വില ആറ് കോടി രൂപ; ആഡംബര രാജാവ് ബെന്റ്ലെ ബെന്റയ്ഗ ഇ.ഡബ്ല്യു.ബി ഇന്ത്യയിൽ
text_fieldsലോകത്തിലെ ഏറ്റവും മികച്ച എസ്.യു.വി എന്ന് പേരെടുത്ത ബെന്റ്ലെ ബെന്റയ്ഗയുടെ എക്സ്റ്റന്റഡ് വീൽ ബേസ് വകഭേദം രാജ്യത്ത് അവതരിപ്പിച്ചു. പേരുപോലെ നീളമുള്ള വീൽബേസ് ആണ് സ്റ്റാൻഡേർഡ് ബെന്റയ്ഗയും ഇ.ഡബ്ല്യു.ബിയും തമ്മിലുള്ള വ്യത്യാസം. പുതിയ എസ്.യു.വിയുടെ വീൽബേസ് 180 എംഎം വർധിപ്പിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ് ബെന്റെയ്‌ഗയ്ക്ക് 2,995 എം.എം വീൽബേസ് ഉണ്ട്. അതേസമയം ഇഡബ്ല്യുബിക്ക് 3,175 എം.എം ആണ് വീൽബേസ്. വാഹനത്തിന്റെ മൊത്തത്തിലുള്ള നീളം 5,322 മില്ലിമീറ്ററാണ്.
ബ്രിട്ടീഷ് അൾട്രാ ലക്ഷ്വറി കാർ നിര്‍മ്മാതാക്കളായ ബെന്‍റ്ലി തങ്ങളുടെ ഔദ്യോഗിക പങ്കാളിയായ എക്‌സ്‌ക്ലൂസീവ് മോട്ടോഴ്‌സുമായി ചേർന്നാണ് ബെന്‍റെയ്‌ഗ എക്‌സ്‌റ്റൻഡഡ് വീൽബേസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ആറ് കോടി രൂപയാണ് എക്‌സ്-ഷോറൂം, ഇന്ത്യ വില. കസ്റ്റമൈസേഷൻ ഓപ്ഷനുകളെ അടിസ്ഥാനമാക്കി വില ഇനിയും കൂടും. അസൂർ വേരിയന്റിലാണ് വാഹനം രാജ്യത്ത് എത്തുന്നത്.
നീളമുള്ള വീൽബേസ് കാരണം രണ്ടാമത്തെ നിരയിലെ യാത്രക്കാർക്ക് മെച്ചപ്പെട്ട ലെഗ്റൂം ലഭിക്കും. പുതിയ ഓട്ടോ ക്ലൈമറ്റ് സെൻസിങ് സിസ്റ്റവും പോസ്‌ചറൽ അഡ്ജസ്റ്റിങ് ടെക്‌നോളജിയുമായി വരുന്ന 22 തരത്തിൽ ക്രമീകരിക്കാവുന്ന എയർലൈൻ സീറ്റുകളും വാഹനത്തിൽ ലഭിക്കും. 40 ഡിഗ്രിവരെ സീറ്റുകൾ ചരിക്കാനാവും.
യാത്രക്കാരന്റെ ശരീര താപനിലയും ഉപരിതല ഈർപ്പവും മനസ്സിലാക്കുകയും അതിനനുസരിച്ച് അന്തരീക്ഷ താപനിലയും വായുപ്രവാഹവും ക്രമീകരിക്കുകയും ചെയ്യുന്ന സംവിധാനമാണ് ഓട്ടോ ക്ലൈമറ്റ് സെൻസിങ്.
പുതിയ ഫ്രണ്ട് ഗ്രില്ലും പോളിഷ് ചെയ്‍ത 22 ഇഞ്ച് അലോയ് വീലുകളും സ്റ്റാൻഡേർഡാണ്. ക്വിൽറ്റഡ് സീറ്റുകൾ, മൂഡ് ലൈറ്റിങ്, ഹീറ്റഡ് സ്റ്റിയറിങ് വീൽ, അഡ്വാൻസ്ഡ് ഡ്രൈവർ എയ്ഡ്സ് എന്നിവ അസൂർ വേരിയന്റിലുണ്ട്. കൂടാതെ, ഓൾ വീൽ സ്റ്റിയറിങ്ങും ഉണ്ട്. പുതിയ 22 ഇഞ്ച്, 10-സ്പോക് അലോയ് വീലുകളാണ് വാഹനത്തിന്.
582 bhp കരുത്തും 770 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ V8 ട്വിൻ-ടർബോ പെട്രോൾ എഞ്ചിനാണ് കൂറ്റൻ ലക്ഷ്വറി എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ഇത് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. ബെന്‍റെയ്ഗ ഇഡബ്ല്യുബിയുടെ ഉയർന്ന വേഗത 290 kmph ആണ്. 4.6 സെക്കൻഡിനുള്ളിൽ പൂജ്യത്തില്‍ നിന്നും 100 കിമി വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും.
റോൾസ് റോയ്സ് കള്ളിനൻ ആണ് (6.95 കോടി രൂപ) പ്രധാന എതിരാളി. ബെൻസ് മെബാ ജി.എൽ.എസ്, ഹയർ-സ്പെക്ക് റേഞ്ച് റോവർ എൽ.ഡബ്ല്യു.ബി എന്നിവയും എതിരാളികളായി പരിഗണിക്കാവുന്ന വാഹനങ്ങളാണ്. എന്നാൽ ഇവയ്ക്ക് വില കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.