അധികമുള്ളത് മൈലേജ് മാത്രം, വില വളരെക്കുറവ്; ഞെട്ടിച്ച് ഗ്രാൻഡ് വിറ്റാര
text_fieldsമാരുതി സുസുകിയുടെ ചെറു എസ്‍.യു.വി ഗ്രാൻഡ് വിറ്റാര ഔദ്യോഗികമായി അവതരിപ്പിച്ചു. ഇതോടൊപ്പം വാഹനത്തിന്റെ വിലയും പ്രഖ്യാപിച്ചിട്ടുണ്ട്. സിഗ്മ, ഡെൽറ്റ, സീറ്റ, സീറ്റ പ്ലസ്, ആൽഫ, ആൽഫ പ്ലസ് എന്നീ വകഭേദങ്ങളിൽ 11 വേരിയന്റുകളിലായി വിപണിയിലെത്തുന്ന വാഹനത്തിന്റെ വില 10.45 ലക്ഷം മുതൽ 19.65 ലക്ഷം രൂപ വരെയാണ്. സ്മാർട്ട് ഹൈബ്രിഡ്, ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് എന്ന സ്ട്രോങ് ഹൈബ്രിഡ് എന്നീ എൻജിൻ വകഭേദങ്ങളുമായിട്ടാണ് വാഹനം വിപണിയിലെത്തിയത്.
സ്മാർട്ട് ഹൈബ്രിഡിന്റെ സിഗ്മ മാനുവൽ പതിപ്പിന് 10.45 ലക്ഷം രൂപയും ഡെല്‍റ്റയ്ക്ക് 11.90 ലക്ഷം രൂപയും സീറ്റയ്ക്ക് 13.89 ലക്ഷം രൂപയും ആൽഫയ്ക്ക് 15.39 ലക്ഷം രൂപയും ആൽഫ ഡ്യുവൽ ടോണിന് 15.55 ലക്ഷം രൂപയുമാണ് വില. സ്മാർട്ട് ഹൈബ്രിഡിന്റെ ഓട്ടമാറ്റിക് വകഭേദം ആരംഭിക്കുന്നത് ഡെൽറ്റ വേരിയന്റിലാണ്. ഡെൽറ്റയ്ക്ക് 13.40 ലക്ഷം രൂപയും സീറ്റയ്ക്ക് 15.39 രൂപയും ആൽഫയ്ക്ക് 16.89 ലക്ഷം രൂപയും ആൽഫ ഡ്യുവൽ ടോണിന് 17.05 ലക്ഷം രൂപയുമാണ് വില.
ഇന്റലിജന്റ് ഇലക്ട്രിക് ഹ്രൈബിഡ് പതിപ്പ് സീറ്റ പ്ലസ്, ആൽഫ പ്ലസ് വകഭേദങ്ങളിൽ മാത്രം. സീറ്റ പ്ലസിന്റെ വില 17.99 ലക്ഷം രൂപയും ആൽഫ പ്ലസിന്റെ വില 19.49 ലക്ഷം രൂപയുമാണ്. സീറ്റ ഡ്യുവൽ ടോണിന് 18.15 ലക്ഷം രൂപയും ആൽഫ ഡ്യുവൽ ടോണിന് 19.65 ലക്ഷം രൂപയുമാണ് വില. സുസുക്കിയുടെ ഓൾഗ്രിപ്പ് സെലക്റ്റ് എന്ന ഓൾവീൽ ഡ്രൈവ് മോഡൽ സ്മാർട്ട് ഹൈബ്രിഡിന് മാത്രമാണുള്ളത്. ആൽഫ മോഡലിന്റെ വില 16.89 ലക്ഷം രൂപയും ആൽഫ ഡ്യുവൽ ടോണിന് 17.05 ലക്ഷം രൂപയുമാണ് വില.
നിലവിൽ മികച്ച ബുക്കിങ്ങാണ് വാഹനത്തിന് ലഭിക്കുന്നത്. 11000 രൂപ നൽകി നെക്സ ഡീസൽഷിപ് വഴിയോ ഓൺലൈനായോ വാഹനം ബുക്ക് ചെയ്യാം. വിറ്റാരയുടെ ബ്രാൻഡ് എൻജിനിയേറിങ് പതിപ്പായ ടൊയോട്ട ഹൈറൈഡറുടെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഹൈറൈഡറിന്റെ ഉയർന്ന നാല് വകഭേദങ്ങളുടെ വില 15.11 ലക്ഷം രൂപ മുതൽ 18.99 ലക്ഷം വരെയാണ്.
പ്രീമിയം ബ്രാൻഡായ നെക്സ വഴി വിൽപനയ്ക്ക് എത്തുന്ന വാഹനമാണ് വിറ്റാര. സെൽഫ് ചാർജിങ് ശേഷിയുള്ള ഇന്റലിജെന്റ് ഹൈബ്രിഡ് ടെക്നോളജിയുണ്ട് മാരുതിയുടെ ഈ പുതിയ മോഡലിൽ. 27.97 കീമീ മൈലേജ് അവകാശപ്പെടുന്ന 1.5 ലീറ്റർ ഹൈബ്രിഡ് എൻജിനൊപ്പം 21.11 കീമീ ഇന്ധനക്ഷമത ലഭിക്കുമെന്ന് കരുതപ്പെടുന്ന 1.5 ലീറ്റർ നെക്സ്റ്റ് ജെൻ കെ–സീരീസ് എൻജിനും വാഹനത്തിലുണ്ട്.
പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, വോയിസ് അസിസ്റ്റ്, വയർലെസ് ചാർജർ, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്സ് അപ് ഡിസ്പ്ലെ, കണക്റ്റർ കാർ ടെക്ക് എന്നിവയുമാണ് പുതിയ എസ്‍യുവിയിൽ. സുരക്ഷയ്ക്കായി 6 എയർബാഗുകൾ, ടയർപ്രെഷർ മോണിറ്ററിങ് സിസ്റ്റം, ഹിൽ അസിസ്റ്റോടു കൂടിയ ഇഎസ്പി. ഹിൽ ഡിസൻഡ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിലുണ്ട്.
മാരുതി സുസുകിയുടെ 1.5 ലിറ്റർ എൻജിനിലും വാഹനം ലഭ്യമാണ്. പുതിയ ബ്രെസ, എക്സ്എൽ 6, എർട്ടിഗ തുടങ്ങിയ വാഹനത്തിൽ ഇതേ എൻജിൻ തന്നെയാണ് ഉപയോഗിക്കുന്നത്. 103 എച്ച്പി കരുത്തും 137 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകളിൽ വാഹനം ലഭിക്കും.
സെഗ്‌മെന്റിലെ ഏറ്റവും വലിയ സൺറൂഫുമായി എത്തുന്ന വാഹനത്തിന് സുസുകിയുടെ ഓൾ ഗ്രിപ് ഓൾ വീൽ ഡ്രൈവുമുണ്ട്. രാജ്യാന്തര വിപണിയിലെ സുസുക്കി വിറ്റാരയിലും എസ്–ക്രോസിലുമുള്ള ഓൾവീൽ ഡ്രൈവ് സിസ്റ്റമായിരിക്കും ഇന്ത്യൻ മോഡലിലുമെത്തുക. ഓട്ടോ, സ്നോ, സ്പോർട്, ലോക്ക് മോഡുകൾ ഈ എസ്‍യുവിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.