'ഇങ്ങിനെ പോയാൽ ആരും കാർ വാങ്ങില്ല'; കഫേ 2 നിയന്ത്രണങ്ങളെ എതിർത്ത് മാരുതിയും
text_fieldsകഫേ 2 മലിനീകരണ നിയന്ത്രണങ്ങളെ എതിർത്ത് കൂടുതൽ കമ്പനികൾ രംഗത്ത്. 2022 ഏപ്രിൽ മുതൽ രാജ്യത്ത് സി.എ.എഫ്.ഇ (കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ എഫിഷ്യൻസി) എമിഷൻ II മാനദണ്ഡങ്ങൾ അവതരിപ്പിക്കാനിരിക്കെയാണ് കൂടുതൽ നിർമാതാക്കൾ എതിർപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യത്തെ പാസഞ്ചർ വാഹന വിപണിയിലെ മുൻനിരക്കാരായ മാരുതി സുസുകി ഇന്ത്യയുടെ ചെയർമാൻ ആർ.സി.ഭാർഗവ കഫേയെ പരസ്യമായി എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്.
കോവിഡ് -19 വാഹന വ്യവസായ വളർച്ചയെ പ്രതികൂലമായി ബാധിച്ച സന്ദർഭത്തിലാണ് കഫേയുമായി കേന്ദ്രം വരുന്നത്. നേരത്തേ രാജ്യത്തെ വാഹന നിമാതാക്കളുടെ കൂട്ടായ്മയായ സിയാം, നിയമം നടപ്പാക്കുന്നത് 2024 ലേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.'നടപ്പാക്കാൻ പറ്റിയ സമയമല്ല' എന്നാണ് ആർ.സി. ഭാർഗവ നിയമത്തെപറ്റി പറയുന്നത്.
'കഫേ മാനദണ്ഡങ്ങളുടെ പുതിയ ഘട്ടം നടപ്പിലാക്കാൻ ഇത് ശരിയായ സമയമാണെന്ന് ഞാൻ കരുതുന്നില്ല. വർഷങ്ങളായി കാറുകളുടെ വില വർധിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാർക്ക് കാർ വാങ്ങാൻ കഴിയാത്തവിധം വില ഉയർന്നിരിക്കുന്നു. അതിനാൽ വ്യവസായത്തിെൻറ വളർച്ച പൂജ്യമായി കുറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ ആളുകളുടെ വരുമാനം ഒട്ടും കൂടിയിട്ടില്ല. ഇത് തുടർന്നാൽ വ്യവസായം കൂടുതൽ താഴോട്ട് പോകും'-ഭാർഗവ പിടിഐയോട് പറഞ്ഞു.
'ഉപഭോക്താക്കൾക്ക് താങ്ങാനാവാത്തതരത്തിൽ വാഹന വില വർധിച്ചിരിക്കുന്നു. ആളുകൾക്ക് ഇരുചക്രവാഹനം മാത്രമേ വാങ്ങാൻ കഴിയൂ എന്ന സ്ഥിതിയാണ്. അതിനാൽ ഇരുചക്രവാഹന വിൽപ്പന വർധിക്കുകയാണ്'-ഭാർഗവ കൂട്ടിച്ചേർത്തു.
സിയാം പഠനം അനുസരിച്ച് 2010 വരെ ഇന്ത്യൻ കാർ വ്യവസായത്തിെൻറ വളർച്ച 12.9 ശതമാനമായിരുന്നു. 2010-2015 മുതൽ ഇത് 5.7 ശതമാനമായും 2015-20 ൽ 1.3 ശതമാനം ആയും കുറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ വളർച്ച നെഗറ്റീവ് ആയതായും പഠനങ്ങൾ പറയുന്നു.
എന്താണീ കഫേ 2 നിയമങ്ങൾ?
കഫേയിലെ 'കോർപ്പറേറ്റ് ആവറേജ്' എന്ന വാക്കിനർഥം വാഹന നിർമാതാക്കൾക്കുള്ള ശരാശരി സെയിൽസ് വോളിയം എന്നാണ്. പെട്രോൾ, ഡീസൽ, സിഎൻജി, എൽപിജി എന്നിവയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് കഫേ മാനദണ്ഡങ്ങൾ ബാധകമാണ്. കഫേ മാനദണ്ഡങ്ങൾ 2017 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നിരുന്നു. നിയമമനുസരിച്ച് 2022 ഓടെ ശരാശരി കാർബൺഡയോക്സൈഡ് പുറന്തള്ളൽ 130 gm/km- ൽ താഴെയാകണം. പുതിയ നിയമമനുസരിച്ച് നിർമാതാക്കൾ കാര്യക്ഷമവും ശുദ്ധവുമായ പവർട്രെയിൻ ഓപ്ഷനുകൾ കണ്ടെത്തേണ്ടതുണ്ട്. രണ്ടാം ഘട്ടത്തിൽ കാർബൺ എമിഷൻ 113 gm/km താഴെയാകാനാണ് കഫേ നിയന്ത്രണങ്ങൾ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.