉപഭോക്താവിന് യാതൊരു ചിലവുമില്ലാതെയാകും പ്രശ്നം പരിഹരിക്കുക.
തകരാറുള്ള ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുന്ന പ്രക്രിയ നവംബർ ആദ്യവാരം മുതൽ ആരംഭിക്കും. തകരാർ പരിഹരിക്കുന്നതുവരെ ഈ പ്രത്യേക യൂനിറ്റുകളുടെ ഉടമകളോട് വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ വാഹനമോടിക്കരുതെന്നും ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഭാഗങ്ങളിൽ നേരിട്ട് വെള്ളം ഒഴിക്കുന്നത് ഒഴിവാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് തങ്ങളുടെ വാഹനം തിരിച്ചുവിളിയിൽ ഭാഗമാണോയെന്ന് മാരുതി സുസുകി അല്ലെങ്കിൽ നെക്സ വെബ്‌സൈറ്റുകളിൽ ലോഗിൻ ചെയ്ത് പരിശോധിക്കാം. മോഡലിനെ ആശ്രയിച്ച്, വാഹനങ്ങളുടെ ഷാസി നമ്പർ (MA3, അതിനുശേഷം 14 അക്ക ആൽഫ-സംഖ്യാ കോഡ്) നൽകിയാൽ വിവരം അറിയാം.വാഹനങ്ങളുടെ തിരിച്ചുവിളി ലോകമെമ്പാടും സർവ്വസാധാരണമാണ്. തകരാർ കണ്ടിട്ടും വാഹനം തിരിച്ചുവിളിച്ചില്ലെങ്കിൽ നിർമാതാവിന് വൻതുക പിഴ വിധിക്കാനുള്ള നിയമവും നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.