30.61 കിലോമീറ്റർ മൈലേജ്; പുത്തൻ ബലേനൊ സി.എൻ.ജി അവതരിപ്പിച്ച് മാരുതി
text_fieldsനിലവിലെ വാഹന മോഡലുകളുടെ സി.എൻ.ജി വത്കരണം തുടർന്ന് മാരുതി സുസുകി. ബലേനോ ഹാച്ച്ബാക്കാണ് പുതുതായി സി.എൻ.ജി മോഡലിലേക്ക് കമ്പനി മാറ്റി അവതരിപ്പിച്ചിരിക്കുന്നത്. മാരുതിയുടെ ഫാക്ടറി സി.എൻ.ജി കിറ്റാണ് പുതിയ ബലേനോയിൽ. പെട്രോൾ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബലെനോ സി.എൻ.ജിക്ക് 95,000 രൂപ അധിക വില നൽകണം. 8.28 ലക്ഷം മുതൽ 9.21 ലക്ഷം വരെ (എക്സ്-ഷോറൂം, ഡൽഹി)യാണ് വാഹനത്തിന്റെ വില.
ബലേനോ സി.എൻ.ജി ഡെൽറ്റ, സീറ്റ എന്നീ വകഭേദങ്ങളിൽ ലഭ്യമാകും. സ്റ്റാൻഡേർഡ് ഹാച്ച്ബാക്കിന്റെ അതേ 1.2-ലിറ്റർ, നാല് സിലിണ്ടർ, K12N എഞ്ചിനാണ് സി.എൻ.ജി പതിപ്പിലും ഉപയോഗിക്കുന്നത്. എന്നാൽ പെട്രോൾ മോഡലിൽ ഉത്പാദിപ്പിക്കുന്ന 90hp, 113Nm ടോർക് ഇവിടെ ലഭിക്കില്ല. പകരം 77.5hp ഉം 98.5Nm ടോർക്കും വാഹനം നൽകും. ബലേനോ സി.എൻ.ജിയുടെ ബൂട്ടിൽ 55 ലിറ്റർ ടാങ്കും പിടിപ്പിച്ചിട്ടുണ്ട്. പെട്രോൾ മോഡലിനെ അപേക്ഷിച്ച് ബൂട്ട് കപ്പാസിറ്റിയും കാര്യമായി കുറയുമെന്ന് സാരം.
5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ വാഹനം ലഭ്യമാകൂ. എ.എം.ടി ഗയർബോക്സ് ഒഴിവാക്കിയിട്ടുണ്ട്. ബലേനോ സി.എൻ.ജിക്ക് 30.61km/kg ഇന്ധനക്ഷമത ലഭിക്കും. എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 16-ഇഞ്ച് അലോയ്‌കൾ, സ്മാർട്ട് പ്ലേ പ്രോ സിസ്റ്റമുള്ള 7.0-ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വോയ്‌സ് അസിസ്റ്റന്റ്, ഒ.ടി.എ അപ്‌ഡേറ്റുകളുള്ള കണക്‌റ്റഡ് കാർ ടെക്‌നോളജി, സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ തുടങ്ങിയ സവിശേഷതകൾ വാഹനത്തിലുണ്ട്. ആറ് എയർബാഗുകളും റിയർ വ്യൂ ക്യാമറയും ഉൾെപ്പടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.