എസ്.യു.വിയടക്കം പുതിയ സെഗ്‌മെൻറുകളിൽ കൈവെക്കാൻ മാരുതി
text_fieldsഇന്ത്യക്കാരുടെ മനമറിഞ്ഞുള്ള മോഡലുകളാണ് ഓരോ തവണയും മാരുതി സുസുക്കി പുറത്തിറക്കുന്നത്. ഇത് തന്നെയാണ് ഇന്ത്യൻ വിപണിയിൽ എന്നും മുന്നിൽനിൽക്കാൻ കമ്പനിക്ക് തുണയേകുന്നതും. സ്വന്തം വാഹനങ്ങളുള്ള സെഗ്മെൻറിലെല്ലാം വ്യക്തമായ ആധിപത്യം മാരുതിക്കുണ്ട്. മിതമായതും സാധാരണക്കാർക്ക് താങ്ങാനാവുന്നതുമായ മോഡലുകൾ ഇറക്കിയാണ് വിവിധ സെഗ്‌മെൻറുകൾ മാരുതി കൈയടക്കാറ്.
1980കളിൽ എൻട്രി മോഡലുകളായ 800ഉം ഓമ്‌നിയും നിരത്തിലിറക്കിയാണ് കമ്പനി ജൈത്ര യാത്ര തുടങ്ങുന്നത്. തുടർന്ന് സെൻ മുതൽ വാഗൺ ആർ, സ്വിഫ്റ്റ്, ഡിസയർ, ബലേനോ, വിറ്റാര ബ്രെസ്സ, സിയാസ് തുടങ്ങിയ മോഡലുകൾ വിപണി കീഴടക്കി. മുന്നോട്ടുള്ള യാത്രയിൽ പുതിയ മോഡലുകൾ പുറത്തിറക്കാനുള്ള രൂപരേഖകളാണ് മാരുതിയുടെ അണിയറയിൽ ഒരുങ്ങുന്നത്.
മാരുതി സുസുക്കി തങ്ങൾക്ക് മോഡലുകളില്ലാത്ത മാർക്കറ്റ് സെഗ്‌മെൻറുകൾ വിലയിരുത്താൻ തുടങ്ങിയിട്ടുണ്ട്. ഈ ശൂന്യമായ ഇടങ്ങളെ 'റെഡ് സ്പോട്ടുകൾ' എന്നാണ് കമ്പനി വിളിക്കുന്നത്.
പ്രധാനമായും മിഡ് എസ്.യു.വി വിഭാഗത്തിലാണ് വാഹനങ്ങൾ ഇല്ലാത്തതെന്ന് മാരുതി സുസുക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ ചൂണ്ടിക്കാട്ടുന്നു. തീരെ മോഡലുകൾ ഇല്ലാത്തതും വിൽപ്പന കാര്യമായി നടക്കാത്തതുമായ സെഗ്‌മെൻറുകൾ കമ്പനി പരിശോധിക്കുകയാണ്. ഈ വിഭാഗങ്ങൾ മികച്ച വാഹനങ്ങൾ ഇറക്കാൻ കമ്പനി ആഗ്രഹിക്കുന്നു. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ അറിഞ്ഞ ശേഷമായിരിക്കും വാഹനങ്ങൾ ഒരുക്കുകയെന്നും ശശാങ്ക് ശ്രീവാസ്തവ പറയുന്നു.
ആൾട്ടോ, എസ്-പ്രസ്സോ, വാഗൺ ആർ തുടങ്ങിയ മോഡലുകളുള്ള എൻട്രി ലെവൽ എ-സെഗ്‌മെൻറിൽ മാരുതി സുസുക്കിക്ക് ശക്തമായ വിപണി കൈവശമുണ്ട്. കൂടാതെ ബി-സെഗ്‌മെൻറിൽ സ്വിഫ്റ്റ്, ബലേനോ, ഡിസയർ, വിറ്റാര ബ്രെസ്സ തുടങ്ങിയവർ അണിനിരക്കുന്നു. ബി പ്ലസ്, എൻട്രി സി സെഗ്‌മെൻറുകളിലാണ് ശക്തമായ മോഡലുകൾ ഇല്ലാത്തത്. ഇതിൽ പ്രധാനമായും മിഡ് എസ്.യു.വി മോഡലുകളാണ്.
ഈ വിഭാഗത്തിൽ വിപണി ഏറെ മുന്നേറുന്നുണ്ട്, പ്രത്യേകിച്ച് കിയ സെൽറ്റോസ് 2019ൽ വിൽപ്പനക്കെത്തിയശേഷം. ഹ്യുണ്ടായ് ക്രെറ്റയും എം.ജി ഹെക്ടറും ഈ വിഭാഗത്തിൽ കരുത്ത് തെളിയിച്ചവരാണ്. മിഡ് എസ്.യു.വി വിഭാഗത്തിൽ ഓരോ വർഷവും ഏകദേശം 4.5 ലക്ഷം യൂനിറ്റുകളാണ് ഇന്ത്യയിൽ വിറ്റുപോകുന്നത്. ബി പ്ലസ്, സി സെഗ്‌മെൻറുകളിൽ സിയാസ്, എസ്-ക്രോസ് പോലുള്ള മോഡലുകൾ ഉണ്ടെങ്കിലും കമ്പനിയുടെ പ്രതീക്ഷക്ക് അനുസരിച്ചുള്ള വിൽപ്പനയില്ല.
'സെൽറ്റോസ്, ക്രെറ്റ, ഹെ്കടർ എന്നിവയുള്ള മിഡ് എസ്.യു.വി സെഗ്‌മെൻറിൽ മാരുതിക്കുള്ളത് എസ്-ക്രോസാണ്. കഴിഞ്ഞ ആഗസ്റ്റിൽ ബി.എസ് 6 മോഡൽ പുറത്തിറങ്ങിയതോടെ എസ്-ക്രോസിൻെറ വിൽപന ഉയർന്നിട്ടുണ്ട്. പക്ഷെ, വേഗത്തിൽ വളരുന്ന സെഗ്‌മെൻറിൻെറ നിലയിലേക്ക് എസ് ക്രോസിൻെറ വിൽപ്പന ഉയർന്നിട്ടില്ല. എൻട്രി ലെവൽ എസ്.യു.വി സെഗ്‌മെൻറിലെ മുൻനിര മോഡലാണ് വിറ്റാര ബ്രെസ്സ. ഏകദേശം 4.5 ലക്ഷം യൂനിറ്റുകൾ വിൽക്കുന്ന ഈ സെഗ്‌മെൻറിൽ ബ്രെസ്സ മുന്നിൽ തന്നെയുണ്ട്. ഇനി മിഡ് എസ്.യു.വി സെഗ്‌മെൻറിൽ വിൽപ്പന വർധിപ്പിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്' -ശ്രീവാസ്തവ പറയുന്നു.
2019ൽ ലോക വിപണിയിലെത്തിയ വിറ്റാര എന്ന മോഡലിനെ മിഡ് എസ്.യു.വി സെഗ്മെൻറിലേക്ക് കൊണ്ടുവരാൻ മാരുതി ലക്ഷ്യമിടുന്നതായാണ് വിവരം. കൂടാതെ ത്രീ ഡോർ ലൈഫ് സ്റ്റൈൽ എസ്.യു.വിയായ ജിംനിയും ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. വിറ്റാര അധിഷ്ഠിത എസ്.യു.വി ബിഡാദി പ്ലാൻറിൽ നിർമിക്കാൻ മാരുതി സുസുക്കി ജാപ്പനീസ് പങ്കാളിയായ ടൊയോട്ടയുമായി ചർച്ച നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.