തകരാർ കാരണം തീപിടിക്കാൻ സാധ്യത; എന്നാൽ തിരിച്ചുവിളിക്കാനുമാവില്ല, വാഹന നിർമാതാവ് പ്രതിസന്ധിയിൽ
text_fieldsനിർമാണം കഴിഞ്ഞ വാഹനങ്ങളിൽ തകരാർ കണ്ടെത്തിയാൽ അത് പരിഹരിക്കാനുള്ള മാർഗമാണ് തിരിച്ചുവിളിക്കൽ. നിലവിലുള്ള വലുതും ചെറുതുമായ എല്ലാ വാഹന നിർമാതാക്കളും കാലാകാലങ്ങളിൽ ഇത്തരം തിരിച്ചുവിളിക്കലുകൾ നടത്താറുണ്ട്. ജർമൻ വാഹന ഭീമനായ ബെൻസ് ഇപ്പോൾ മറ്റൊരു പ്രതിസന്ധിയിലാണ്. തകരാർ കണ്ടെത്തിയിട്ടും വാഹനം തിരിച്ചുവിളിച്ച് പരിഹാരം കണ്ടെത്താനാവുന്നില്ല എന്നതാണാ പ്രതിസന്ധി.
തീരെ നിസാരമല്ല തകരാർ എന്നതും ബെൻസിനെ വിഷമിപ്പിക്കുന്നുണ്ട്. ചിലപ്പോൾ ഒാടുന്ന വാഹനത്തിന് തീപിടിക്കാൻവരെ സാധ്യതയുണ്ടെന്നാണ് ബെൻസ് എഞ്ചിനീയർമാർ പറയുന്നത്. ഒന്നും രണ്ടുമല്ല ഏകദേശം 800,000 ബെൻസ് വാഹനങ്ങളെ തകരാർ ബാധിച്ചതായാണ് റിപ്പോർട്ട്. വാഹനങ്ങളിലെ സാങ്കേതിക തകരാർ മൂലം തീപിടുത്തമുണ്ടാകാൻ സാധ്യതയുള്ളതായി കാർ ഉടമകളെ ബെൻസ് തന്നെ അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രശ്നം തൽക്കാലം പരിഹരിക്കാനാവില്ലെന്നാണ് കമ്പനി പറയുന്നത്. തകരാർ പരിഹരിക്കാൻ ആവശ്യമായ ഭാഗങ്ങൾ ലഭ്യമല്ലാത്തതാണ് പ്രശ്നം. കോവിഡ് മൂലം ഉയർന്നുവന്ന ആഗോള വിതരണ ശൃംഖല പ്രതിസന്ധിയാണ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതിലെ കാലതാമസത്തിന് കാരണം.
പ്രശ്നം കൂളന്‍റ് പമ്പിൽ
കൂളന്റ് പമ്പിലെ ചോർച്ചയാണ് ബെൻസ് വാഹനങ്ങളിലെ പ്രശ്നകാരണം. കൂളന്‍റ് ചോരുന്നതോടെ വിവിധ ഘടകങ്ങൾ ചൂടാവുകയും തീപിടുത്തത്തിന് കാരണമാവുകയും ചെയ്യും. ബെൻസിന്‍റെ ജി.എൽ.ഇ, ജി.എൽ.എസ്, സി ക്ലാസ്, ഇ ക്ലാസ്, എസ് ക്ലാസ്, ഇ ക്ലാസ് കൂപ്പെ, ഇ ക്ലാസ് കൺവെർട്ടിബിൾ തുടങ്ങിയ മിക്കവാറും എല്ലാ മോഡലുകളിലും പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 ജനുവരിക്കും 2021 ഒക്‌ടോബറിനും ഇടയിലാണ് ഈ വാഹനങ്ങൾ നിർമ്മിച്ചത്.
ആവശ്യമായ ഘടകങ്ങൾ ലഭ്യമാകുന്നമുറയ്ക്ക് കാറുകൾ തിരിച്ചുവിളിക്കുമെന്നാണ് നിലവിൽ വാഹന ഉടമകളെ ബെൻസ് അറിയിച്ചിരിക്കുന്നത്. ജനുവരി പകുതിയോടെ തിരിച്ചുവിളിക്കൽ പ്രക്രിയ ആരംഭിക്കും. അപകടസാധ്യതയുള്ള വാഹന ഉടമകൾക്ക് അയച്ച കത്തിൽ ചില നിർദേശങ്ങൾ കമ്പനി നൽകിയിട്ടുണ്ട്. കാറുകളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നും വേഗതയിലും ഡ്രൈവിങ് രീതിയിലും മാറ്റംവരുത്തണമെന്നും ബെൻസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.