എം.ജി കുടുംബത്തിൽ നിന്ന് ലോകത്തിലെ ആദ്യ ഫൈവ് ജി കാർ, പേര് 'റോവ് മാർവൽ ആർ'
text_fieldsമാർവൽ ആർ എന്ന പേരിൽ ലോകത്തിലെ ആദ്യ ഫൈവ് ജി കാർ ചൈനയിൽ പുറത്തിറക്കി. മാർവൽ എക്സ് എന്ന കോഡ് നെയിമിൽ കഴിഞ്ഞവർഷം ഡൽഹി ഓട്ടോ എക്സ്പോയിൽ എം.ജി അവതരിപ്പിച്ച വാഹനത്തിന്‍റെ പിൻഗാമിയായാണ് മാർവൽ ആർ എത്തുന്നത്. ഒരു വൈദ്യുത എസ്.യു.വിയാണ് മാർവൽ ആർ. യഥാർഥത്തിൽ എം.ജി എന്ന ബ്രാൻഡിലല്ല ചൈനയിൽ മാർവൽ ആർ ഇറങ്ങുന്നത്.
എം.ജിയുടെ ഉടമസ്ഥരായ സായികിന്‍റെ സബ്സിഡിയറിയായ റോവ് എന്ന ബ്രാൻഡിലാണ് വാഹനം ചൈനയിൽ എത്തുന്നത്. 5 ജി കണക്റ്റിവിറ്റി ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ വാഹനമാണിത്. സി-വി 2 എക്സ് (സെല്ലുലാർ വെഹിക്കിൾ ടു എവരിതിംഗ്) കമ്മ്യൂണിക്കേഷൻ ടെക് ലെവൽ ആണ് വാഹനത്തിൽ പ്രവർത്തിക്കുന്നത്. ഓട്ടോണമസ് ഡ്രൈവിങ് സംവിധാനങ്ങളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രത്യേകതകൾ
മാർവൽ ആറിൽ 5 ജി കണക്റ്റിവിറ്റി നൽകുന്നത് വാവേയുടെ ബലോങ് 5000 മൾട്ടി-മോഡ് ചിപ്‌സെറ്റാണ്. വെഹിക്കിൾ ടു എവരിതിംഗ് (വി 2 എക്സ്) ആശയവിനിമയങ്ങളെ പിന്തുണയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ മൾട്ടി മോഡ് ചിപ്‌സെറ്റാണിത്. വി 2 എൻ (വെഹിക്കിൾ ടു നെറ്റ്‌വർക്ക്), വി 2 ഐ (വെഹിക്കിൾ ടു ഇൻഫ്രാസ്ട്രക്ചർ), വി 2 പി (വെഹിക്കിൾ ടു പെഡസ്ട്രിയൻ (കാൽനട യാത്രക്കാരൻ), വി 2 വി (വെഹിക്കിൾ ടു വെഹിക്കിൾ) ആശയവിനിമയങ്ങൾ നടത്താൻ വാഹനത്തിനാകും.
ലെവൽ 3 ഓട്ടോണമസ് ഡ്രൈവിങിനായി ഇലക്ട്രിക് എസ്‌യുവിയിൽ 28 സെൻസറുകൾ പിടിപ്പിച്ചിട്ടുണ്ട്. 69.9 കിലോവാട്ട്സ് ബാറ്ററി പായ്ക്കിൽ നിന്നാണ് റോവ് മാർവൽ ആർ വൈദ്യുതി എടുക്കുന്നത്. 505 കിലോമീറ്റർ ആണ് റേഞ്ച്. ബാറ്ററിയുടെ സ്റ്റാൻഡേർഡ് ചാർജിങ് സമയം 12 മണിക്കൂർ ആണ്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 30 മിനിറ്റിൽ ബാറ്ററി 80 ശതമാനംവരെ ചർജ് ചെയ്യാനാകും. രണ്ട് മോട്ടോറുകൾ വഴിയാണ് പവർ ഡെലിവറി നടക്കുന്നത്. 184 എച്ച്പി, 410 എൻഎം ടോർക്ക് എന്നിവ വാഹനം സൃഷ്ടിക്കും.
0-100 കിലോമീറ്റർ വേഗത 7.9 സെക്കൻഡിൽ മാർവൽ കൈവരിക്കും. അടിസ്ഥാന വേരിയന്‍റിന് 24.7 ലക്ഷം ഇന്ത്യൻ രൂപ വിലവരും. പ്രോ വേരിയന്‍റിന് 27 ലക്ഷം വിവരും. 5 ജി കണക്റ്റിവിറ്റിയും സി-വി 2 എക്സ് കമ്മ്യൂണിക്കേഷൻ ടെക്കും ഒരു ഓപ്‌ഷണൽ ആർ പൈലറ്റ് പാക്കേജും ഈ വേരിയന്‍റുമുതൽ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.