ഇതെന്തൊരു കച്ചോടം; സ്വന്തം വിൽപ്പന കണ്ട് സ്വന്തം കണ്ണുതന്നെ തള്ളി മാരുതി
text_fieldsവർഷാവസാനത്തിലും വിൽപ്പനയിൽ നേട്ടം കൊയ്ത് മാരുതി സുസുക്കി ഇന്ത്യ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 20 ശതമാനം വർധനയാണ് വിൽപ്പനയിൽ ഇന്ത്യൻ വാഹനഭീമന് ഉണ്ടായിരിക്കുന്നത്. 2020 ഡിസംബറിൽ 160,226 യൂനിറ്റാണ് മാരുതി വിറ്റഴിച്ചത്. 2020-21 സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ 495,897 യൂനിറ്റാണ് മാരുതിയുടെ വിൽപ്പന. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 13.4 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസംബറിലെ മൊത്തം വിൽപ്പനയിൽ 146,480 യൂനിറ്റ് ആഭ്യന്തര കച്ചവടമാണ്. 9,938 യൂനിറ്റ് കയറ്റുമതി ചെയ്തിട്ടുണ്ട്.
'ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയിൽ തങ്ങൾ പ്രതിജ്ഞാബദ്ധമായി തുടരുമെന്ന്' കമ്പനി അധികൃതർ അറിയിച്ചു. എല്ലാ നിർമ്മാണ, വിൽപ്പന, സേവന പ്രവർത്തനങ്ങളും ജീവനക്കാർക്കും ഉപഭോക്താക്കൾക്കുമുള്ള സുരക്ഷ പരിഗണിച്ചുമാത്രമേ ചെയ്യുകയുള്ളൂ എന്നും കമ്പനി പറയുന്നു. പതിവുപോലെ ചെറുകാറുകളിെല വിൽപ്പനയിലാണ് മാരുതിക്ക് കുതിപ്പുണ്ടായത്. ആൾട്ടോ, എസ്-പ്രസ്സോ എന്നിവ ഉൾപ്പെടുന്ന ചെറു കാറുകളുടെ വിൽപ്പന 4.4 ശതമാനം ഉയർന്ന് 24,927 യൂണിറ്റായി.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 23,883 ആയിരുന്നു.
അതുപോലെ, വാഗൺ ആർ, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്നിസ്, ബലേനോ, ഡിസയർ എന്നിവയുൾപ്പെടെ കോംപാക്റ്റ് വിഭാഗത്തിന്‍റെ വിൽപ്പന 18.2 ശതമാനം വർധിച്ച് 77,641 യൂനിറ്റായി. കഴിഞ്ഞ വർഷം ഡിസംബറിൽ ഇത് 65,673 കാറുകളായിരുന്നു. മിഡ്-സൈസ് സെഡാൻ സിയാസിന്‍റെ വിൽപ്പന 28.9 ശതമാനം കുറഞ്ഞ് 1,270 യൂണിറ്റായി. 2019 ഡിസംബറിൽ ഇത് 1,786 ആയിരുന്നു.
വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എക്സ് എൽ 6, എർട്ടിഗ എന്നിവയുൾപ്പെടെ യൂട്ടിലിറ്റി വാഹന വിൽപ്പന 8 ശതമാനം ഉയർന്ന് 25,701 യൂണിറ്റായി. മുൻ വർഷം ഇത് 23,808 ആയിരുന്നു. കയറ്റുമതി 31.4 ശതമാനം ഉയർന്ന് 9,938 യൂനിറ്റായി. കഴിഞ്ഞ വർഷം ഇത് 7,561 യൂണിറ്റായിരുന്നു. ഒക്ടോബർ-ഡിസംബർ പാദത്തിൽ (ക്യു 3) മാരുതി മൊത്തം വിൽപ്പനയിൽ 13.4 ശതമാനം വളർച്ച നേടി. 4,95,897 യൂനിറ്റാണ് ഇക്കാലയളവിലെ വിൽപ്പന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.