‘പീപ്പിൾസ് ഇലക്ട്രിക് കാർ’, കോമറ്റ് ഇ.വിയെപ്പറ്റി അറിയേണ്ടതെല്ലാം
text_fieldsഎം.ജി മോട്ടോഴ്സിന്റെ ചെറു ഇലക്ട്രിക് കാറായ കോമറ്റ് ഇ.വിയുടെ കൂടുതൽ സവിശേഷതകൾ പുറത്തുവിട്ട് കമ്പനി. അവതരണത്തിന്റെ മുന്നോടിയായാണ് വാഹനത്തിന്റെ അകത്തും പുറത്തുമുള്ള പ്രത്യേകതകൾ ചൈനീസ് കമ്പനി പങ്കുവച്ചത്. വില കൃത്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 10 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. വൂലിങ് എയർ എന്ന ചെറു ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കുന്ന ഇ.വിയുടെ ചിത്രങ്ങൾ എംജി നേരത്തേ പുറത്തുവിട്ടിരുന്നു.
മാതൃകമ്പനിയായ സായികിന്റെ GSEV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിക്കുന്ന മൈക്രോ ഇവിക്ക് 2974 മില്ലീമീറ്റർ നീളവും 1505 മില്ലീമീറ്റർ വീതിയും 1640 മില്ലീമീറ്റർ ഉയരവും 2010 മില്ലീമീറ്റർ വീൽബേസുമാണുള്ളത്. വെറും 2.9 മീറ്റർ നീളത്തോടെ എം.ജി കോമറ്റ് ഇവി രാജ്യത്തെ ഏറ്റവും ചെറിയ കാറായി ഇത് മാറുകയും ചെയ്യും. ഇന്തൊനീഷ്യയിൽ പ്രദർശിപ്പിച്ച വാഹനത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിർമാണമെങ്കിലും ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മൂന്നു ഡോർ കാറിൽ നാലുപേർക്ക് സഞ്ചരിക്കാനാകും. ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ച് എയർകോൺ, ബാറ്ററി തെർമൽ മാനേജ്മെന്റ് സിസ്റ്റം എന്നിവയിൽ മാറ്റം വരുത്തും എന്നാണ് എം.ജി പറയുന്നത്.
17.3 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് കോമറ്റിൽ ഉപയോഗിക്കുന്നത്. 230 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിന് ലഭിക്കുന്നത്. 41 ബിഎച്ച്പി കരുത്തും 110 എൻഎം ടോർക്കും വാഹനത്തിനുണ്ട്. 3.3 kW എസി ചാർജർ ഉപയോഗിച്ചാൽ 7 മണിക്കൂറിൽ പൂർണമായും ചാർജ് ചെയ്യും. ബാറ്ററി പ്രാദേശികമായി ടാറ്റ ഓട്ടോകോമ്പിൽ നിന്ന് ലഭ്യമാക്കുമെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ LFP സെല്ലുകൾ ഉപയോഗിക്കും.
പ്രീമിയം ഫീച്ചറുകളുമായിട്ടാണ് പുതിയ കാർ എത്തുന്നത്. 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽടോൺ ഇന്റീരിയർ, കണക്റ്റഡ് കാർ ടെക്ക്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയുണ്ട്. ഇലക്ട്രിക് പാർക്കിങ് ബ്രേക്ക്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, കീലെസ് എൻട്രി ആൻഡ് ഗോ, ഡ്രൈവ് മോഡുകൾ, വോയ്‌സ് കമാൻഡുകൾ പോലുള്ള സൗകര്യങ്ങളും ലഭ്യമാകും.
ആപ്പിൾ ഐപോഡ്-പ്രചോദിത കൺട്രോളുകളുള്ള ടു-സ്പോക്ക് സ്റ്റിയറിങ് വീൽ ഈ കാറിന്റെ മറ്റൊരു സവിശേഷതയാണ്. മുന്നിൽ ഡ്യുവൽ എയർബാഗുകൾ, ഇഎസ്ഇ, ടയർപ്രഷർ മോണിറ്റർ സിസ്റ്റം, റിവേഴ്സ് പാർക്കിങ് ക്യാമറ, എബിഎസ് വിത്ത് ഇബിഡി, ഐഎസ്ഓഫിക്സ് ചൈൽഡ് സീറ്റ് ആങ്കർ എന്നിവ വാഹനത്തിനുണ്ട്. ഈ മാസം തന്നെ വാഹനം പുറത്തിറക്കുമെന്നാണ് എം.ജി അറിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.