ട്രാക്കിലെ പറക്കും കാറുകൾ ഇനി നേരിട്ട് വാങ്ങാം; രാജ്യത്തെ ആദ്യ ഷോറും തുറന്ന് മക്‌ലാറെൻ
text_fieldsലക്ഷ്വറി സൂപ്പർ കാർ നിർമാതാക്കളായ മക്‌ലാറെൻ ഇന്ത്യയിലെ ആദ്യ ഷോറൂം മുംബൈയിൽ തുറന്നു. ബ്രിട്ടീഷ് എഞ്ചിനീയറിങ്ങിന്റെ പരിപൂർണ്ണത എന്നാണ് മക്‌ലാറെൻ വാഹനങ്ങൾ അറിയപ്പെടുന്നത്. ഫോർമുല വണ്ണിൽ നിരവധി മിന്നും വിജയങ്ങളും ഇവർ സ്വന്തമാക്കിയിട്ടുണ്ട്.
ബ്രിട്ടൻ ആസ്ഥാനമാക്കിയാണ് ഈ ആഡംബര സ്പോർട്സ് കാർ നിർമാതാക്കൾ പ്രവർത്തിക്കുന്നത്. ഷോറൂം ഉദ്ഘാടനത്തിനുമുൻപ് തന്നെ ബ്രാൻഡിന്റെ കാറുകൾ സ്വകാര്യ ഡീലറായ ഇൻഫിനിറ്റി കാർസ് ഇന്ത്യൻ വിപണിയിലെത്തിച്ചിരുന്നു. പൂർണമായും ഇറക്കുമതി ചെയ്തായിരുന്നു വിൽപ്പന.
മക്‌ലാറെൻ നേരിട്ട് പരിശീലിപ്പിച്ച എൻജിനീയർമാർ നേതൃത്വം നൽകുന്ന സർവീസ് സെന്ററും മുംബൈയിൽ ആരംഭിച്ചിട്ടുണ്ട്. ഷോറൂം ലോഞ്ചിനോടനുബന്ധിച്ച് 765 എൽ.ടി സ്പൈഡർ മോഡലും ഇന്ത്യയിൽ പുറത്തിറക്കി. മക്‌ലാറെൻ നിർമിച്ചതിൽ വച്ച് ലോകത്തിൽ ഏറ്റവും വേഗതയേറിയ കൺവർട്ടബിളാണ് ഈ വാഹനമെന്നാണ് നിർമാതാക്കളുടെ അവകാശവാദം. ട്രാക്കിനു വേണ്ടി പ്രത്യേകം നിർമിച്ച ലോങ്ടെയിൽ മോഡലുകളുടെ ഭാഗമാണ് ഈ വാഹനം.
സ്പൈഡർ – കൂപ്പെ പതിപ്പുകളുടെ അതേ എയ്റോഡൈനാമിക് കാർബൺ ഫൈബർ ബോഡി വർക്ക് തന്നെയാണ് ഈ വാഹനത്തിനും. 765 എച്ച്പി – 800 എൻഎം കരുത്ത് സംഗമിക്കുന്ന വാഹനത്തിന് 4.0 ലീറ്റർ ട്വിൻ ടർബോ വി8 എൻജിനാണ്. 7 സ്പീഡ് സീക്വൻഷ്യൽ ഗിയർബോക്സാണ് റിയർ വീൽഡ്രൈവ് വാഹനത്തിന് ഇന്ത്യയിലെ വില സംബന്ധിച്ച സൂചനകൾ നൽകിയിട്ടില്ല. ഹൈബ്രിഡ് സൂപ്പർകാറുകൾ അടുത്ത വർഷം തന്നെ പുറത്തിറക്കുമെന്നാണ് അധികൃതർ പറയുന്നത്.
ഉപഭോക്താക്കളുടെ പ്രതീക്ഷകൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുമെന്ന് മക്ലാരൻ മുംബൈയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ലളിത് ചൗധരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.