സി.എൻ.ജി കാറുകളുടെ ഉൽപാദനം കൂട്ടാൻ മാരുതി
text_fieldsകുതിച്ചുയരുന്ന ഇന്ധനവില കണക്കിലെടുത്ത് പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഉൽപാദനം കുറക്കാനും സമ്മർദിത പ്രകൃതിവാതകം (സി.എൻ.ജി) ഇന്ധനമാക്കിയ കാറുകളുടെ ഉൽപാദനം കൂട്ടാനും മാരുതി തീരുമാനം. മാരുതി-സുസുക്കി ഇന്ത്യ സീനിയർ എക്സിക്യൂട്ടിവ് ഡയറക്ടർ (സെയിൽസ് ആൻഡ് മാർക്കറ്റിങ്) ശശാങ്ക് ശ്രീവാസ്തവയാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം 1.62 ലക്ഷം സി.എൻ.ജി കാറുകളാണ് മാരുതി വിറ്റത്. ഈ വർഷം അതു മൂന്നുലക്ഷത്തിലെത്തുമെന്ന് ശ്രീവാസ്തവ പറഞ്ഞു.
ആകെയുള്ള 15 മോഡലുകളിൽ ഏഴെണ്ണത്തിലാണ് നിലവിൽ സി.എൻ.ജി ഓപ്ഷനുള്ളത്. മറ്റ് കാറുകളിൽ കൂടി അത് ഏർപ്പെടുത്തും. ഓൾട്ടോ, എസ്പ്രെസൊ, വാഗൺ ആർ, ഈകൊ, ടൂർസ്, എർട്ടിഗ, സൂപ്പർ ക്യാരി എന്നിവയാണ് സി.എൻ.ജിയുള്ള മാരുതി-സുസുക്കി മോഡലുകൾ.
നിലവിൽ സി.എൻ.ജി വാഹനങ്ങൾക്ക് വൻ ഡിമാൻഡുണ്ടെന്ന് വ്യക്തമാക്കിയ ശ്രീവാസ്തവ, ഒന്നര വർഷത്തിനകം രാജ്യത്തെ സി.എൻ.ജി ഇന്ധനം നിറക്കൽ കേന്ദ്രങ്ങളുടെ എണ്ണം ഇപ്പോഴത്തെ 3300ൽനിന്ന് 8700ലേക്ക് ഉയരുമെന്നും അറിയിച്ചു. ഇന്ധന ഇറക്കുമതി കുറക്കുക എന്ന ലക്ഷ്യം കേന്ദ്ര സർക്കാറിനും ഉള്ളതിനാൽ 2025 ഓടെ 10,000 സി.എൻ.ജി ഫില്ലിങ് സ്റ്റേഷനുകൾ രാജ്യത്ത് സ്ഥാപിക്കപ്പെടുമെന്നും ശ്രീവാസ്തവ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.