ഗ്രാൻഡ് വിറ്റാരയുടെ സി.എൻ.ജി പതിപ്പുമായി മാരുതി; വില 12.85 ലക്ഷം രൂപ മുതൽ
text_fieldsഹൈബ്രിഡ്, പെട്രോൾ വകഭേദങ്ങൾക്കുപിന്നാലെ ഗ്രാൻഡ് വിറ്റാര സി.എൻ.ജി പതിപ്പുമായി മാരുതി. ഗ്രാൻഡ് വിറ്റാരയുടെ എസ്-സി.എൻ.ജി പതിപ്പ് ഡെൽറ്റ, സീറ്റ എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. ഗ്രാൻഡ് വിറ്റാര എസ്-സി.എൻ.ജി ഡെൽറ്റയുടെ വില 12.85 ലക്ഷം രൂപയും സീറ്റ വേരിയന്റിന് 14.84 ലക്ഷം രൂപയുമാണ്.
എർട്ടിഗ, എക്സ്.എൽ 6 സി.എൻ.ജികളിൽ കാണപ്പെടുന്ന എഞ്ചിന് സമാനമാണ് ഗ്രാൻഡ് വിറ്റാരയിലേതും. 1.5 ലിറ്റർ K15C, ഫോർ സിലിണ്ടർ എഞ്ചിൻ XL6, എർട്ടിഗ എന്നിവയ്ക്ക് സമാനമായ പെർഫോമൻസ് കണക്കുകൾ തന്നെയാണ് വാഗ്‌ദാനം ചെയ്യുന്നത്. 26.6 കി.മീ/കിലോ ആണ് എസ്.യു.വിയുടെ ഇന്ധനക്ഷമത.
ഗ്രാൻഡ് വിറ്റാരയുടെ സ്ട്രോങ് ഹൈബ്രിഡ് വേരിയന്റുകളുടെ 27.97 കി.മീ/ലിറ്ററിനേക്കാൾ അൽപ്പം കുറവാണ് സിഎൻജി പതിപ്പിന്റെ മൈലേജ്. 5 സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷനോടു കൂടിയാണ് സി.എൻ.ജി വേരിയന്റുകൾ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ എ.ഡബ്ല്യു.ഡി, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവ സി.എൻ.ജി മോഡലിൽ ലഭ്യമാവില്ല.
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിങ് സൗകര്യം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ യൂനിറ്റ്, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് മാരുതി സുസുകി ഗ്രാൻഡ് വിറ്റാരയുടെ ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടുന്നത്. പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് എസി നിയന്ത്രണങ്ങൾ, സ്മാർട്ട് വാച്ച് ഇന്റഗ്രേഷൻ, സിരി, ഗൂഗിൾ അസിസ്റ്റന്റ് ഇന്റഗ്രേഷൻ, കണക്റ്റഡ് കാർ ഫീച്ചറുകൾ, റിമോട്ട് ഇഗ്നിഷൻ എന്നിവയും കമ്പനി നലകിയിട്ടുണ്ട്.
6 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയാണ് സുരക്ഷക്കായി ഒരുക്കിയിട്ടുള്ളത്. അടുത്തിടെ ടൊയോട്ട ഹൈറൈഡറിനും ഗ്ലാൻസയ്ക്കും സി.എൻ.ജി സാങ്കേതികവിദ്യ മാരുതിയിൽ നിന്നും ലഭിച്ചിരുന്നു. ഗ്രാൻഡ് വിറ്റാരയ്ക്ക് മുമ്പാണ് ഹൈറൈഡർ സി.എൻ.ജി പ്രഖ്യാപിച്ചത്.
ടൊയോട്ട ഹൈറൈഡർ സി.എൻ.ജി എസ്, ജി വേരിയന്റുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ഡെൽറ്റ, സീറ്റ എന്നീ രണ്ട് വേരിയന്റുകളിലും ഗ്രാൻഡ് വിറ്റാര സി.എൻ.ജി ലഭിക്കും. 2022 സെപ്റ്റംബറിൽ ലോഞ്ച് ചെയ്തതു മുതൽ ഗ്രാൻഡ് വിറ്റാരയ്ക്ക് ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഗ്രാൻഡ് വിറ്റാര S-CNG തങ്ങളുടെ ഗ്രീൻ-പവർട്രെയിൻ 14 മോഡലുകളിലേക്ക് വിപുലീകരിക്കാനുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.