25.51 കിലോമീറ്റർ മൈലേജ്; 9.14 ലക്ഷം രൂപയ്ക്ക് ബ്രെസ്സ സി.എൻ.ജി അവതരിപ്പിച്ച് മാരുതി
text_fieldsമിഡ്സൈസ് എസ്.യു.വികളിലെ ബെസ്റ്റ് സെല്ലറായ ബ്രെസ്സക്ക് സി.എൻ.ജി പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുകി. ബ്രെസ്സയുടെ എല്ലാ വേരിയന്റിലും സി.എൻ.ജി ലഭ്യമാകും. ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭിക്കില്ല. 9.14 ലക്ഷം പ്രാരംഭ വിലയിൽ തുടങ്ങി 12.05 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ബ്രെസ സി.എൻ.ജി ബുക്കിങ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. 25,000 രൂപ ടോക്കൺ തുക നൽകി വാഹനം പ്രീ-ബുക്ക് ചെയ്യാം.
പെട്രോൾ എഞ്ചിൻ വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സി.എൻ.ജി പതിപ്പുകൾക്ക് ഏകദേശം 1 ലക്ഷം രൂപ അധികം മുടക്കണം. ഒരു കിലോ ഇന്ധനത്തിന് ഏകദേശം 25.51 കിലോമീറ്റർ മൈലേജാണ് എസ്.യു.വി വാഗ്ദാനം ചെയ്യുന്നത്. ടോപ്പ് എൻഡ് വേരിയന്റിൽ ഇലക്ട്രോണിക് സൺറൂഫ്, ക്രൂസ് കൺട്രോൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള സ്മാർട്ട്പ്ലേ പ്രോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ ലഭിക്കും.
കീലെസ് പുഷ് ബട്ടൺ സ്റ്റാർട്ട്, ഇൻ-കാർ കണക്റ്റീവ് ഫീച്ചറുകൾ, വോയ്‌സ് അസിസ്റ്റൻസ്, റിവേഴ്‌സ് പാർക്കിങ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിങ് വീൽ, ആറ് എയർബാഗുകൾ എന്നീ ഫീച്ചറുകളും വാഹനത്തിൽ ലഭിക്കും.
എസ്-സിഎൻജി എന്ന ബാഡ്ജിങ് മാത്രമാണ് വാഹനത്തിന്റെ ഡിസൈനിലെ മാറ്റം. എന്നാൽ സി.എൻ.ജി ടാങ്ക് ബൂട്ട് സ്പേസിന്റെ വലിയ പങ്ക് അപഹരിച്ചിട്ടുണ്ട്. സംയോജിത പെട്രോൾ, സി.എൻ.ജി ഫ്യുവൽ ലിഡ്, സി.എൻ.ജി ഡ്രൈവ് മോഡ്, ഡിജിറ്റൽ, അനലോഗ് സി.എൻ.ജി ഫ്യുവൽ ഗേജുകൾ, സ്വിച്ച് ഓവർ ഇല്യുമിനേറ്റഡ് ഫ്യൂവൽ ചേഞ്ച് എന്നിങ്ങനെയുള്ള പ്രത്യേകതകളും വാഹനത്തിലുണ്ട്.
മാരുതി സുസുകിയുടെ XL6, എർട്ടിഗ മോഡലുകളിൽ കാണപ്പെടുന്ന 1.5 ലിറ്റർ നാല്-സിലിണ്ടർ K15C പെട്രോൾ എഞ്ചിനാണ് ബ്രെസ സി.എൻ.ജിയും ഉപയോഗിച്ചിരിക്കുന്നത്. പെട്രോൾ മോഡിൽ ഇത് പരമാവധി 100 bhp പവറും 136 Nm ടോർക്കും ഉത്പാദിപ്പിക്കും. സി.എൻ.ജി മോഡിൽ വാഹനം യഥാക്രമം 88 bhp, 121.5 Nm ടോർക്ക് എന്നിവ ഉത്പ്പാദിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.