ജിപ്സിക്ക് പകരക്കാരൻ! ഇന്ത്യൻ സൈന്യത്തിലേക്ക് 'കടന്നുകയറാൻ' ജിംനി
text_fieldsഇന്ത്യക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് മാരുതി സുസുക്കി ജിംനി 5 ഡോർ പതിപ്പ്. ജൂൺ ഏഴിനാണ് ജിംനി വിപണിയിലെത്തുക. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് , ജിംനി 5 ഡോർ യൂനിറ്റുകൾ വാങ്ങുന്നത് ഇന്ത്യൻ സായുധ സേനയുടെ പരിഗണനയിലാണ്. സേന താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഔദ്യോഗികമായി ജിംനി വിപണിയിൽ അവതരിപ്പിച്ചു കഴിഞ്ഞാൽ കമ്പനിക്ക് ഇത് ഏറ്റെടുക്കാമെന്നും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിങ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ സ്ഥിരീകരിച്ചു. ചില പരിഷ്‌കാരങ്ങളോടെയാവും പ്രതിരോധ സേനയിലേക്ക് ജിംനി എത്തുക. മാരുതി സുസുക്കി ജിപ്‌സി എന്ന കരുത്തൻ ദശാബ്ദങ്ങളായി സായുധ സേനകളുടെ ഭാഗമാണ്.
'എല്ലാ കണ്ണുകളും ഇപ്പോൾ ജിംനിയിലാണ്. ജിംനി അഞ്ച് ഡോർ പതിപ്പ് ലഭിക്കുന്ന ആദ്യത്തെ വിപണി ഇന്ത്യയാണ്. ഇന്ത്യൻ സായുധ സേന ജിംനിയോട് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സേനയുടെ ആവശ്യകതകൾക്കനുസരിച്ച് ചില മാറ്റങ്ങൾ വാഹനത്തിൽ ആവശ്യമാണ്. അവയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. പൊതുവിപണിയിൽ വിൽപന ആരംഭിച്ചതിന് ശേഷം സേനക്കായുള്ള ജിംനിയുടെ കാര്യത്തിൽ തീരുമാനമുണ്ടാകും' - ശ്രീവാസ്തവ പറഞ്ഞു.
ലോകമെമ്പാടും ജിംനി 3-ഡോർ പതിപ്പ് വർഷങ്ങളായി വിറ്റഴിക്കപ്പെടുന്നുണ്ട്. 5-ഡോർ പതിപ്പ് ഇന്ത്യൻ വിപണിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. കരുത്തുറ്റ പെട്രോൾ എഞ്ചിൻ, ഓഫ്-റോഡ് ശേഷി, ഉയർന്ന ഇന്ധനക്ഷമത എന്നിവയാണ് ജിംനിയുടെ സവിശേഷത.
ഈ കാരണങ്ങളാൽ തന്നെ ഇന്ത്യൻ സായുധ സേനയിൽ മാരുതി ജിപ്‌സി വിശ്വസ്തനായ പോരാളിയായിരുന്നു. ചെറിയ രൂപവും വീൽബേസും, പെപ്പി പെട്രോൾ എഞ്ചിൻ, കഠിനമായ ഭൂപ്രദേശങ്ങളെ എളുപ്പത്തിൽ താണ്ടിക്കയറാൻ കഴിയുന്ന ഓഫ്-റോഡ് ശേഷി എന്നിവയാണ് ജിംനിയിലേക്ക് സേനയെ അടുപ്പിക്കുന്നത്.
പുറത്തിറക്കി 33 വർഷത്തിനുശേഷം 2019-ൽ ആണ് ഇന്ത്യൻ വിപണിയിൽ നിന്ന് ജിപ്സിയെ മാരുതി പിൻവലിക്കുന്നത്. എന്നാൽ ജിപ്സിയെ ഇന്ത്യൻ സേനകൾക്ക് വേണമായിരുന്നു. തുടർന്ന് സായുധ സേനയ്‌ക്കായി പ്രത്യേകം യുനിറ്റുകൾ കമ്പനി നിർമിച്ചുനൽകി. ഓൾഡ് ജെനറേഷൻ ടാറ്റ സഫാരിയും ഇതുപോലെയായിരുന്നു.
വിൽപന നിർത്തിയ സഫാരി, പിന്നീട് സേനകൾക്ക് മാത്രമായി നിർമ്മിച്ചുനൽകി.ചുരുക്കത്തിൽ ഇന്ത്യൻ സൈന്യം തിരയുന്നത് കരുത്തനായ ഒരു പകരക്കാരനെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.