ഇന്ധന വിലയിൽ വലഞ്ഞിരിക്കുകയാണോ? സി.എൻ.ജി ബ്രെസ്സ ഒന്ന് പരീക്ഷിച്ച് നോക്കിയാലോ?
text_fieldsവാഹന നിർമാതാക്കളെല്ലാം വൈദ്യുതിയുടെ പിന്നാലെ പായുേമ്പാഴും 'സമയമായിട്ടില്ല' എന്ന കടുംപിടിത്തത്തിലാണ് മാരുതി സുസുക്കി. വൈദ്യുതിക്ക് പകരം സി.എൻ.ജി ആണ് മാരുതി കാണുന്ന ബദൽ. മാറ്റത്തിനോടൊപ്പം നിന്നില്ലെങ്കിൽ കാലം നിങ്ങളെ എടുത്തുമാറ്റും എന്ന മുന്നറിയിപ്പ് ഇതിനകംതന്നെ വാഹന മേഖലയിലെ വിദഗ്ധർ മാരുതിക്ക് നൽകിയിട്ടുമുണ്ട്. എന്നാൽ തങ്ങളുടെ നിലപാടിലുറച്ച് കൂടുതൽ വാഹനങ്ങളെ സി.എൻ.ജി ആക്കാനാണ് മാരുതിയുടെ തീരുമാനം.
സ്വിഫ്റ്റ്, ഡിസയർ, ബ്രെസ്സ പോലുള്ള പ്രീമിയം മോഡലുകളുടെ സി.എൻ.ജി പതിപ്പുകൾ ഉടൻ നിരത്തിലിറക്കാനാണ് ഇന്ത്യൻ വാഹനഭീമെൻറ നീക്കം. സിഎൻജി പവർട്രെയിൻ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യ എസ്‌യുവിയായിരിക്കും ബ്രെസ്സ. അരീന ഡീലർഷിപ്പ് വഴി വിൽക്കുന്ന എല്ലാ വാഹനങ്ങൾക്കും സി.എൻ.ജി പതിപ്പ് നൽകാനും മാരുതിക്ക് പദ്ധതിയുണ്ട്.
ബ്രെസ്സ സിഎൻജി
ബ്രെസ്സ സിഎൻജിക്ക് കരുത്തും ടോർക്കും പെട്രോൾ മോഡലിനേക്കാൾ കുറവായിരിക്കും. 1.5 ലിറ്റർ, നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ തന്നെയായിരിക്കും വാഹനത്തിൽ ഉൾപ്പെടുത്തുക. 105എച്ച്.പി കരുത്തും 138എൻ.എം ടോർക്കും പെട്രോൾ ബ്രെസ്സക്ക് ലഭിക്കുന്നുണ്ട്. ഇത്രയും കരുത്ത് സി.എൻ.ജിയിൽ ഉണ്ടാകില്ല. മിഡ്-സ്പെക്ക് എൽഎക്സ്ഐ, വിഎക്സ്ഐ ട്രിമ്മുകളിലാവും സി.എൻ.ജി ഉൾപ്പെടുത്തുക.
2020 ൽ വിറ്റാര ബ്രെസ്സ പുതുക്കിയപ്പോൾ, ചെറിയ സ്റ്റൈലിംഗ് മാറ്റങ്ങൾ വരുത്തിയിരുന്നു. സിഎൻജി പതിപ്പിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.
'ഭാഗ്യവശാൽ, വിപണിയിൽ സിഎൻജി ഉപയോഗം, പ്രത്യേകിച്ച് ചെറിയ കാറുകൾക്ക് ഏറെ സാധ്യതയുള്ളതാണ്. ഉപഭോക്താക്കൾക്ക് ഇത് വളരെ സ്വീകാര്യവുമാണ്'-മാരുതി ചെയർമാൻ ആർ.സി. ഭാർഗവ പറഞ്ഞു.
ഇന്ധന ഉപഭോഗവും മലിനീകരണവും ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന സിഎൻജി, ഹൈബ്രിഡ് കാറുകളാണ് മാരുതിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020-21 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര വിപണിയിൽ മൊത്തത്തിലുള്ള വിൽപ്പന എട്ട് ശതമാനം കുറഞ്ഞെങ്കിലും സിഎൻജി വാഹനങ്ങളുടെ വിൽപ്പന 50 ശതമാനത്തോളം വർധിച്ചതായി മാരുതിയുടെ വാർഷിക റിപ്പോർട്ടിലും ചൂണ്ടിക്കാണിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.