പെട്രോള്‍ കാറിന്റെ വിലയില്‍ ഇലക്ട്രിക് കാർ; അത്യാധുനിക ഫീച്ചറുകളുമായി വിന്‍ഡ്സര്‍ ഇ.വി വിപണിയില്‍
text_fieldsആരാധകരുടെ കാത്തിരിപ്പ് വിഫലമാക്കാതെ അത്യാധുനിക ഫീച്ചറുകളുമായി വിന്‍ഡ്സര്‍ ഇ.വി വിപണിയില്‍ അവതരിപ്പിച്ച് എംജി മോട്ടോർസ്. ഹാച്ച്ബാക്കിന്റെയും എസ്.യു.വിയുടേയും പ്രായോഗികത സന്നിവേശിപ്പിച്ചാണ് വിന്‍ഡ്സര്‍ ഒരുക്കിയിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ആര്‍ക്കും വാങ്ങാന്‍ തോന്നുന്ന അഴകും സ്‌റ്റൈലുമാണ് എംജിയുടെ മൂന്നാമത്തെ ഇലക്ട്രിക് കാറിനുള്ളത്. ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിളായ (സി.യു.വി) വിന്‍ഡ്‌സര്‍ ഇ.വിക്ക് 9.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. അതായത് പെട്രോള്‍ കാറിന്റെ വിലയില്‍ ഒരു കിടിലന്‍ ഇ.വികാര്‍ സ്വന്തമാക്കാനാകുമെന്നു സാരം. വിലയില്‍ മാത്രമല്ല ഒറ്റ ചാര്‍ജില്‍ 331 കിലോമീറ്റര്‍ റേഞ്ചെന്ന മികച്ച മൈലേജും കമ്പനി വാഗ്ദാനം നല്‍കുന്നുണ്ട്. ലൈഫ് ടൈം ബാറ്ററി വാറന്റിയോടുകൂടിയാണ് എംജി വിന്‍ഡ്സര്‍ ഇ.വി അവതരിപ്പിച്ചിരിക്കുന്നത്.
വിന്‍ഡ്സറില്‍ ‘ബാറ്ററി ആസ് എ സര്‍വീസ്’ എന്ന സൗകര്യമാണ് കമ്പനി നൽകുന്നത്. ഒരു കിലോമീറ്ററിന് 3.5 രൂപ നല്‍കി വാങ്ങുന്നവര്‍ക്ക് ബാറ്ററി വാടകക്ക് എടുക്കാനുള്ള സൗകര്യമാണ് എംജി നല്‍കുന്നത്. ഇതാണ് വാഹനത്തിന്‍റെ വില കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇലക്ട്രിക് കാര്‍ വാങ്ങുന്നവര്‍ക്ക് ആജീവനാന്ത ബാറ്ററി വാറന്‍റിയും എംജി വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു വര്‍ഷത്തേക്ക് സൗജന്യ പബ്ലിക് ചാര്‍ജിങ് ലഭ്യമാകും. ഇ.വിക്കായുള്ള ബുക്കിങ് ഒക്ടോബര്‍ മൂന്നിന് ഔദ്യോഗികമായി ആരംഭിക്കും, ഡെലിവറി ഒക്ടോബർ 12 മുതല്‍ ഉണ്ടാവുമെന്നാണ് എംജി മോട്ടോര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
എയ്‌റോഗ്ലൈഡ് ഡിസൈനില്‍ പുറത്തിറക്കുന്ന വാഹനം മികച്ച ഡ്രൈവിങ് അനുഭവവും ബിസിനസ് ക്ലാസ് യാത്ര സുഖവുമായിരിക്കും നല്‍കുക. ചൈനീസ് വൈദ്യുത കാര്‍ നിര്‍മാതാക്കളായ വൂളിങിന്റെ ക്ലൗഡ് ഇ.വിയെ അടിസ്ഥാനമാക്കിയാണ് വിന്‍ഡ്‌സര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. യുകെയിലെ വിന്‍ഡ്സര്‍ കാസിലില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ വാഹത്തിന് ഈ പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ സെഡ്.എസ് ഇ.വിക്കും കോമറ്റ് ഇവിക്കും ശേഷം ജെ.എസ്.ഡബ്ല്യു എംജി മോട്ടോര്‍ പുറത്തിറക്കുന്ന മൂന്നാമത്തെ വൈദ്യുത കാറാണിത്.
പനോരമിക് സണ്‍റൂഫ്, സിംഗ്ള്‍ പെയ്ന്‍ ഫിക്സഡ് ഗ്ലാസ് റൂഫ് എന്നിവ വിന്‍ഡ്സര്‍ ഇ.വിക്ക് നല്‍കിയിരിക്കുന്നു. വിശാലമായ ആകാശ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ സണ്‍റൂഫ് തുറക്കാനാവില്ല. ഇന്‍ഫിനിറ്റി വ്യൂ ഗ്ലാസ് റൂഫ് എന്ന് എംജി മോട്ടോര്‍ പേരിട്ടു വിളിക്കുന്ന ഈ ഫീച്ചര്‍ സെഗ്മെന്റില്‍ തന്നെ ആദ്യത്തേതാണ്. കറുപ്പ് നിറത്തിലാണ് കാബിന്‍ തീം ഒരുക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍ പ്ലേയും പിന്തുണക്കുന്ന 15.6 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് മറ്റൊരു ഫീച്ചര്‍. വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടു സ്പോക്ക് സ്റ്റിയറിങ് വീല്‍, ആംബിയന്റ് ലൈറ്റ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ മുന്‍ സീറ്റുകള്‍, ഇലക്ട്രിക് ടെയില്‍ ഗേറ്റ് എന്നിവയും കാണാം. 135 ഡിഗ്രി വരെ മടക്കാവുന്ന പിന്‍ സീറ്റുകള്‍ യാത്രകള്‍ കൂടുതല്‍ അനായാസകരമാക്കും.
ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബൂഷനുള്ള എ.ബി.എസ്, നാല് ഡിസ്‌ക് ബ്രേക്കുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ എന്നിവ എംജി വിന്‍ഡ്സര്‍ ഇ.വിയില്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്ന സുരക്ഷാ സവിശേഷതകളാണ്. അക്വസ്റ്റിക് വെഹിക്കിള്‍ അലര്‍ട്ടിങ് സിസ്റ്റം ഫോര്‍ പെഡസ്ട്രിയന്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റീവ് സിസ്റ്റം പോലുള്ള അധിക സുരക്ഷയും ടോപ്പ് എന്‍ഡ് വേരിയന്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
പ്രിസ്മാറ്റിക് സെല്ലുകളുള്ള 38 കിലോവാട്ട് ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് വിന്‍ഡ്സറിന് തുടിപ്പേകുന്നത്. ഫ്രണ്ട് ആക്സിലില്‍ ഘടിപ്പിച്ചിരിക്കുന്ന മോട്ടോര്‍ 136 ബി.എച്ച് പവറില്‍ പരമാവധി 200 എന്‍.എം ടോര്‍ക്ക് വരെ ഉൽപാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഇക്കോ പ്ലസ്, ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നിങ്ങനെ നാല് ഡ്രൈവിങ് മോഡുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഫാസ്റ്റ് ചാര്‍ജറിലൂടെ 55 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് എംജി അവകാശപ്പെടുന്നു. ക്രോസ് ഓവര്‍ ഇലക്ട്രിക് കാറായാണ് എംജി മോട്ടോര്‍ വിന്‍ഡ്സര്‍ ഇവിയെ പുറത്തിറക്കിയിരിക്കുന്നത്. ബ്രിട്ടീഷ് കമ്പനിയായ എംജിയുടെ ഇന്ത്യയിലെ മൂന്നാമത്തെ ഇലക്ട്രിക് കാറാണ് വിന്‍ഡ്സര്‍. ടാറ്റ കര്‍വ് ഇ.വി, മഹീന്ദ്ര എക്സ്.യു.വി 400 എന്നിവയായിരിക്കും പ്രധാന എതിരാളികള്‍.
എന്താണ് ബാറ്ററി ആസ് എ സര്‍വീസ്
ബാറ്ററി ആസ് എ സര്‍വീസ് (ബി.എ.എസ്) റെന്റല്‍ പ്രോഗ്രാമില്‍ അടിസ്ഥാനപരമായി ഉടമ മുഴുവന്‍ കാറിനും അതിന്റെ ബോഡിക്കും മറ്റ് സവിശേഷതകള്‍ക്കും അത്യാവശ്യ കാര്യങ്ങള്‍ക്കുമായാണ് പണം നല്‍കുന്നത്. എന്നാല്‍ ബാറ്ററി പാക്കിന്റെ വില ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബാറ്ററിയുടെ ഉപയോഗത്തിനായി ഒരു വാടക അല്ലെങ്കില്‍ സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജായി കിലോമീറ്ററിന് 3.5 രൂപ കമ്പനിക്ക് നല്‍കേണ്ടിവരും. വാഹനത്തിനൊപ്പം ബാറ്ററി പാക്കിന്റെ വില ഉള്‍പ്പെടുത്താതെയാണ് വിന്‍ഡ്സര്‍ ഇ.വിക്ക് ഇത്രയേറെ വിലക്കുറവ് എംജി കൈവരിച്ചിരിക്കുന്നത്. ഇവിടെ ബാറ്ററിപാക്ക് വാങ്ങാന്‍ നിങ്ങള്‍ പണം നല്‍കേണ്ടതില്ല, എന്നാല്‍ ഉപയോഗിക്കുന്നതിന് നിങ്ങള്‍ പണം നല്‍കേണ്ടതുണ്ട്.
ഈ സംവിധാനത്തില്‍ ഉപഭോക്താവിന് സാധാരണ ഇ.വിയേക്കാള്‍ കുറഞ്ഞ ചെലവില്‍ വാഹനം വാങ്ങാന്‍ സാധിക്കും. അതായത് 1000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കിലോമീറ്ററിന് 3.5 രൂപ നിരക്കില്‍ 3500 രൂപ ഉപഭോക്താക്കള്‍ നല്‍കേണ്ടിവരും. ഈ തുക എങ്ങനെയാണ് നല്‍കേണ്ടത് എന്ന കാര്യത്തില്‍ ഒക്ടോബര്‍ മൂന്നിന് ശേഷം മാത്രമേ തീരുമാനം ആകുകയുള്ളു. റെന്റല്‍ സംവിധനത്തിലൂടെ അല്ലാതെ ബാറ്ററിപാക്കിന് മുഴുവന്‍ തുക നല്‍കിയും വാഹനം സ്വന്തമാക്കാനുള്ള സൗകര്യമുണ്ട്. വില അല്‍പ്പംകൂടുമെന്നു മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.