മാരുതി കുപ്പായമിടാൻ ഇന്നോവ ഹൈക്രോസ്
text_fieldsടൊയോട്ടയുടെ കരുത്തൻ എം.പി.വി ഇന്നോവ ഹൈക്രോസ് മോഡലിനെ തങ്ങളുടെ ബാഡ്ജിങ്ങിൽ വിപണിയിലെത്തിക്കാനൊരുങ്ങി മാരുതി സുസുക്കി. ടൊയോട്ടയിൽ നിന്നുള്ല ഒരു ഹൈബ്രിഡ് മോഡലിലൂടെ പ്രീമിയം എം.പി.വിസെഗ്മെന്റിലേക്ക് പ്രവേശിക്കാൻ പോകുന്നുവെന്ന് മാരുതി കഴിഞ്ഞദിവസമാണ് വെളിപ്പെടുത്തിയത്. ഇരു കമ്പനികളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഭാഗമായാണ് നടപടി. രണ്ട് മാസത്തിനുള്ളിൽ വാഹനം അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ടൊയോട്ട ഇന്ത്യക്ക് നിലവിൽ ഇന്ത്യയിൽ രണ്ട് സ്റ്റ്രോങ് ഹൈബ്രിഡ് എം.പി.വികളാണുള്ളത്. ഇന്നോവ ഹൈക്രോസും വെൽഫയറും. എന്നാൽ വെൽഫയറിന് ഒരു കോടിക്ക് മുകളിൽ വില ഉള്ളതിനാൽ ഹൈക്രോസിനെ തന്നെയാവും മാരുതി സ്വന്തമാക്കുക. മാരുതിയുടെ പ്രീമിയം നെക്സ ഔട്ട്‌ലെറ്റുകൾ വഴിയാവും വാഹനം വിപണിയിലെത്തിക്കുക.
പെട്രോൾ, പെട്രോൾ ഹൈബ്രിഡ് പതിപ്പുകളിലായി ലഭിക്കുന്ന ഇന്നോവ ഹൈക്രോസിന്‍റെ വില ആരംഭിക്കുന്നത് 18.30 ലക്ഷം രൂപയിലാണ്. പെട്രോൾ മോഡലിന്റെ ജി 7 സീറ്ററിന് 18.30 ലക്ഷം രൂപയും ജി 8 സീറ്ററിന് 18.35 ലക്ഷം രൂപയുമാണ് വില. ജിഎക്സ് 7 സീറ്റിന് 19.15 ലക്ഷം രൂപയും ജിഎക്സ് 8 സീറ്റിന് 19.20 ലക്ഷം രൂപയുമാണ് വില. ഇന്ധനക്ഷമത കൂടിയ പെട്രോൾ ഹൈബ്രിഡ് മോഡലിന്റെ വില ആരംഭിക്കുന്നത് 24.01 ലക്ഷം രൂപയിലാണ്.
വിഎക്സ് 7 സീറ്റിന് 24.01 ലക്ഷം രൂപയും വിഎക്സ് 8 സീറ്റിന് 24.06 ലക്ഷം രൂപയും ഇസഡ്എക്സിന് 28.33 ലക്ഷം രൂപയും ഇസഡ്എക്സ് ഓപ്ഷനലിന് 28.97 ലക്ഷം രൂപയുമാണ് വില. 186 ബി.എച്ച്.പി കരുത്ത് ഉത്പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഹൈക്രോസ് ഹൈബ്രിഡ് വേരിയന്റിന് കരുത്തേകുന്നത്. ഹൈക്രോസിന്റെ ബേസ് വേരിയന്റുകള്‍ക്ക് 172 ബി.എച്ച്.പി കരുത്ത് പകരുന്ന നാചുറലി ആസ്പിരേറ്റഡ് മോട്ടോര്‍ ആണ് ലഭിക്കുന്നത്.
നിലവിൽ ബലേനോ, ഗ്രാന്‍റ് വിറ്റാര എന്നീ മോഡലുകൾ ടൊയോട്ടയുമായി മാരുതി പങ്കിടുന്നുണ്ട്. ഗ്ലാൻസ, ഹൈക്രോസ് എന്നീ മോഡലുകളാണിവ. അർബൺ ക്രൂയിസർ എന്ന പേരിൽ മാരുതിയുടെ വിറ്റാര ബ്രെസ ടൊയോട്ട വിപണിയിലെത്തിച്ചിരുന്നു. എന്നാൽ ഈ മോഡൽ ടൊയോട്ട പിന്നീട് നിർത്തലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.