വാഹന വില കൂട്ടുമെന്ന് കൂടുതൽ കമ്പനികൾ; മാരുതി നാലു ശതമാനം വരെ വില കൂട്ടും
text_fieldsന്യൂഡൽഹി: പുതുവർഷത്തിൽ രാജ്യത്ത് വാഹനങ്ങളുടെ വില വർധിക്കുമെന്ന് ഉറപ്പായി. ജനുവരി ഒന്നു മുതൽ വില വർധിപ്പിക്കുമെന്ന് മാരുതി സുസുക്കി, മഹീന്ദ്ര, എം.ജി മോട്ടോർ തുടങ്ങിയ പ്രമുഖ കമ്പനികൾ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ഹ്യൂണ്ടായിയും വില കൂട്ടുമെന്ന് അറിയിച്ചിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി വിവിധ മോഡൽ കാറുകൾക്ക് നാലു ശതമാനം വരെ വില കൂട്ടുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിർമാണ ചെലവിലും കടത്തുകൂലിയിലുമുണ്ടായ വർധനവും പണപ്പെരുപ്പം കാരണം വിനിമയ നിരക്കിലെ മാറ്റവുമാണ് വില വർധനക്ക് കാരണമായി പറയുന്നത്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര അവരുടെ എസ്.യു.വി മോഡലുകൾക്കും വാണിജ്യ വാഹനങ്ങൾക്കും മൂന്നു ശതമാനം വരെ വർധനയാണ് പ്രഖ്യാപിച്ചത്. ജെ.എസ്. ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യയും മൂന്നു ശതമാനം കൂട്ടും.
കഴിഞ്ഞദിവസം ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ജനുവരി ഒന്നുമുതൽ അവരുടെ വാഹനങ്ങൾക്ക് 25,000 രൂപ വരെ വില കൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
മെഴ്സിഡസ് ബെൻസ്, ബി.എം.ഡബ്ല്യു, ഔഡി തുടങ്ങിയ ആഡംബര കാർ നിർമാതാക്കളും ജനുവരി മുതൽ വില കൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റു വാഹന നിര്‍മാതാക്കളും വരുംദിവസങ്ങളിൽ നിരക്ക് വര്‍ധന പ്രഖ്യാപിക്കുമെന്നാണ് വിവരം. വിവിധ കമ്പനികൾ ഏതൊക്കെ മോഡലുകള്‍ക്ക് എത്ര രൂപ വീതം വര്‍ധിപ്പിക്കുമെന്ന വിശദാംശങ്ങളും ഉടൻ പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.