റേഞ്ച് 461 കിലോമീറ്റർ, വില 21.99 ലക്ഷം; പരിഷ്കരിച്ച ഇസഡ്.എസ് ഇ.വി അവതരിപ്പിച്ചു
text_fieldsചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‍സിന്റെ പരിഷ്കരിച്ച ഇസഡ്.എസ് ഇ.വി രാജ്യത്ത് അവതരിപ്പിച്ചു. ജൂലൈ മുതൽ ലഭ്യമാകുന്ന എക്‌സൈറ്റ് വേരിയന്റിന് 21.99 ലക്ഷം രൂപയാണ് വില. എക്‌സ്‌ക്ലൂസീവ് വേരിയന്‍റിന്‍റെ വില 25.88 ലക്ഷം രൂപയാണ്.
2019 അവസാനത്തോടെ ഇന്ത്യയില്‍ എത്തിയ വാഹനത്തിന്‍റെ പരിഷ്‍കരിച്ച പതിപ്പാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ റേഞ്ചും സ്റ്റൈലിങ് പരിഷ്കരണങ്ങളും ആധുനികമായ ഫീച്ചറുകളും പുതിയ പതിപ്പില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ റേഞ്ച്
പഴയ മോഡലിനേക്കാൾ കൂടുതൽ റേഞ്ച് കിട്ടും എന്നതാണ് പുതിയ ഇസഡ്.എസ് ഇ.വിയുടെ പ്രത്യേകത. 461കിലോമീറ്ററാണ് പുതിയ വാഹനത്തിൽ എം.ജി വാഗ്ദാനം ചെയ്യുന്നത്. നേരത്തേ ഇത് 419km ആയിരുന്നു. പുറത്തുപോകുന്ന മോഡലിനേക്കാൾ 42km കൂടുതൽ കിട്ടുമെന്ന് സാരം. ഇതിനായി വലിയ ബാറ്ററിയും വാഹനത്തിന് നൽകിയിട്ടുണ്ട്. നേരത്തേയുണ്ടായിരുന്ന 44.5 കിലോവാട്ട് ബാറ്ററി പാക്കിനുപകരം വലിയ 50.3 കിലോവാട്ട് പായ്ക്കാണുള്ളത്. 176 എച്ച്.പി കരുത്തും 353 എൻ.എം ടോർകും ഉത്പാദിപ്പിക്കുന്ന ഫ്രണ്ട്-ആക്‌സിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്തുപകരുന്നത്. മുൻ മോഡലിൽ 143എച്ച്.പി പവർ ഔട്ട്‌പുട്ടാണ് ഉണ്ടായിരുന്നത്. പവർ 33എച്ച്.പി വർധിച്ചു. 8.5 സെക്കൻഡിൽ 0-100 കിലോമീറ്ററിൽ എത്താൻ പുതിയ വാഹനത്തിനാകും.
സ്റ്റൈലിങ് അപ്‌ഡേറ്റുകൾ
പുതിയ ഫ്രണ്ട് ഗ്രില്ലുമായാണ് വാഹനം വരുന്നത്. 17 ഇഞ്ച് ടോമാഹോക്ക് ഹബ് ഡിസൈൻ അലോയ് വീലുകൾ, ഫുൾ എൽഇഡി ഹെഡ് ലൈറ്റ്, ടെയിൽ ലൈറ്റ് യൂനിറ്റുകൾ എന്നിവയും ഇവിക്ക് ലഭിക്കും. കണക്റ്റിവിറ്റിക്കായും നിരവധി സവിശേഷതകൾ വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രീമിയം ലെതർ-ലേയേർഡ് ഡാഷ്‌ബോർഡ്, പനോരമിക് സ്കൈ റൂഫ്, റിയർ സെന്റർ ഹെഡ്‌റെസ്റ്റ്, കപ്പ് ഹോൾഡറുകളുള്ള റിയർ സെന്റർ ആംറെസ്റ്റ്, റിയർ എസി വെന്റുകൾ എന്നിവ ലഭിക്കും.
ആറ് എയർബാഗുകളും ഐ സ്മാർട്ടിൽ ഉൾപ്പെടുന്ന നിരവധി സുരക്ഷാ സവിശേഷതകളും വാഹനത്തിലുണ്ട്. ലെയ്ൻ ചേഞ്ച് അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ട് ഡിറ്റക്ഷൻ,റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രിക് പാർക്കിങ് ബ്രേക്, ഹിൽ ഡിസന്റ് കൺട്രോൾ, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം, ടയർ-പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിസ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 10.1 ഇഞ്ച് എച്ച്ഡി ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് എൽസിഡി ഡ്രൈവർ ഡിസ്‌പ്ലേ, അഞ്ച് യുഎസ്ബി പോർട്ടുകൾ, വയർലെസ് ഫോൺ ചാർജിംഗ്, പിഎം 2.5 ഫിൽട്ടർ, ഡിജിറ്റൽ ബ്ലൂട്ടൂത്ത് കീ എന്നിവയും പ്രത്യേകതകളാണ്.
എതിരാളികൾ
ഇന്ത്യയിലെ ഇവി മാർക്കറ്റിൽ ടാറ്റ നെക്‌സോൺ ഇ.വിയെക്കാൾ പ്രീമിയം ആണ് ഇസഡ്.എസ്. നെക്‌സോൺ ഇവിക്ക് നിലവിൽ 312 കിലോമീറ്റർ റേഞ്ച് ഉണ്ട്. നെക്‌സോണിന്റെ റേഞ്ച് വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റയിപ്പോൾ. വരും മാസങ്ങളിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള ഹ്യുണ്ടായ് കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റും എം.ജി മോഡലിന്റെ എതിരാളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.